Asianet News MalayalamAsianet News Malayalam

ഡൊമിനിക് ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകന്‍; ലോകകപ്പിലെ അപൂര്‍വ റെക്കോര്‍ഡ് പട്ടികയിലൊരിടം

2006ല്‍ ഇംഗ്ലണ്ടിനെതിരെ പോര്‍ച്ചുഗലിന്റെ റിക്കോര്‍ഡോ. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയുടെ തന്നെ ഡാനിയേല്‍ സുബാസിച്ച്. ആ അപൂര്‍വ പട്ടികയിലേക്ക് ലിവാകോവിച്ചും.

rare feat for croatian goal keeper Dominik Livakovic after heroic performance against Japan
Author
First Published Dec 6, 2022, 12:45 PM IST

ദോഹ: പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരെ ക്രൊയേഷ്യയുടെ രക്ഷകനായത് ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചാണ്. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകളാണ് ലിവാകോവിച്ച് തടുത്തിട്ടത്. ജര്‍മനിയേയും സ്‌പെയിനിനെയും വിറപ്പിച്ച സമുറായ് വീര്യം ചോര്‍ന്നത് ഡൊമനിക് ലിവാകോവിച്ചെന്ന ഈ വന്‍മതിലിന് മുന്നില്‍. ജപ്പാന്റെ നാലില്‍ മൂന്ന് കിക്കുകളും ലിവാകോവിച്ച് അനായാസം തട്ടിയകറ്റി. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ തടഞ്ഞിടുന്നത് ലോകകപ്പ് ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രം.

2006ല്‍ ഇംഗ്ലണ്ടിനെതിരെ പോര്‍ച്ചുഗലിന്റെ റിക്കോര്‍ഡോ. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയുടെ തന്നെ ഡാനിയേല്‍ സുബാസിച്ച്. ആ അപൂര്‍വ പട്ടികയിലേക്ക് ലിവാകോവിച്ചും. കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒറ്റ മത്സരം പോലും കളിക്കാനായിരുന്നില്ല ലിവാകോവിച്ചിന്. അവസരം വന്നപ്പോള്‍ തന്റെ റേഞ്ച് എന്തെന്ന് ലിവാകോവിച്ച് കാണിച്ചു തരുന്നു. 

വിദ്യാഭ്യാസത്തിനും പ്രൊഫഷണല്‍ കരിയറിനും വലിയ പ്രാധാന്യം കൊടുക്കുന്ന കുടുംബത്തില്‍ നിന്ന് വീട്ടുകാരെ ധിക്കരിച്ച് പന്തിന് പുറകെ പോവാനുള്ള തീരുമാനം ശരിയെന്ന് അവരെക്കൊണ്ട് പറയിപ്പിക്കാനും ഈ ഒരു ദിവസം കൊണ്ട് ലിവാക്കോവിച്ചിനാവും. ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമോ സാഗ്രെബിന്റെ ഗോള്‍ കീപ്പറെ തേടി യൂറോപ്യല്‍ നിന്നുള്ള മറ്റു ക്ലബുകളുടെ വിളിയും ഇതോടെ പ്രതീക്ഷിക്കാം.

നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ ജപ്പാന്റെ ആദ്യ കിക്കെടുത്ത തകുമി മിനാമിനോ, കൗറു മിതോമ എന്നിവര്‍ക്ക്  പിഴച്ചപ്പോള്‍ ക്രൊയേഷ്യയുടെ നിക്കോളാ വ്‌ളാസിച്ച്, മാഴ്‌സെലോ ബ്രോസോവിച്ച് എന്നിവര്‍ കിക്കുകള്‍ ഗോളാക്കി.

ജപ്പാന്റെ മൂന്നാം കിക്കെടുത്ത തകുമോ അസാനോ ഗോളാക്കി ജപ്പാന് ആശ്വസിക്കാന്‍ വക നല്‍കി. ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുത്ത മാര്‍കോ ലിവാജയ്ക്ക് പിഴയ്ക്കുകയും ചെയ്തു. ജപ്പാന്റെ നാലാം കിക്കെടുത്ത മയ യോഷിദയ്ക്ക് പിഴച്ചപ്പോള്‍ ക്രോയേഷ്യയുടെ നാലാം കിക്കും ഗോളാക്കി മരിയോ പസാലിച്ച് ക്രൊയേഷ്യയെ ക്വാര്‍ട്ടറിലെത്തിച്ചു.

ഈ വിജയം ഫുട്ബോള്‍ രാജാവിന്! ദക്ഷിണ കൊറിയക്കെതിരായ വിജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍ ടീം

Follow Us:
Download App:
  • android
  • ios