
ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരായ തകര്‍പ്പന്‍ വിജയത്തിനുശേഷം ബ്രസീല്‍ കിരീടം സ്വപ്നം കണ്ടു തുടങ്ങിയതായി സൂപ്പര്‍ താരം നെയ്മര്‍. എന്നാല്‍ ആ സ്വപ്ന സാക്ഷാത്കരത്തിലേക്ക് ഇനിയും ദൂരമുണ്ടെന്നും നെയ്മര്‍ പറഞ്ഞു.
സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് കയറിയതോടെ ലോകകപ്പ് തന്നെ നഷ്ടമാവുമെന്ന് താന്‍ ഭയന്നിരുന്നതായും നെയ്മര്‍ വെളിപ്പെടുത്തി. പരിക്കേറ്റ ദിവസം രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരു നൂറായിരം ചിന്തകളാണ് എന്‍റെ മനസിലൂടെ കടന്നുപോയത്. എന്നാല്‍ ടീം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം പിന്തുണ എനിക്കുണ്ടായിരുന്നു. അവര്‍ അയച്ച ആശംസാ സന്ദേശങ്ങളാണ് തനിക്ക് കരുത്തു പകര്‍ന്നതെന്നും കൊറിയക്കെതിരായ വിജയത്തിനുശേഷം നെയ്മര്‍ പറഞ്ഞു.
ഡൊമിനിക് ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകന്‍; ലോകകപ്പിലെ അപൂര്‍വ റെക്കോര്‍ഡ് പട്ടികയിലൊരിടം
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മര്‍ക്ക് പിന്നീട് സ്വിറ്റ്സര്‍ലന്‍ഡിനെതിരിയും കാമറൂിനെതിരെയുമുള്ള മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ജയിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയെങ്കിലും കാമറൂണിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങി.
നെയ്മര്‍ക്ക് ലോകകപ്പ് തന്നെ നഷ്ടമാവുമെന്ന ആശങ്കകള്‍ക്കിടെയാണ് പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ നെയ്മറെ കോച്ച് ടിറ്റെ ആദ്യ ഇലവനില്‍ ഇറക്കിയത്. മത്സരത്തില്‍ റിച്ചാലിസണെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ബ്രസീലിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി ഗോളാക്കി നെയ്മര്‍ ഈ ലോകകപ്പിലെ തന്‍റെ ആദ്യ ഗോള്‍ നേടി. ബ്രസീലിനുവേണ്ടി നെയ്മര്‍ നേടുന്ന 76ാം ഗോളായിരുന്നു ഇത്.
മത്സരശേഷം രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ബ്രസീല്‍ ഇതിഹാസം പെലെ എത്രയും വേഗം രോഗമുക്തനായി തിരിച്ചത്തണമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ബാനര്‍ ബ്രസീല്‍ താരങ്ങള്‍ ഉയര്‍ത്തിയിരുന്നു. പെലെ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹത്തോടുള്ള ആദരം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാവുന്നതല്ലെന്നും മത്സരശേഷം നെയ്മര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!