ഇത് ഡാന്‍സ് മാസ്റ്റർ റിച്ചു; സാക്ഷാല്‍ റൊണാള്‍ഡോയെ 'പ്രാവാട്ടം' പഠിപ്പിച്ച് റിച്ചാർലിസണ്‍- വീഡിയോ

By Jomit JoseFirst Published Dec 6, 2022, 4:30 PM IST
Highlights

29-ാം മിനുറ്റിലായിരുന്നു സാബാ ചുവടുതളുടെ വശ്യതയെല്ലാം മൈതാനത്ത് കണ്ട റിച്ചാർലിസണിന്‍റെ അതിസുന്ദര ഗോള്‍

ദോഹ: ഫിഫ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ വമ്പന്‍ ജയം ബ്രസീല്‍ നേടിയിരുന്നു. നെയ്മർ പരിക്കുമാറി തിരിച്ചെത്തിയ മത്സരത്തില്‍ 4-1നാണ് ലാറ്റിനമേരിക്കന്‍ ഭീമന്‍മാർ ക്വാർട്ടറിലേക്ക് വിജയക്കൊടി പാറിച്ചത്. മത്സരത്തിലെ ഏറ്റവും മികച്ച ബ്രസീലിയന്‍ ഗോള്‍ സാംബ ചുവടുകളോടെ 9-ാം നമ്പർ സ്ട്രൈക്കർ റിച്ചാർലിസണിന്‍റെ വകയായിരുന്നു. പ്രാവിനെ പോലെ നൃത്തം വച്ചാണ് റിച്ചാർലിസണ്‍ ഗോളാഘോഷം നടത്തിയത്. പരിശീലകന്‍ ടിറ്റെയും ഇതിന്‍റെ കൂടെക്കൂടി.

ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ മാത്രമല്ല, മത്സര ശേഷം ബ്രസീലിയന്‍ ഇതിഹാസവും 2002 ലോകകപ്പ് ഹീറോയുമായ റൊണാള്‍ഡോ ഫിനമിനയെ 'പീജിയന്‍ ഡാന്‍സ്' പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു റിച്ചാർലിസണ്‍. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഫിഫ പങ്കുവെച്ചിട്ടുണ്ട്. 

ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. ഏഴാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ 13-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മർ ലീഡ് രണ്ടാക്കി ഉയർത്തി. രാജ്യത്തിനായി സുല്‍ത്താന്‍റെ 76-ാം ഗോളാണിത്. 29-ാം മിനുറ്റിലായിരുന്നു സാബാ ചുവടുകളുടെ വശ്യതയെല്ലാം മൈതാനത്ത് കണ്ട റിച്ചാർലിസണിന്‍റെ അതിസുന്ദര ഗോള്‍. 36-ാം മിനുറ്റില്‍ ലൂക്കാസ് പക്വേറ്റ നാലാം ഗോള്‍ നേടി. ബ്രസീല്‍ ഏകപക്ഷീയമായ നാല് ഗോള്‍ ലീഡുമായി ആദ്യപകുതിക്ക് പിരിഞ്ഞപ്പോള്‍ 76-ാം മിനുറ്റില്‍ പൈക്കിന്‍റെ വകയായിരുന്നു കൊറിയയുടെ ഏക മടക്ക ഗോള്‍. ഇത് ഒന്നൊന്നര വെടിച്ചില്ലന്‍ ഗോളാവുകയും ചെയ്തു. 

ക്വാർട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്‍റെ എതിരാളികള്‍. ഏഷ്യന്‍ കരുത്താരായ ജപ്പാനെ ഷൂട്ടൗട്ടില്‍ തകർത്താണ് ക്രൊയേഷ്യയുടെ വരവ്. ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രൊയേഷ്യ വിജയിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെതിരെ ക്രൊയേഷ്യയുടെ രക്ഷകനായത് ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചാണ്. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകളാണ് ലിവാകോവിച്ച് തടുത്തിട്ടത്. 

'കംപ്ലീറ്റ് സ്ട്രൈക്കര്‍, ദ ഫിനമിന'; കുപ്പായത്തിന്‍റെ കളർ നോക്കി ഡീ ഗ്രെഡ് ചെയ്യുന്നതിൽപരം ഉപദ്രവം വേറെയില്ല

click me!