കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയും ഐപിഎല്ലില്‍ നിന്നുള്ള പുരസ്‌കാര തുകകളും നേരത്തെ നല്‍കിയിരുന്നു ധവാന്‍.

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൊവിഡ് രോഗികളെ സഹായിക്കാന്‍ ഗുരുഗ്രാം പൊലീസിന് ഓക്‌സിജൻ കോൺസെൻട്രേറ്ററുകള്‍ എത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം. നേരത്തെ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയും ഐപിഎല്ലില്‍ നിന്നുള്ള പുരസ്‌കാര തുകകളും നേരത്തെ നല്‍കിയിരുന്നു ധവാന്‍.

ഓക്‌സിജൻ കോൺസെൻട്രേറ്ററുകള്‍ കൈമാറിയ ശിഖര്‍ ധവാന് ഗുരുഗ്രാം പൊലീസ് നന്ദിയറിയിച്ചു. ചെറുതെങ്കിലും, മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട് എന്ന് ശിഖര്‍ ധവാന്‍ പ്രതികരിച്ചു. സമൂഹത്തിന് നല്ല നിലയില്‍ സഹായമെത്തിക്കാന്‍ എപ്പോഴും തയ്യാറാണ് എന്നും മഹാമാരിക്കെതിരെ ഇന്ത്യ പൊരുതുമെന്നും വിജയം കാണുമെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു. 

Scroll to load tweet…

കൊവിഡ് വാക്‌സീന്‍റെ ആദ്യ ഡോസ് അടുത്തിടെ എടുത്തിരുന്നു ശിഖര്‍ ധവാന്‍. വൈറസിനെ കീഴ്‌പ്പെടുത്താന്‍ കഴിയാവുന്നത്ര വേഗത്തില്‍ വാക്‌സീന്‍ സ്വീകരിക്കണമെന്ന് ഏവരോടും അഭ്യര്‍ഥിച്ചിരുന്നു ഇന്ത്യന്‍ ഓപ്പണര്‍. 

Scroll to load tweet…

'മിഷന്‍ ഓക്‌സിജന്‍' പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ കഴിഞ്ഞ മാസം സംഭാവന ചെയ്തിരുന്നു ശിഖര്‍ ധവാന്‍. ഐപിഎല്‍ പതിനാലാം സീസണില്‍ വ്യക്തിഗത മികവിന് ലഭിച്ച സമ്മാനത്തുകകളും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ധവാന്‍ നീക്കിവച്ചിരുന്നു. 

Scroll to load tweet…

ധവാന് പുറമെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1 കോടി രൂപ), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ശ്രീവാത്‌സ് ഗോസ്വാമി(90,000 രൂപ), രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ട്(ഐപിഎല്‍ സാലറിയുടെ 10 ശതമാനം) എന്നിവരും കൊവിഡ് സഹായം പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങളാണ്. ഹനുമ വിഹാരി മരുന്നും ഓക്‌സിജനും ആശുപത്രി ബെഡും ഉള്‍പ്പടെയുള്ളവ എത്തിക്കുന്നുണ്ട്. ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായം കൈമാറുമെന്ന് അറിയിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona