സുല്‍ത്താന്‍ ഗോള്‍ക്കാറ്റായാല്‍ അത് ചരിത്രമാകും; സാക്ഷാല്‍ പെലെയെ പിന്തള്ളാന്‍ നെയ്‌മര്‍

By Jomit JoseFirst Published Nov 24, 2022, 7:34 PM IST
Highlights

ബ്രസീലിന് ആറാം കനക കിരീടം സുല്‍ത്താന്‍ നെയ്‌മര്‍ നേടിക്കൊടുക്കും എന്നാണ് ആരാധകരുടെ സ്വപ്‌നം

ദോഹ: കാല്‍പന്ത് പ്രേമികളുടെ സൗന്ദര്യഭാവനകളെ ഉണര്‍ത്താന്‍ ബ്രസീല്‍ ഇന്നിറങ്ങുകയാണ്. ഖത്തര്‍ മഞ്ഞക്കടലാവാന്‍ മണിക്കൂറുകള്‍ മാത്രം. ഗ്രൂപ്പ് ജിയില്‍ ഇന്ത്യന്‍സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ സെര്‍ബിയയാണ് സുല്‍ത്താന്‍ നെയ്‌മറുടെയും സംഘത്തിന്‍റേയും എതിരാളികള്‍. ആദ്യ മത്സരങ്ങളില്‍ അര്‍ജന്‍റീനയ്ക്കും ജര്‍മനിക്കും കാലിടറിയ ലോകകപ്പില്‍ കാനറിപ്പട വിജയത്തുടക്കം നേടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. നെയ്‌മര്‍ തന്നെയാണ് ബ്രസീലിന്‍റെ ശ്രദ്ധാകേന്ദ്രം. 

ബ്രസീലിന് ആറാം കനക കിരീടം സുല്‍ത്താന്‍ നെയ്‌മര്‍ നേടിക്കൊടുക്കും എന്നാണ് ആരാധകരുടെ സ്വപ്‌നം. കിരീടം മാത്രമല്ല, സാക്ഷാല്‍ പെലെയുടെ റെക്കോര്‍ഡ് കൂടി സ്വന്തമാക്കേണ്ടതുണ്ട് ലോകകപ്പില്‍ നെയ്‌മറിന്. ബ്രസീലിനായി ഏറ്റവു കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ പെലെയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ നെയ്‌മര്‍ക്ക് മൂന്ന് ഗോള്‍ കൂടി മതി. പിഎസ്‌ജിയിലെ ഫോം പരിഗണിച്ചാല്‍ നെയ്‌മര്‍ക്ക് ഇതിന് സാധിച്ചേക്കും. മഞ്ഞക്കുപ്പായത്തില്‍ പെലെ 91 മത്സരങ്ങളില്‍ 77 ഗോളുകള്‍ നേടിയപ്പോള്‍ 121 കളിയില്‍ 75 ഗോളാണ് നെയ്‌മറുടെ സമ്പാദ്യം. 98 കളിയില്‍ 62 ഗോളുകള്‍ നേടിയിട്ടുള്ള ഇതിഹാസ താരം റൊണാള്‍ഡോയെ നേരത്തെ പിന്തള്ളിയാണ് നെയ്‌മര്‍ രണ്ടാമതെത്തിയത്. 

ഈ വര്‍ഷം സെപ്‌റ്റംബറില്‍ ടുണീഷ്യക്ക് എതിരായ സൗഹൃദ മത്സരത്തിലായിരുന്നു നെയ്‌മറുടെ അവസാന രാജ്യാന്തര ഗോള്‍. മുമ്പ് രണ്ട് ലോകകപ്പുകളില്‍ കളിച്ച നെയ്‌മര്‍ ആറ് ഗോളുകള്‍ നേടി. ബ്രസീല്‍ വേദിയായ 2014ല്‍ നാലും റഷ്യ വേദിയായ 2018 ലോകകപ്പില്‍ രണ്ടും ഗോളായിരുന്നു സുല്‍ത്താന്‍റെ സമ്പാദ്യം. ഖത്തര്‍ ലോകകപ്പില്‍ കടുത്ത എതിരാളികളെയാണ് ഗ്രൂപ്പ് ജിയില്‍ ബ്രസീലിന് നേരിടേണ്ടത്. ഇന്ന് സെര്‍ബിയയെ നേരിടുന്ന കാനറിപ്പടക്ക് കാമറൂണും സ്വിറ്റ്‌സര്‍ലന്‍ഡുമാണ് മറ്റ് എതിരാളികള്‍. 

അമ്പേ വമ്പൻ ബെറ്റ്, ബ്രസീൽ തോറ്റാൽ 'ഇന്നോവ ദാ കിടക്കണ്, എടുത്തോ'; പട്ടാമ്പിയിൽ ആരാധകന്‍റെ വെല്ലുവിളി! വീഡിയോ

click me!