
ദോഹ: ഖത്തർ ലോകകപ്പിലെ യൂറോപ്യൻ പവർ ഹൗസും ലാറ്റിനമേരിക്കൻ ശക്തിയും ഏറ്റുമുട്ടുമ്പോൾ ആദ്യ പകുതി ഗോൾരഹിതം. പോർച്ചുഗീസ് ആക്രമണവും ഉറുഗ്വെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് ഗ്രൂപ്പ് എച്ചിൽ നടക്കുന്നത്. ഇരു ടീമുകളുടെയും വിരലിൽ എണ്ണാവുന്ന മികച്ച നീക്കങ്ങൾ കണ്ടെങ്കിലും കളി പലപ്പോഴും വാശിയുണർത്തുന്ന നിലയിലേക്ക് എത്തിയില്ല. 11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ അവസരം ഒരുങ്ങിയത്. കോർണറിൽ ഉറുഗ്വെ ഗിമിനസ് തലവെച്ചെങ്കിലും ക്രോസ് ബാറിന് തൊട്ട് മുകളിലൂടെ പുറത്തേക്ക് പോയി.
കളി അൽപ്പം പരുക്കനായിട്ട് തന്നെയാണ് തുടങ്ങിയത്. ഉറുഗ്വെയുടെ ബെന്റാക്വറിന് ആറാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് ലഭിച്ചു. പോർച്ചുഗലിന്റെ റൂബൻ ഡയസിന് റഫറി മുന്നറിയിപ്പും നൽകി. 17-ാം മിനിറ്റിൽ നൂനോ മെൻഡസിനെ വീഴ്ത്തിയതിന് ബോക്സിന് പുറത്ത് നിന്ന് ഫ്രീകിക്ക് ലഭിച്ചപ്പോൾ ഗാലറിയിൽ റൊണാൾഡോ എന്ന് ആർപ്പുവിളി ഉയർന്നു. എന്നാൽ, സിആർ 7ന്റെ ഷോട്ട് ഉറുഗ്വെൻ പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക് പോയി. സുന്ദരമായ പാസിംഗിലൂടെ മെച്ചപ്പെട്ട കളി പുറത്തെടുത്തത് പറങ്കിപ്പട ആയിരുന്നു.
പ്രതിരോധം പൊളിയാതിരിക്കാനുള്ള കൃത്യമായ പ്ലാനിംഗ് നടപ്പാക്കുക മാത്രമാണ് ലാറ്റിനമേരിക്കൻ സംഘം ചെയ്തിരുന്നത്. എന്നാൽ, അവസരം കിട്ടിയപ്പോൾ പന്ത് കൈവശം സാധിക്കാതെ ഉറുഗ്വെൻ താരങ്ങൾ വിഷമിച്ചു. ഇടതു വിംഗിൽ നൂനോ മെൻഡ് വന്നത് പോർച്ചുഗീസ് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. പതിയെ ബിൽഡ് നടത്തി മുന്നേറ്റം നടത്താനാണ് പോർച്ചുഗൽ ശ്രമിച്ചത്. എന്നാൽ, ബോക്സിനുള്ളിൽ അപകടകരമായ പന്തുകൾ എത്താതിരിക്കാൻ ഉറുഗ്വെൻ ഡിഫൻസ് കോട്ടക്കെട്ടി കാത്തു. പോർച്ചുഗൽ ആസ്വദിച്ച് കളിക്കുന്നതിനിടെ 32-ാം മിനിറ്റിൽ ബെന്റാക്വറിന്റെ വക ഓർമ്മപ്പെടുത്തൽ അവർക്ക് ലഭിച്ചു. സ്വന്തം ഹാഫിൽ നിന്ന് ടോട്ടനം താരം പോർച്ചുഗീസ് താരങ്ങളെ ഒരോന്നായി കബളിപ്പിച്ച ബോക്സ് വരെയെത്തി.
പോർച്ചുഗൽ ഗോൾകീപ്പർ കോസ്റ്റ മുന്നോട്ട് വന്ന് ഷോട്ട് തടുത്തില്ലായിരുന്നെങ്കിലും ഖത്തർ ലോകകപ്പിലെ തന്നെ ഉറുഗ്വെയുടെ മനോഹരമായ നിമിഷമായി അത് മാറേയനെ. ഈ നീക്കം ഉറുഗ്വെയ്ക്ക് അൽപ്പം ആത്മവിശ്വാസം നൽകി. പിന്നാലെ അൽപ്പം കൂടെ മികച്ച നിലയിൽ കളിയിലേക്ക് തിരികെ വരാൻ അവർക്ക് സാധിച്ചു. 42-ാം മിനിറ്റിൽ പരിക്കേറ്റ നൂനോയെ ഫെർണാണ്ടോ സാന്റോസിന് പിൻവലിക്കേണ്ടി വന്നു. നിറഞ്ഞ കണ്ണുകളോടെ പിഎസ്ജിയുടെ പോർച്ചുഗീസ് താരമായ നൂനോ കളം വിടുന്നത് സങ്കടകരമായ കാഴ്ചയായി. അധികം വൈകാതെ ആദ്യ പകുതിക്കും അവസാനമായി.
ഘാനയെ തോൽപ്പിച്ച മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പോർച്ചുഗൽ ഇറങ്ങിയത്. പരിക്കേറ്റ ഡാനിലോ പെരേര, ഒട്ടാവിയോ എന്നിവർക്ക് പുറമെ ഗുറൈറോയ്ക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി. പെപെ, നൂനോ മെൻഡസ്, കവാലിയോ എന്നിവരാണ് പകരം എത്തിയത്. സുവാരസും പെല്ലിസ്ട്രിയെയും അടക്കം മൂന്ന് മാറ്റങ്ങൾ ഉറുഗ്വെയും വരുത്തി. സുവാരസിന് പകരം കവാനിയാണ് മുന്നേറ്റ നിരയിൽ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!