അവസാന നിമിഷം നെതര്‍ലന്‍ഡ്‌സിന്‍റെ ഫ്രീകിക്ക് ബുദ്ധി; മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക്

By Jomit JoseFirst Published Dec 10, 2022, 2:40 AM IST
Highlights

ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ ആദ്യ മിനുറ്റുകളില്‍ നെതര്‍ലന്‍ഡ്‌സ് ടീം ആക്രമണത്തില്‍ മുന്നിട്ടുനിന്നു

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ അവസാന നിമിഷം വിറപ്പിച്ച് നെതര്‍ലന്‍ഡ്. 90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്ന നെതര്‍ലന്‍ഡ്‌സ് രണ്ട് മിനുറ്റിനുള്ളില്‍ സമനില ഗോള്‍ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടിരിക്കുകയാണ്. ഇരു ടീമുകളും 2-2ന് സമനിലയില്‍ നില്‍ക്കുന്നു. മഞ്ഞക്കാര്‍ഡുകളുടെ പ്രളയവും ഇരു ടീമുകളുടേയും വീറും പോരുമായി മത്സരം ആവേശമായിരിക്കുകയാണ്. 

മാജിക്കല്‍ മെസി നൈറ്റ്

ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ ആദ്യ മിനുറ്റുകളില്‍ നെതര്‍ലന്‍ഡ്‌സ് ടീം ആക്രമണത്തില്‍ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്‌കോയും അടങ്ങുന്ന നെത‍ര്‍ലന്‍ഡ്‌സ് മുന്‍നിര ഇടയ്ക്കിടയ്ക്ക് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. 22-ാം മിനുറ്റില്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ 25 യാര്‍ഡ് അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. 33-ാം മിനുറ്റില്‍ ഡീ പോളിന്‍റെ ദുര്‍ബലമായ ഷോട്ട് ഗോളി പിടികൂടി. എന്നാല്‍ ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനല്‍കിയ പന്തില്‍ മൊളീന ഫിനിഷ് ചെയ്തത്. അര്‍ജന്‍റീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്.

വാട്ട് എ 'വൗട്ട്' മറുപടി

നെതര്‍ലന്‍ഡ്‌സ് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പന്തിനെ കാലുകൊണ്ട് തഴുകി നീങ്ങിയ മെസി ഒരൊറ്റ നിമിഷം ചരിഞ്ഞുള്ള നോട്ടം കൊണ്ട് മൊളീനയിലേക്ക് പന്തടയാളം കൈമാറുകയായിരുന്നു. വിര്‍ജില്‍ വാന്‍ ഡൈക്ക് എന്ന വമ്പന്‍ പ്രതിരോധക്കാരന് തരിമ്പുപോലും ഇടനല്‍കാതെ മൊളീന പന്ത് വലയിലേക്ക് പായിച്ചു. 63-ാം മിനുറ്റില്‍ മെസിയുടെ മഴവില്‍ ഫ്രീകിക്ക് ബാറിനെ തൊട്ടുരുമി കടന്നുപോയി. 72-ാം മിനുറ്റില്‍ അക്യൂനയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ആന്ദ്രേസ് നോപ്പെര്‍ട്ടിനെ വെറും നോക്കുകുത്തിയാക്കി അനായാസം മെസി വലയിലെത്തിച്ചു. 83-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ് ആദ്യ മറുപടി കൊടുത്തു. വൗട്ട് വേഹോര്‍സ്‌ടായിരുന്നു സ്കോറര്‍. ഇഞ്ചുറിടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ തന്ത്രപരമായി ഫ്രീകിക്കിലൂടെ വലകുലുക്കി വൗട്ട് നെതര്‍ലന്‍ഡ്‌സ് സമനില പിടിക്കുകയായിരുന്നു. 

Netherlands XI (3-4-1-2): Noppert; Timber, van Dijk, Aké; Dumfries, de Jong, de Roon, Blind; Gakpo; Bergwijn, Depay.

Argentina XI (3-5-2): E. Martínez; Romero, Otamendi, L. Martínez; Molina, De Paul, E. Fernández, Mac Allister, Acuña; Messi, Álvarez.

ഖത്തറില്‍ കാനറിക്കണ്ണീര്‍; ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ സെമിയില്‍, ഗോളി ഹീറോ

click me!