Latest Videos

നെയ്മർക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരത്തിനും അടുത്ത മത്സരം നഷ്ടമാകും; ബ്രസീലിന് ആശങ്കയേറുന്നു

By Jomit JoseFirst Published Nov 25, 2022, 9:59 PM IST
Highlights

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നെയ്മറെയും ഡാനിലോയേയും എംആർഐ സ്കാനിംഗിന് വിധേയരാക്കി

ദോഹ: ഖത്തറില്‍ ഫിഫ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂ. പരിക്ക് ബ്രസീല്‍ ടീം ക്യാമ്പില്‍ കനത്ത ആശങ്ക വിതയ്ക്കുകയാണ്. ഇതിഹാസ താരം നെയ്മർക്ക് പിന്നാലെ പ്രതിരോധ താരം ഡാനിലോയ്ക്കും സ്വിറ്റ്സ‍ർലൻഡിനെതിരായ കാനറികളുടെ അടുത്ത മത്സരം നഷ്ടമാകും. സെർബിയക്കെതിരായ മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. 

'വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നെയ്മറെയും ഡാനിലോയേയും എംആർഐ സ്കാനിംഗിന് വിധേയരാക്കി. ഇരുവരുടെയും കാല്‍ക്കുഴയിലെ ലിഗമെന്‍റിന് പരിക്കുണ്ട്. അടുത്ത മത്സരം എന്തായാലും നെയ്മർക്കും ഡാനിലോയ്ക്കും നഷ്ടമാകും. വീണ്ടും ലോകകപ്പില്‍ കളിക്കുന്നതിനായി ഇരു താരങ്ങളും ചികില്‍സയ്ക്ക് വിധേയരാകും' എന്നും ബ്രസീലിയന്‍ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ വ്യക്തമാക്കിയതായി വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സെർബിയന്‍ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗില്‍ പരിക്കേറ്റ നെയ്മർ 10 മിനുറ്റ് മൈതാനത്ത് തുടർന്ന ശേഷം 79-ാം മിനുറ്റില്‍ കളംവിടുകയായിരുന്നു. 

മത്സരത്തില്‍ ഒന്‍പത് തവണ ഫൗളിന് വിധേയനായ നെയ്മർ മുടന്തിയാണ് ഡ​ഗൗട്ടിലേക്ക് മടങ്ങിയത്. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഫൗള്‍ ചെയ്യപ്പെട്ട താരം നെയ്മറാണ്. നെയ്മർ ലോകകപ്പില്‍ തുടർന്നും കളിക്കും എന്ന പ്രതീക്ഷ ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെ മത്സര ശേഷം പങ്കുവെച്ചിരുന്നു. നെയ്മർക്ക് സമാനമായി ഡാനിലോയും പരിക്കേറ്റ ശേഷം മൈതാനത്ത് മുടന്തി കളിക്കുന്നത് കാണാമായിരുന്നു. 

ഗ്രൂപ്പ് ജിയില്‍ ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്ക് നെയ്മറുടെയും ഡാനിലോയുടേയും പരിക്ക് തിരിച്ചടിയാവും. ടീമില്‍ പകരക്കാർ ഏറെയുണ്ടെങ്കിലും അറ്റാക്കിംഗ് മിഡ്‍ഫീള്‍ഡറും പ്ലേമേക്കറുമായി കളിക്കുന്ന നെയ്മറുടെ അഭാവം നികത്താന്‍ ടിറ്റെ പാടുപെടും. സ്വിറ്റ്സർലന്‍ഡിന് പിന്നാലെ കാമറൂണുമായും ബ്രസീലിന് മത്സരം അവശേഷിക്കുന്നുണ്ട്. 28-ാം തിയതിയാണ് സ്വിസിനെതിരായ മത്സരം. 

ബ്രസീലിന് കനത്ത തിരിച്ചടി; സുല്‍ത്താന്‍ നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

click me!