
കൊച്ചി: ഫുട്ബോൾ ലഹരിയാകരുത് എന്ന സമസ്‌തയുടെ ആഹ്വാനത്തിനിടെ ഫുട്ബോളാണ് ലഹരി എന്ന പ്രചാരണവുമായി കളമശ്ശേരി പൊലീസ്. കലയും കായിക മത്സരങ്ങളുമാകണം യുവാക്കളുടെ ലഹരി എന്നാണ് ഈ പൊലീസുകാരുടെ സന്ദേശം. കളമശ്ശേരി പൊലീസിന്‍റെ ഏറെ വ്യത്യസ്തമായ ഈ ലഹരിവിരുദ്ധ ക്യാംപയിന്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ഫുട്ബോൾ ആവേശം നാട്ടിൽ പടർന്നതോടെയാണ് ലഹരിവിരുദ്ധ സന്ദേശത്തിന് ഇത് തന്നെ അവസരമെന്ന് കളമശ്ശേരി സ്റ്റേഷനിലെ പൊലീസുകാർ തീരുമാനിച്ചത്. ഒട്ടും വൈകിയില്ല, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങിയിരുന്ന കളി ആവേശം അവർ തുറന്ന് വിട്ടു. ഞൊടിയിടയിൽ ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകൾ തയ്യാറാക്കി. മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ ഇവിടുണ്ട്. മൂന്ന് കട്ടൗട്ടുകള്‍ക്ക് താഴെയും കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ആരാധകക്കൂട്ടായ്‌മ എന്നൊഴുതിയിരിക്കുന്നത് കാണാം. ജോലിത്തിരക്കിനിടയിൽ എല്ലാ മത്സരങ്ങളും കാണാൻ കഴിയില്ലെങ്കിലും ലോകകപ്പിന്‍റെ ചൂടൻ ചർച്ചകൾക്കും ഇവിടെയും കുറവില്ല.
പൊലീസുകാർക്കിടയിൽത്തന്നെ ബ്രസീൽ ഫാൻസും മെസി ആരാധകരും ഏറെ. അധികം ആരാധകരില്ലാത്ത ചെറു ടീമുകൾക്ക് കയ്യടിക്കാനും പൊലീസുകാർക്കിടയിൽ ആളുണ്ട്. ഫുട്ബോളാണ് ലഹരി പ്രചാരണത്തിന്‍റെ ഭാഗമായി ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാനും ഇവർക്ക് പദ്ധതിയുണ്ട്.
ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മിറ്റി നിർദേശം സംസ്ഥാനത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. സമസ്തയുടെ നിര്‍ദേശത്തിനെതിരെ നവ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയർന്നിരുന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ട കായികപ്രേമികൾ ഒന്നടങ്കം വിമർശനവുമായി രംഗത്തുവന്നു. സമസ്തയുടെ നിലപാട് തള്ളി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!