
ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ആവേശം ഇരട്ടിപ്പിച്ച് കൊണ്ട് സ്പെയിനും ബെല്‍ജിയവും ഇന്ന് കളത്തിലിറങ്ങും. മുന്‍ ചാമ്പ്യന്മാരായ സ്പാനിഷ് സംഘം സുവര്‍ണ തലമുറയക്ക് ശേഷമുള്ള യുവനിരയുടെ കരുത്തുമായാണ് എത്തുന്നത്. രാത്രി 9.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കോസ്റ്ററിക്കയാണ് എതിരാളികൾ. പെഡ്രിയും ഗാവിയും അൻസു ഫാറ്റിയും ഉൾപ്പടെയുള്ള യുവതാരങ്ങളാണ് സ്പെയിന്‍റെ കരുത്ത്.
ബുസ്ക്വേറ്റ്സ്, അസ്പിലിക്വേറ്റ, ജോര്‍ഡി ആൽബ, ഡാനി കര്‍വഹാല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമിലുണ്ട്. യുവേഫ നേഷൻസ് ലീഗിലും ഒളിമ്പിക്സിലും സ്പാനിഷ് ടീം ഫൈനലിലെത്തിയിരുന്നു. ഇതേസമയം, പരിചയ സമ്പത്താണ് കോസ്റ്ററിക്കൻ ടീമിന്‍റെ ശക്തി. പിഎസ്ജി ഗോൾകീപ്പര്‍ കെയ്‍ലര്‍ നവാസ് നയിക്കുന്ന ടീം 2014 ലോകകപ്പിൽ ക്വാര്‍ട്ടറിൽ എത്തിയത് പോലുള്ളൊരു ഗംഭീര പ്രകടനാണ് ഖത്തറിലും പ്രതീക്ഷിക്കുന്നത്.
പുലര്‍ച്ചെ 12.30ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ലോക റാങ്കിംഗിലെ രണ്ടാമന്മാരായ ബെൽജിയം ഖത്തറിലെ ആദ്യ മത്സരത്തിനിറങ്ങും. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ കാനഡയാണ് എതിരാളി. കെവിൻ ഡി ബ്രൂയിൻ, എയ്ഡൻ ഹസാര്‍ഡ്, തിബ്യൂട്ട് കോട്ടുവ, അലക്സ് വിറ്റ്സൽ, തോര്‍ഗൻ ഹസാര്‍ഡ് തുടങ്ങി വമ്പന്‍ താരങ്ങളുമായി ഇറങ്ങുന്ന ബെൽജിയം റഷ്യൻ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാണ്. എന്നാൽ പരിക്ക് ഭേദമാകാത്ത സ്ട്രൈക്കര്‍ റൊമേൽ ലൂക്കാക്കു ഇന്നിറങ്ങില്ല.
36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാനഡ ലോകകപ്പിൽ കളിക്കാനെത്തുന്നത്. ബയേണ്‍ മ്യൂനിക്ക് താരം അൽഫോണ്‍സോ ഡേവിസാണ് കാനഡയുടെ കരുത്ത്. സുവര്‍ണ തലമുറയെന്ന് വാഴ്ത്തപ്പെട്ട ബെല്‍ജിയം ടീമിന്‍റെ വിശ്വകിരീടം നേടാനുള്ള അവസാന അവസരമായിരിക്കും ഖത്തര്‍. 2018 പോലെ ഒരു കുതിപ്പ് ആണ് ബെല്‍ജിയം സ്വപ്നം കാണുന്നതെങ്കിലും അത് അത്ര നിസാരമല്ല. എയ്ഡന്‍ ഹസാര്‍ഡിന് തന്‍റെ പഴയ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല. ഒപ്പം നിരന്തരം പരിക്കുകള്‍ അലട്ടുന്ന ലുക്കാക്കുവിന്‍റെ കാര്യവും ഒന്നും പറയാന്‍ ആവാത്ത അവസ്ഥയാണ്. കരിയറിന്‍റെ പീക്കിലുള്ള ഡി ബ്രൂയിനിനും റയല്‍ ഗോളി തിബോയിലും തന്നെയാണ് ചുവന്ന ചെകുത്താന്മാര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.