
ദോഹ: ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ഗോൾ മെഷീനാവുകയാണ് ജൂലിയൻ ആൽവാരസെന്ന ഇരുപത്തിരണ്ടുകാരൻ. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരായ ഇരട്ട ഗോളോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ലിയോണല്‍ മെസിക്കും കിലിയന്‍ എംബാപ്പെയ്ക്കും തൊട്ടുപിന്നിലെത്തി ആൽവാരസ്. എംബാപ്പെയ്ക്കും മെസിക്കും അഞ്ച് വീതവും ആല്‍വാരസിനും ജിറൂദിനും നാല് വീതവും ഗോളുകളാണുള്ളത്. ഖത്തര്‍ ലോകകപ്പില്‍ മൂന്ന് അസിസ്റ്റുകളും മെസിയുടെ പേരിലായിക്കഴിഞ്ഞു.
ക്രൊയേഷ്യയുടെ ആക്രമണത്തിൽ പതറി നിന്ന അര്‍ജന്‍റീനയ്ക്ക് ജീവവായു കിട്ടിയ നിമിഷമായിരുന്നു 33-ാം മിനുറ്റ്. തട്ടിത്തെറിച്ചുവന്ന പന്ത് സ്വന്തം ഹാഫിൽ നിന്നെടുത്ത് ജൂലിയൻ ആൽവാരസ് കുതറിയോടി. ഫിനിഷിംഗിൽ പിഴച്ചെങ്കിലും അത് പെനാൽറ്റിയിൽ കലാശിച്ചു. കിക്കെടുത്ത ലിയോണല്‍ മെസി പതിവില്‍ നിന്ന് മാറി മിന്നല്‍ ഷോട്ടിലൂടെ വല കുലുക്കി. ക്രൊയേഷ്യക്കെതിരെ 39-ാം മത്സരത്തില്‍ വീണ്ടും കണ്ടു അൽവാരസിന്‍റെ ഒറ്റയാൾ മികവ്. മൈതാനമധ്യത്തിന് അപ്പുറത്ത് നിന്ന് പന്തുമായി കുതിച്ച് ആല്‍വാരസിന്‍റെ സോളോ ഗോളായിരുന്നു ഇത്. ഒടുവിൽ 69-ാം മിനുറ്റില്‍ മെസിയുടെ അസാമാന്യ നീക്കത്തിന് പൂര്‍ണത നൽകിയ ഗോളിലൂടെ ആല്‍വാരസ് അര്‍ജന്‍റീനയുടെ പട്ടിക തികച്ചു.
ആല്‍വാരസിന് റെക്കോര്‍ഡ്
ഇതിഹാസ താരം പെലെയ്ക്ക് ശേഷം ഫിഫ ലോകകപ്പിന്‍റെ സെമി ഫൈനലിൽ ഇരട്ട ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ജൂലിയന്‍ ആൽവാരസ്. തനിക്കല്ലെങ്കിൽ മാൻ മാഫ് ദി മാച്ച് പുരസ്‌കാരം ആൽവാരസിന് അവകാശപ്പെട്ടതെന്നാണ് ലിയോണല്‍ മെസി പറയുന്നത്. മെസിക്കൊപ്പം കളിക്കണമെന്ന് ആഗ്രഹിച്ച ഒരു ഫാൻ ബോയ്ക്ക് ഇതിനപ്പുറം എന്ത് ബഹുമതി കിട്ടാൻ. മെസിയെ പൂട്ടുമ്പോൾ അവതരിക്കുന്ന ആൽവാരസിൽ ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട് ഓരോ അര്‍ജന്‍റൈൻ ആരാധകനും.
ഒടുവില്‍ മെസി തന്നെ അത് പ്രഖ്യാപിച്ചു; ഞായറാഴ്‌ച തന്‍റെ അവസാന ലോകകപ്പ് മത്സരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!