Asianet News MalayalamAsianet News Malayalam

എതിര്‍ ടീമിലെ 9 താരങ്ങളും ബോക്സില്‍, ഒപ്പം ഗോളിയും; 'അട്ടയുടെ കണ്ണ് കണ്ടവനായി' മിശിഹ, കവിത പോലൊരു ഗോള്‍

പതിവിലും ശാന്തനായിരുന്നു ലിയോണൽ മെസി. നോക്കൗട്ടിൻറെ സമ്മർദമോ അർജൻന്‍റൈന്‍ പ്രതീക്ഷകളുടെ ഭാരമോ ആയിരാമത്തെ മത്സരത്തിന്‍റെ പിരിമുറുക്കമോ ആ മുഖത്തുണ്ടായിരുന്നില്ല.

fifa world cup 2022 messi wonder ful goal against australia
Author
First Published Dec 4, 2022, 8:13 AM IST

ദോഹ: എന്തൊരു അഴകാണ്... ഈ മനുഷ്യന്‍റെ കളിയഴകിനെ എങ്ങനെയാണ് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാവുക. ഖത്തര്‍ ലോകകപ്പില്‍ തന്‍റെ പ്രതിഭ മുഴുവന്‍ പുറത്തെടുത്തപ്പോള്‍ ഒരിക്കൽക്കൂടി അർജന്‍റീനയുടെ രക്ഷകനായി ലിയോണൽ മെസി. കളിച്ചും കളിപ്പിച്ചും കളിക്കളം വാണ മെസിയാണ് ഇത്തവണയും മാൻ ഓഫ് ദി മാച്ച്. പതിവിലും ശാന്തനായിരുന്നു ലിയോണൽ മെസി. നോക്കൗട്ടിൻറെ സമ്മർദമോ അർജൻന്‍റൈന്‍ പ്രതീക്ഷകളുടെ ഭാരമോ ആയിരാമത്തെ മത്സരത്തിന്‍റെ പിരിമുറുക്കമോ ആ മുഖത്തുണ്ടായിരുന്നില്ല.

ഖത്തറിൽ അർജന്‍റീന ലോക കിരീടമെന്ന സ്വപ്നം പൂത്ത് തളിർക്കുന്നത് ഈ മനുഷ്യന്‍റെ ഇടങ്കാലിനെ ചുറ്റിപ്പറ്റിയാണ്. ആഹ്ളാദാരവങ്ങള്‍ക്കുള്ള കാത്തിരിപ്പിന്‍റെ കെട്ടുപൊട്ടിക്കാൻ മെസിക്ക് മത്സരം തുടങ്ങി വെറും 35 മിനിറ്റേ വേണ്ടിവന്നുള്ളൂ. സൂചിക്കുഴയിലൂടെ ഒട്ടകത്തെ കടത്തുംപോലെ, മഞ്ഞക്കൂപ്പായക്കൂട്ടത്തിന് ഇടയിലൂടെ കവിത പോലെ മനോഹരമായ ഗോള്‍ പിറന്നു. ലോകകപ്പിൽ മെസിയുടെ ഒൻപതാം ഗോളാണ് ഓസ്ട്രേലിയക്കെതിരെ അടിച്ചത്.

എട്ട് ഗോൾ നേടിയ മറഡോണ ഇനി മെസിക്ക് പിന്നിലാണ്. മുന്നിലുള്ളത് പത്തു ഗോളുള്ള ബാറ്റിസ്റ്റ്യൂട്ട മാത്രം. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ മെസിയുടെ ആദ്യഗോൾ കൂടിയായിരുന്നു ഇത്. മെസിയൊരുക്കിയ അവസരങ്ങൾ സഹതാരങ്ങൾ പാഴാക്കിയില്ലായിരുന്നെങ്കിൽ അർജൻന്‍റൈന്‍ ജയത്തിന് തിളക്കം കൂടുമായിരുന്നു. മുപ്പത്തിയഞ്ചാം വയസിലും രാജ്യത്തിന്‍റെ പ്രതീക്ഷകളെയെല്ലാം ഒറ്റയ്ക്ക് ചുമലിലേറ്റുകയാണ് മെസിയെന്ന നായകൻ.

ക്ലബിലെ മികവ് രാജ്യത്തിനായി നടത്തുന്നില്ലെന്ന വിമർശങ്ങൾ എന്നേകുടഞ്ഞെറിഞ്ഞു കഴിഞ്ഞു ഫുട്ബോളിന്‍റെ മിശിഹ. സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി നേരിട്ടപ്പോൾ പോരാട്ടം അവസാനിക്കുന്നില്ല, ഈ ടീമിനെ വിശ്വസിക്കൂ എന്നായിരുന്നു മെസി പറഞ്ഞത്. ആ വാക്കുകൾ വിശ്വസിച്ചവരെ മെസ്സി നിരാശപ്പെടുത്തിയില്ല. മെസിയുടെ പോരാട്ടം തുടരുകയാണ്. ഡച്ച് പടക്കെതിരെയുള്ള ക്വാര്‍ട്ടറിനായി ഇനി അര്‍ജന്‍റീനയ്ക്ക് ആത്മവിശ്വാസത്തോടെ ഒരുങ്ങാം. 

മിശിഹാ ഖത്തറില്‍ തുടരും, അര്‍ജന്‍റീന ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ കടല്‍ കടത്തി മെസിപ്പട

Follow Us:
Download App:
  • android
  • ios