മറക്കാന്‍ പറ്റുവോ! മെസിക്കരികെ മറഡോണയ്ക്ക് കട്ടൗട്ടൊരുക്കി പോരൂരിലെ ആരാധകർ

By Jomit JoseFirst Published Nov 25, 2022, 7:28 PM IST
Highlights

ലോകകപ്പ് ആവേശത്തിനൊപ്പം കേരളമാകെ കട്ടൗട്ടുകളും ഫ്ലക്സുകളും നിറയുമ്പോള്‍ മറഡോണയെ മറക്കാന്‍ പറ്റില്ല അർജന്‍റീന ആരാധകർക്ക്

മലപ്പുറം: ഫുട്ബോളിലെ ഒരേയൊരു ദൈവം ഡീഗോ മറഡോണയുടെ രണ്ടാം ചരമവാർഷികമാണിന്ന്. ലോക ഫുട്ബോളിനെ തന്‍റെ കുറിയ കാലുകളില്‍ നിയന്ത്രിച്ച എക്കാലത്തെയും മികച്ച താരമില്ലാത്ത ആദ്യ ലോകകപ്പ് ഖത്തറില്‍ പുരോഗമിക്കുന്നു. മറഡോണയെന്ന മനുഷ്യനെ മണ്‍മറഞ്ഞിട്ടുള്ളൂ, അദേഹത്തിലെ ഫുട്ബോളർക്ക് എക്കാലവും ജീവനുണ്ട് എന്നാണ് ആരാധകരുടെ വിശ്വാസം. ഖത്തറിന്‍റെ ഗ്യാലറികളില്‍ ആവേശക്കൊടുങ്കാറ്റ് തീർക്കാന്‍ ഫുട്ബോള്‍ ദൈവം ഇല്ലെങ്കിലും ലോകകപ്പ് ആവേശങ്ങളില്‍ ഗോളാഘോഷം മുഴക്കുന്ന മറഡോണ ഇപ്പോഴും ജീവനോടെയുണ്ട്. 

മെസിയും നെയ്മറും റൊണാള്‍ഡോയും എംബാപ്പെയും അരങ്ങുവാഴുന്ന ഖത്തർ ലോകകപ്പിലും മറഡോണയുടെ ഓർമ്മകളുണ്ട്. ലോകകപ്പ് ആവേശത്തിനൊപ്പം കേരളമാകെ കട്ടൗട്ടുകളും ഫ്ലക്സുകളും നിറയുമ്പോള്‍ മറഡോണയെ മറക്കാന്‍ പറ്റില്ല അർജന്‍റീന ആരാധകർക്ക്. മലപ്പുറം വണ്ടൂരിലെ പോരൂർ കോട്ടക്കുന്നിലാണ് 23 അടി ഉയരത്തില്‍ മറഡോണയുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. അർജന്‍റീന ഫാന്‍സ് പോരൂർ കോട്ടക്കുന്നാണ് ഇതിന്‍റെ അണിയറക്കാർ. കട്ടൗട്ടിന് 15000 രൂപ ചിലവായി. ഖത്തറിലേത് മറഡോണയില്ലാത്ത ആദ്യ ലോകകപ്പായതിനാലും മറഡോണയെന്ന ഫുട്ബോള്‍ ദൈവത്തിന് ഒരിക്കലും മരണമില്ല എന്നതിനാലുമാണ് കട്ടൗട്ട് ഉയർത്തിയതെന്ന് പോരൂരിലെ അർജന്‍റീന ആരാധകർ പറയുന്നു. 

അർജന്‍റീനയുടെ എക്കാലത്തെയും മികച്ച താരമായ മറഡോണയ്ക്ക് ഉചിതമായ ബഹുമതിയാണ് ഇതെന്ന് കട്ടൗട്ടിന് പിന്നില്‍ പ്രവർത്തിച്ച ശിബില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പോരൂരിലെ ക്ലബിലിരുന്നാണ് അർജന്‍റീന ആരാധകർ പ്രിയ ടീമിന്‍റെ മത്സരങ്ങള്‍ കാണുന്നത്. ആദ്യ അങ്കത്തില്‍ ലിയോണല്‍ മെസിയുടെ അർജന്‍റീന സൗദി അറേബ്യയോട് അട്ടിമറി തോല്‍വി വഴങ്ങിയത് ഞെട്ടിച്ചുകളഞ്ഞെന്നും ശിബില്‍ വ്യക്തമാക്കി. വരും മത്സരങ്ങളില്‍ എന്തായാലും മെസിപ്പട തിരിച്ചുവരും എന്ന പ്രതീക്ഷ ഇവിടുത്തെ ആരാധകർക്കുണ്ട്. ഫുട്ബോള്‍ ദൈവം മറഡോണയുടെ അരികെ മിശിഹാ ലിയോണല്‍ മെസിയുടെ 33 അടിയുള്ള കട്ടൗട്ടും പോരൂരിലെ അർജന്‍റീന ആരാധകർ സ്ഥാപിച്ചിട്ടുണ്ട്. 

ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി വാഴ്‌ത്തപ്പെടുന്ന അർജന്‍റീനന്‍ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25ന് കായികലോകത്തോട് വിടപറയുകയായിരുന്നു. അറുപത് വയസുകാരനായിരുന്ന ഇതിഹാസ ഫുട്ബോളര്‍ ഇതിന് രണ്ടാഴ്ച്ച മുമ്പ് തലച്ചോറിലെ ശസ്‌ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ കണ്ണീരിലാഴ്‌ത്തി അദേഹത്തിന്‍റെ മരണവാര്‍ത്ത പുറത്തുവരികയായിരുന്നു. നാല് ഫുട്ബോള്‍ ലോകകപ്പുകള്‍ കളിച്ച മറഡോണ 1986ല്‍ കിരീടമുയർത്തി. 1986ലെ ലോകകപ്പ് വേദിയിലാണ് നൂറ്റാണ്ടിന്‍റെ ഗോളും ദൈവത്തിന്‍റെ കൈ പതിഞ്ഞ ഗോളും പിറന്നത്.

ആകാശനീലിമയിലെ സൂര്യാസ്തമയത്തിന് രണ്ടാണ്ട്, ആരവങ്ങളില്ലാത്ത നിത്യതയില്‍ മറഡോണ

click me!