ബ്രസീലിന്‍റെ കുന്തമുനയായി നെയ്‌മര്‍ തിരിച്ചുവരുമെന്ന് വി ശിവന്‍കുട്ടി; ഒന്നൊന്നര വരവായിരിക്കുമെന്ന് ആരാധകര്‍

By Jomit JoseFirst Published Nov 26, 2022, 9:34 AM IST
Highlights

 പരിക്കുപറ്റി 10 മിനുറ്റിന് ശേഷം മുടന്തി ബ്രസീലിയന്‍ താരം കളംവിടുകയായിരുന്നു

ദോഹ: ഖത്തര്‍ ലോകകപ്പിനിടെ ബ്രസീലിന് കനത്ത ആശങ്കയായിരിക്കുകയാണ് സൂപ്പ‍ര്‍ താരം നെയ്‌മറുടെ പരിക്ക്. സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരായ അടുത്ത മത്സരം നെയ്‌മര്‍ക്ക് നഷ്ടമാകുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. അതിന് ശേഷമുള്ള മത്സരങ്ങളില്‍ നെയ്‌മര്‍ തിരിച്ചെത്തുമോ എന്ന് വ്യക്തമായിട്ടില്ല. എങ്കിലും ബ്രസീല്‍ ടീമിന്‍റെ കുന്തമുനയായി നെയ്‌മര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിന്‍റെ കടുത്ത ആരാധകനായ മന്ത്രി വി ശിവന്‍കുട്ടി. 

ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെർബിയന്‍ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗിലാണ് നെയ്മറുടെ കാല്‍ക്കുഴയ്ക്ക് കാര്യമായ പരിക്കേറ്റത്. പരിക്കുപറ്റി 10 മിനുറ്റിന് ശേഷം മുടന്തി ബ്രസീലിയന്‍ താരം കളംവിടുകയായിരുന്നു. നെയ്‌മറുടെ കണങ്കാലിന് നീര് വന്നതിന്‍റെ ചിത്രങ്ങള്‍ പിന്നാലെ പുറത്തുവന്നിരുന്നു. നീര് കുറയ്ക്കാന്‍ ഐസ് പാക്ക് അടക്കമുള്ള പ്രാഥമിക ചികില്‍സ താരത്തിന് ഡഗൗട്ടില്‍ നല്‍കിയിരുന്നെങ്കിലും സാരമുള്ള പരിക്കാണ് താരത്തിനേറ്റത് എന്നാണ് സൂചനകള്‍. മത്സര ശേഷം നെയ്‌മറെ എംആർഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. നെയ്‌മർക്ക് പുറമെ പ്രതിരോധ താരം ഡാനിലോയ്ക്കും സ്വിറ്റ്സർലന്‍ഡിന് എതിരായ മത്സരം നഷ്ടമാകും. ഇരുവരുടെയും കാല്‍ക്കുഴയിലെ ലിഗമെന്‍റിന് പരിക്കുണ്ട് എന്നാണ് ടീം ഡോക്‌ടര്‍ റോഡ്രിഗോ ലാസ്‌മറിന്‍റെ അറിയിപ്പ്. 

ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്. ഇതിന് പിന്നാലെ കാമറൂണുമായും ബ്രസീലിന് മത്സരമുണ്ട്. സെര്‍ബിയക്കെതിരായ മത്സരത്തില്‍ ഒന്‍പത് തവണയാണ് നെയ്‌മര്‍ ഫൗളിന് വിധേയനായത്. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഫൗള്‍ ചെയ്യപ്പെട്ട താരം നെയ്മറാണ്. ടീമില്‍ പകരക്കാർ ഏറെയുണ്ടെങ്കിലും അറ്റാക്കിംഗ് മിഡ്‍ഫീള്‍ഡറും പ്ലേമേക്കറുമായി കളിക്കുന്ന നെയ്മറുടെ അഭാവം നികത്താന്‍ ടിറ്റെ പാടുപെടും. 28-ാം തിയതിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീലിന്‍റെ അടുത്ത മത്സരം. 

വീണ്ടുമൊരു ലോകകപ്പ് കണ്ണീർ, പക്ഷേ തിരിച്ചുവരും; ആരാധകരെ കരയിക്കുന്ന കുറിപ്പുമായി നെയ്മർ

click me!