ഓഫ്‌സൈഡിനും ഒരു പരിധിയില്ലേ; അര്‍ജന്‍റീനയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

By Jomit JoseFirst Published Nov 22, 2022, 9:20 PM IST
Highlights

സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ ഏഴ് ഓഫ്‌സൈഡുകള്‍ അര്‍ജന്‍റീനയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു

ദോഹ: ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയം ഇന്ന് സാക്ഷിയായത്. അര്‍ജന്‍റീന എന്ന മുന്‍ ലോക ചാമ്പ്യന്‍മാരുടെ ഫുട്ബോള്‍ ചരിത്രത്തില്‍ എന്നെന്നും നീറുന്നൊരു മുറിവ്. ആരും കാര്യമായ പരിഗണന നല്‍കാതിരുന്ന സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളിന് സാക്ഷാല്‍ ലിയോണല്‍ മെസിയെയും സംഘത്തേയും അട്ടിമറികളുടെ ചരിത്രത്തിലേക്ക് നിഷ്‌കരുണം തള്ളിവിടുകയായിരുന്നു. ഇതോടെ ഒരു നാണക്കേടിന്‍റെ റെക്കോര്‍ഡും അര്‍ജന്‍റീനയ്ക്ക് സ്വന്തമായി. 

സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ ഏഴ് ഓഫ്‌സൈഡുകള്‍ അര്‍ജന്‍റീനയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതില്‍ മൂന്നെണ്ണം ഗോളവസരങ്ങളായിരുന്നു എന്നതും മത്സരഫലത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ നാല് ലോകകപ്പുകളില്‍ ഒരു മത്സരത്തിന്‍റെ ഹാഫ്‌ടൈമിനിടെ ഏറ്റവും കൂടുതല്‍ ഓഫ്‌സൈഡുകള്‍ വഴങ്ങിയ ടീമെന്ന നാണക്കേട് സൗദിക്കെതിരായ മത്സരത്തോടെ അര്‍ജന്‍റീനയുടെ പേരിലായി. 

മത്സരത്തില്‍ 70 ശതമാനം പന്ത് കാല്‍ക്കല്‍ വച്ചിട്ടും ടാര്‍ഗറ്റിലേക്ക് ആറ് ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും ഒരെണ്ണം മാത്രമാണ് അര്‍ജന്‍റീനയ്ക്ക് വലയിലെത്തിക്കാനായത്. മറുവശത്ത് ടാര്‍ഗറ്റിലേക്കുള്ള രണ്ട് ഷോട്ടുകളും സൗദി താരങ്ങള്‍ ഗോളുകളാക്കി മാറ്റി. സൗദിയുടെ പാസുകളുടെ എണ്ണം 264ല്‍ ഒതുങ്ങിയപ്പോള്‍ അര്‍ജന്‍റീനയുടേത് 596 ആയിരുന്നു. മത്സരത്തിലാകെ അര്‍ജന്‍റീന 10 ഓഫ്സൈഡുകള്‍ വഴങ്ങിയപ്പോള്‍ സൗദിയുടെ പേരില്‍ ഒന്ന് മാത്രമേയുള്ളൂ. ഏറ്റവും കൂടുതല്‍ ഫൗളും(21), മഞ്ഞക്കാര്‍ഡുകളും(6) സൗദി താരങ്ങള്‍ക്കായി. അര്‍ജന്‍റീനന്‍ താരങ്ങളാരും കാര്‍ഡ് കണ്ടില്ല. 

സൗദിയുടെ തിരിച്ചുവരവില്‍ വീണ മെസിപ്പട 

ഫുട്ബോള്‍ ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച അട്ടിമറിയാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്നത്. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായി സൗദിയുടേത്. സൗദി ഗോളി അല്‍ ഒവൈസിക്ക് മുന്നിലാണ് അര്‍ജന്‍റീന അടിയറവുപറഞ്ഞത്. മത്സരത്തിന് കിക്കോഫായി പത്താം മിനുറ്റില്‍ മുന്നിലെത്തിയ അര്‍ജന്‍റീന 2-1ന്‍റെ തോല്‍വി സൗദി അറേബ്യയോട് വഴങ്ങുകയായിരുന്നു. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. 48, 53 മിനുറ്റുകളിലായിരുന്നു സൗദിയുടെ മടക്ക ഗോളുകള്‍. ഇതിലെ സലീമിന്‍റെ രണ്ടാം ഗോള്‍ ഏറെ ശ്രദ്ധേയമായി. 

അടുത്ത മുട്ടന്‍ പണി; ഡെന്‍മാര്‍ക്കിന് ടുണീഷ്യയുടെ സമനിലപ്പൂട്ട്

click me!