ഇന്നെന്താ വിഷുവാണോ, പടക്കമൊക്കെ പൊട്ടുന്നുണ്ടല്ലോ! കൊറിയക്ക് മേൽ ആറാടി ബ്രസീൽ, ​ഗോളടി മേളം

By Web TeamFirst Published Dec 6, 2022, 1:20 AM IST
Highlights

ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ​ഗോൾ നേടിയത്. ലോകകപ്പിലെ ​ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ബ്രസീലിന്റെ അതിവേ​ഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്.

ദോഹ: വിറപ്പിക്കാൻ എത്തിയവരുടെ ആത്മവിശ്വാസത്തെ തവിടുപൊടിയാക്കി ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ബ്രസീലിന്റെ വമ്പൻ മുന്നേറ്റം. ദ​ക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ എതിരില്ലാത്ത നാല് ​ഗോളുകൾക്കാണ് കാനറികൾ മുന്നിൽ നിൽക്കുന്നത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ​ഗോൾ നേടിയത്. ലോകകപ്പിലെ ​ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ബ്രസീലിന്റെ അതിവേ​ഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്.

ഹൈ പ്രസിം​ഗിന് പോകാതെ, പ്രതിരോധത്തിൽ വിള്ളലുകൾ വരാതെ മുൻകരുതൽ സ്വീകരിക്കുകയായിരുന്നു ദക്ഷിണ കൊറിയ. എന്നാൽ, ബ്രസീലിന്റെ കനത്ത ആക്രമണത്തെ പിടിച്ച് നിർത്താൻ അതൊന്നും പോരായെന്ന് കൊറിയൻ സംഘത്തിന് അധികം വൈകാതെ മനസിലായി. ഏഴാം മിനിറ്റിൽ തന്നെ കാനറികൾ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്സിന്റെ വലതുഭാ​ഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് നടുഭാ​ഗത്തെ കൂട്ടിയിടികൾക്കൊടുവിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന വിനീഷ്യസിലേക്കാണ് എത്തിയത്. ആവശ്യത്തിന് സമയം ലഭിച്ച റയൽ മാഡ്രി‍‍ഡ‍് താരം അതി സുന്ദരമായി ലക്ഷ്യം ഭേദിച്ചു. 

10-ാം മിനിറ്റിൽ കൊറിയയുടെ എല്ലാ സ്വപ്നങ്ങളും തകർത്ത് കൊണ്ട് റിച്ചാർലിസണെ വീഴ്ത്തിയതിന് പെനാൽറ്റി വിധിക്കപ്പെട്ടു. പന്തിൽ ഒരു ഉമ്മ നൽകി കൊണ്ട് ദക്ഷിണ കൊറിയൻ ​ഗോളിയുടെ സകല അടവുകളെയും നിസാരമാക്കി നെയ്മർ ഖത്തർ ലോകകപ്പിലെ തന്റെ ആദ്യ ​ഗോൾ പേരിലെഴുതി. മനോഹരമായി ഒഴുകുന്ന സാംബ സം​ഗീതത്തിന് മുന്നിൽ അങ്ങനെയൊന്നും മുട്ടുമടക്കില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടാണ് ദക്ഷിണ കൊറിയ പൊരുതിയത്. 16-ാം മിനിറ്റിൽ വാം​ഗ് ഹീ ചാന്റെ കാലിൽ നിന്ന് പറന്ന ലോം​ഗ് ഷോട്ട് ബ്രസീലിയൻ ​ഗോൾ കീപ്പർ അലിസണെ നന്നേ കഷ്ടപ്പെടുത്തി കളഞ്ഞു.

പന്ത് കൈവശം ഉള്ളപ്പോൾ മൂന്നോ നാലോ താരങ്ങൾ വരെ മുന്നോട്ട് കയറി ഒരു ​ഗോൾ മടക്കാനുള്ള നിരന്തര ശ്രമം കൊറിയൻ നിര തുടർന്നു. എന്നാൽ, ത്രില്ലർ സിനിമകളുടെ ആശാന്മാരായ കൊറിയക്കാരെ ഫുട്ബോളിന്റെ താളം ഒരിക്കൽ കൂടെ കാനറികൾ പഠിപ്പിച്ചു. ഇത്തവണ മാർക്വീഞ്ഞോസ് - തിയാ​ഗോ സിൽവ - റിച്ചാർലിസൺ എന്നിവരുടെ പാസിം​ഗ് മികവാണ് ​ഗോളിൽ കലാശിച്ചത്.

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് കൊറിയൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി കയറിപ്പോയ റിച്ചാർലിസൺ ബ്രസീലിന്റെ മൂന്നാം ​ഗോൾ സ്വന്തമാക്കി. ഇതോടെ മാനസികമായി കൊറിയ അമ്പേ തകർന്നു. ആവേശത്തിലായ ബ്രസീൽ ​ഗോൾ മേളം ആസ്വദിക്കാനുള്ള മൂഡിൽ തന്നെയായിരുന്നു. 36-ാം മിനിറ്റിൽ പക്വേറ്റയിലൂടെ നാലാം ​ഗോളും വന്നു. വിനീഷ്യസിന്റെ ബോക്സിന്റെ ഇടത് ഭാ​ഗത്ത് നിന്ന് വന്ന ചീക്കി പാസിലേക്ക് ഓടിയെത്തിയ പക്വേറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് കാൽ വയ്ക്കേണ്ടി മാത്രമാണ് വന്നത്. കൂടുതലൊന്നും സംഭവിക്കും മുമ്പ് ഹാഫ് ടൈം വിസിൽ മുഴങ്ങിയത് ദക്ഷിണ കൊറിയക്ക് ആശ്വസമായി.

ഖത്തര്‍ അത്ഭുതമാകുന്നത് ഇങ്ങനെയും! ബ്രസീല്‍ - കൊറിയ പോര് 974 സ്റ്റേഡിയത്തിന് അവസാന മത്സരം, ഇതിന് ശേഷം...

click me!