
ദോഹ: ഖത്തര്‍ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഇംഗ്ലണ്ടും ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങും. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ പോളണ്ടാണ് ഫ്രാൻസിന്‍റെ എതിരാളികൾ. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് സിയിൽ രണ്ടാമതായാണ് പോളണ്ട് അവസാന പതിനാറിലേക്ക് കടന്നത്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാത്രി പന്ത്രണ്ടരയ്ക്ക് ഇംഗ്ലണ്ട്, ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെയാണ് നേരിടുക.
ഒരു തോൽവി പോലുമില്ലാതെയാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടം കടന്നത്. എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനവുമായാണ് സെനഗൽ നോക്കൗട്ട് റൗണ്ടിലെത്തിയത്. ടൂണേഷ്യയോട് അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന്‍റെ ഞെട്ടലിലാണ് ഫ്രാന്‍സ് വരുന്നത്. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയെയും അന്‍റോണിയോ ഗ്രീസ്‌മാനെയും ഉസ്മാന്‍ ഡെംബലെയുമെല്ലാം കരക്കിരുത്തി കളിക്കാനിറങ്ങിയ ഫ്രാന്‍സിനെ ടുണീഷ്യ ഞെട്ടിക്കുകയായിരുന്നു.
എന്നാല്‍, ടൂണേഷ്യ വിജയത്തിലേക്ക് നീങ്ങിയതോടെ സൂപ്പര്‍ താര നിരയെ ഇറക്കിയിട്ടും തോല്‍വി ഒഴിവാക്കാന്‍ ഫ്രാന്‍സിന് സാധിച്ചില്ല. മറുവശത്ത് അര്‍ജന്‍റീനയോട് അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങി തന്നെയാണ് പോളണ്ടും എത്തുന്നത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവസ്കിയില്‍ തന്നെയാണ് രാജ്യത്തിന്‍റെ എല്ലാ പ്രതീക്ഷകളും. ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ചുരുക്കം ടീമുകളില്‍ ഒന്നാണ് ഇംഗ്ലണ്ട്. യുഎസ്എയുമായി സമനില വഴങ്ങിയത് ഒഴിച്ചാല്‍ താരനിരയുടെ അതിപ്രസരമുള്ള ഇംഗ്ലീഷ് പട അനായാസമാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്.
നെതര്‍ലാന്‍ഡ്സിന് മുന്നില്‍ പതറിയെങ്കിലും ആതിഥേയരായ ഖത്തറിനെയും ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെയും പരാജയപ്പെടുത്തിയാണ് സെനഗല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറുപ്പിച്ചത്. ഇതിനകം അര്‍ജന്‍റീന, നെതര്‍ലാന്‍ഡ്സ് ടീമുകളാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. യുഎസ്എയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡച്ച് നിര തോല്‍പ്പിച്ചപ്പോള്‍ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്‍റീന മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!