ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ബ്രസീല്‍ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്ന് 34കാരനായ നെയ്മര്‍ സൂചിപ്പിച്ചെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അപ്പോഴും ആരാധകര്‍ക്കുണ്ടായിരുന്നു.

റിയോ ഡി ജനീറോ: ബ്രസീലിന്‍റെ മഞ്ഞക്കുപ്പായത്തിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഉറപ്പിച്ച് സൂപ്പര്‍താരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്‍റോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് വിരമിക്കൽ തീരുമാനം നെയ്മര്‍ ആവര്‍ത്തിച്ചത്. ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ബ്രസീല്‍ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്ന് 34കാരനായ നെയ്മര്‍ സൂചിപ്പിച്ചെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അപ്പോഴും ആരാധകര്‍ക്കുണ്ടായിരുന്നു.

ലോകകപ്പിന്‍റെ ഭൂരിഭാഗം മത്സരങ്ങളിലും പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്ന നെയ്മർ, നോർവെയ്ക്കെതിരായ പ്രീ-ക്വാർട്ടറിലാണ് പകരക്കാരനായി കളത്തിലിറങ്ങിയത്. അവസാന നിമിഷങ്ങളിൽ ഒരു പെനാൽറ്റി ഗോൾ നേടിയെങ്കിലും ടീമിന്‍റെ തോൽവിയും ലോകകപ്പിൽ നിന്നുള്ള പുറത്താകലും തടയാനായില്ല. ദേശീയ ടീമിനൊപ്പമുള്ള എന്‍റെ അധ്യായം അവസാനിച്ചു. ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിന്‍റെ മഞ്ഞക്കുപ്പായത്തിനായി എന്‍റെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ചശേഷം നെയ്മറുടെ പ്രതികരണം.

സാന്‍റോസ് സഹതാരങ്ങൾ വെനിസ്വേലയിൽ കളിക്കുമ്പോൾ നെയ്മർ പോക്കർ ടൂർണമെന്‍റിൽ പങ്കെടുത്തെന്ന മാധ്യമ റിപ്പോർട്ടുകൾ വലിയ വാർത്തയായിരുന്നു. യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ 4-2ന്‍റെ വിജയത്തിനിടെ ഗോൾ നേടിയ ശേഷം, കാർഡുകൾ കൈകാര്യം ചെയ്യുന്നതും കോർണർ ഫ്ലാഗ് ഉപയോഗിച്ച് ഗോൾഫ് കളിക്കുന്നതും അനുകരിച്ച് ആഘോഷിച്ചാണ് നെയ്മർ വിമർശകർക്ക് മറുപടി നൽകിയത്. ചാപെക്കോയെൻസെയ്ക്കെതിരായ 2-2 സമനിലയ്ക്ക് ശേഷം സാന്‍റോസിലെ യുവതാരങ്ങളെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകളും നെയ്മർ നിഷേധിച്ചു.

മാധ്യമങ്ങൾ അനാവശ്യമായി കഥകൾ ചമയ്ക്കുകയാണ്. സമനില വഴങ്ങിയതിൽ ടീമിന്‍റെ വീഴ്ച ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനോട് മെച്ചപ്പെട്ട പ്രകടനം ആവശ്യപ്പെടാൻ എനിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് നെയ്മർ പറഞ്ഞു. അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിച്ചതോടെ ക്ലബ്ബ് ഫുട്ബോളിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാനാണ് നെയ്മറിന്‍റെ തീരുമാനം. പെലെയെ മറികടന്ന് ബ്രസീലിന്‍റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായാണ് നെയ്മർ മഞ്ഞക്കുപ്പായമഴിക്കുന്നത്. ഒന്നിലധികം ലോകകപ്പുകളിലും കോപ്പ അമേരിക്ക ടൂർണമെന്‍റുകളിലും ബ്രസീലിനെ നയിച്ച താരം, 2016 റിയോ ഒളിമ്പിക്സിൽ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡൽ സമ്മാനിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക