Asianet News MalayalamAsianet News Malayalam

ഒടുവില്‍ മെസി തന്നെ അത് പ്രഖ്യാപിച്ചു; ഞായറാഴ്‌ച തന്‍റെ അവസാന ലോകകപ്പ് മത്സരം

അര്‍ജന്‍റീനയുടെ നായകനും പ്രതീക്ഷയും വിശ്വാസവും എല്ലാമാണ് ലിയോണല്‍ മെസി. മെസിയാണ് അർജൻറീന എന്ന് പറയുന്നതാവും ശരി. 

FIFA World Cup 2022 final will be Lionel Messi last match in Football World Cup career
Author
First Published Dec 14, 2022, 9:18 AM IST

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യയെ തകർത്ത് ഫൈനൽ ഉറപ്പിച്ചപ്പോഴും ലിയോണൽ മെസി തന്നെയായിരുന്നു അർജൻറീനയുടെ താരം. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി ഒരിക്കൽക്കൂടി അർജൻറീനയുടെ സ്വപ്‌നങ്ങൾ ചുമലിലേറ്റി. ഞായറാഴ്‌ചത്തെ ഫൈനല്‍ ലോകകപ്പ് കരിയറിലെ തന്‍റെ അവസാന മത്സരമാകുമെന്ന് മെസി വ്യക്തമാക്കുകയും ചെയ്‌തു. 

അര്‍ജന്‍റീനയുടെ നായകനും പ്രതീക്ഷയും വിശ്വാസവും എല്ലാമാണ് ലിയോണല്‍ മെസി. മെസിയാണ് അർജൻറീന എന്ന് പറയുന്നതാവും ശരി. കളിത്തട്ടിൽ ചുറ്റുമുള്ള 10 പേരിലും നീലാകാശത്തോളം പരന്നുകിടക്കുന്ന ആരാധകരിലും പൂത്തുലയുന്നതും മെസി മാത്രം. പ്രതീക്ഷകളുടെയും വിമർശനങ്ങളുടേയും അമിതഭാരം ഇത്രയേറെ ചുമലിലേറ്റിയൊരു താരം ഫുട്ബോൾ ചരിത്രത്തിലുണ്ടാവില്ല. ഇതെല്ലാം മെസി തൻറെ കാലുകളിലേക്ക് ഊർജ്ജപ്രാവഹമാക്കി മാറ്റുമ്പോൾ അർജൻറീനയുടെ വിധിയും ഗതിയും നിശ്ചയിക്കപ്പടുന്നു. എതിരാളികളൊരുക്കുന്ന ഏത് പത്മവ്യൂഹത്തിലും വിളളലുകൾ കാണുന്ന അകക്കണ്ണും ഇടങ്കാലിൻറെ ക്യതൃതയും മെസിയെ അതുല്യ ഫുട്ബോളറാക്കുന്നു. മോഹക്കപ്പിലേക്കുള്ള ഓരോ കടമ്പയിലും മെസിയിലെ മാന്ത്രികനെയും നർത്തകനേയും കണ്ടു.

കാൽപന്ത് ലോകത്തെ മഹാപ്രതിഭയ്ക്കായി അരങ്ങുകളെല്ലാം ഒരുങ്ങുകയാണ്. ഡിസംബർ പതിനെട്ടിന് ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിലെ പൊട്ടാത്ത പൂട്ടുകൾ ഒരിക്കൽക്കൂടി പൊട്ടിച്ചാൽ മെസിയെ കാത്തിരിക്കുന്നത് ലോകകപ്പ് എന്ന അനശ്വരതയാണ്. 

ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയവുമായാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടി. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു. ആല്‍വാരസിനെ ഫൗള്‍ ചെയ്തതിനായിരുന്നു മെസിയുടെ പെനാല്‍റ്റി ഗോള്‍. 69-ാം മിനുറ്റില്‍ മെസിയുടെ ലോകോത്തര അസിസ്റ്റിലായിരുന്നു മത്സരത്തില്‍ ആല്‍വാരസിന്‍റെ രണ്ടാം ഗോള്‍. ഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ലിയോണൽ മെസിയാണ് മാന്‍ ഓഫ് ദ് മാച്ച്. 

ഇതൊക്കെ എഴുതണേല്‍ ഒരു പുതിയ ബുക്ക് വാങ്ങേണ്ടിവരും! റെക്കോര്‍ഡുകളുടെ തമ്പുരാനായി മെസി

Follow Us:
Download App:
  • android
  • ios