ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾ; ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാമ്പ് ഖത്തറിലേക്ക് മാറ്റി

By Web TeamFirst Published May 15, 2021, 6:41 PM IST
Highlights

ഖത്തറിലേക്ക് തിരിക്കും മുമ്പ് ദില്ലിയില്‍ സമ്മേളിക്കുന്ന താരങ്ങള്‍ കൊവിഡ് പരിശോധയ്‌ക്ക് വിധേയരാവും. ബയോ-ബബിള്‍ സംവിധാനത്തിലാവും രണ്ടാഴ്‌ചത്തെ ക്യാമ്പ് നടക്കുക . 

ദില്ലി: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പ് ഖത്തറിലേക്ക് മാറ്റി. ഇന്ത്യയിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യന്‍ താരങ്ങള്‍ മെയ് 19ന് വൈകുന്നേരം ഖത്തറിലേക്ക് തിരിക്കും. ഖത്തറിലേക്ക് യാത്രയാകും മുമ്പ് ദില്ലിയില്‍ സമ്മേളിക്കുന്ന താരങ്ങള്‍ കൊവിഡ് പരിശോധയ്‌ക്ക് വിധേയരാവും. ബയോ-ബബിള്‍ സംവിധാനത്തിലാവും രണ്ടാഴ്‌ചത്തെ ക്യാമ്പ് നടക്കുക എന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

അടുത്തമാസം ഖത്തർ(ജൂണ്‍ 3), ബംഗ്ലാദേശ്(ജൂണ്‍ 7), അഫ്ഗാനിസ്ഥാൻ(ജൂണ്‍ 15) എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ. ലോകകപ്പിന് യോഗ്യത നേടുക പ്രയാസമാണെങ്കിലും 2023ലെ ഏഷ്യൻ കപ്പിനുള്ള യോഗ്യതയാണ് ഇന്ത്യയുടെ ലക്ഷ്യം. അഞ്ച് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റുമായി നാലാം സ്ഥാനക്കാരാണ് ഇന്ത്യ.  ഗ്രൂപ്പ് ഇയില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വേദിയായി ഖത്തറിനെ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നേരത്തെ നിശ്‌ചയിച്ചിരുന്നു.

പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ നേതൃത്വത്തില്‍ മെയ് രണ്ട് മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ ക്യാമ്പ് നടത്താനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. ശേഷം മെയ് 22ന് ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ക്യാമ്പിനും ഒരു സന്നാഹമത്സരത്തിനുമായി ടീം ദുബായിലേക്ക് തിരിക്കും എന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്നതിനാല്‍ ഇന്ത്യയിലെ പരിശീലന ക്യാമ്പ് റദ്ദാക്കാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. 

കൊവിഡ് പ്രതിരോധം: ഓക്‌സിജൻ കോൺസെൻട്രേറ്ററുകള്‍ എത്തിച്ച് ശിഖര്‍ ധവാന്‍; നന്ദിയറിയിച്ച് ഗുരുഗ്രാം പൊലീസ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!