ഖത്തറിൽ മിശിഹായ്‌ക്ക് അവസാന ലോകകപ്പ്; പ്രഖ്യാപിച്ച് ലിയോണല്‍ മെസി

By Jomit JoseFirst Published Oct 7, 2022, 11:27 AM IST
Highlights

ലോകകപ്പിൽ എന്താണ് സംഭവിക്കുക എന്നോർക്കുമ്പോൾ ആശങ്കയുണ്ട്. ലോകകപ്പിൽ ഒന്നും പ്രവചിക്കാൻ കഴിയില്ല. 

ബ്യൂണസ് ഐറിസ്: ഖത്തറിൽ തന്‍റെ അവസാന ഫിഫ ലോകകപ്പ് ആയിരിക്കുമെന്ന് അർജന്‍റൈൻ നായകൻ ലിയോണൽ മെസി. ഇക്കാര്യം തീരുമാനിച്ചുവെന്നും ലോകകപ്പിൽ കളിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മെസി പറഞ്ഞു. മെസിയുടെ കരിയറിലെ അഞ്ചാം ലോകകപ്പാണ് അടുത്ത മാസം മുതല്‍ ഖത്തറില്‍ നടക്കുക. 

മെസിയുടെ വാക്കുകള്‍

'ലോകകപ്പിൽ എന്താണ് സംഭവിക്കുക എന്നോർക്കുമ്പോൾ ആശങ്കയുണ്ട്. ലോകകപ്പിൽ ഒന്നും പ്രവചിക്കാൻ കഴിയില്ല. ഓരോ മത്സരവും പ്രധാനമാണ്. കിരീട സാധ്യത കൽപിക്കപ്പെടുന്നവർ മിക്കപ്പോഴും തീർത്തും നിരാശപ്പെടുത്തുന്നതാണ് ലോകകപ്പുകളിൽ കാണാറുള്ളത്. അർജന്‍റീന കിരീട സാധ്യത കൽപിക്കപ്പെടുന്നവരിൽ ഉണ്ടോയെന്ന് തനിക്ക് അറിയില്ല. ശാരീരികമായി ഞാന്‍ മികച്ച നിലയിലാണ്. മികച്ച പ്രീ-സീസണായിരുന്നു ഇത്തവണ. തൊട്ട് മുമ്പത്തെ വര്‍ഷം അങ്ങനെയായിരുന്നില്ല' എന്നും മെസി പറഞ്ഞു. എന്നാല്‍ ലോകകപ്പ് കഴിയുന്നതോടെ ദേശീയ കുപ്പായത്തില്‍ നിന്ന് വിരമിക്കുമോയെന്ന് 35കാരനായ മെസി വ്യക്തമാക്കിയിട്ടില്ല.

ഖത്തര്‍ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണ് അര്‍ജന്‍റീന എന്ന് വിലയിരുത്തലുകളുണ്ട്. അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് മെസിയുടെ അര്‍ജന്‍റീന ഖത്തർ ലോകകപ്പിന് എത്തുന്നത്. മാത്രമല്ല, 2021 കോപ്പ അമേരിക്ക കിരീടം നേടിയതും അര്‍ജന്‍റീനയ്ക്ക് പ്രതീക്ഷയാണ്. ബന്ധവൈരികളായ ബ്രസീലിനെ തകര്‍ത്തായിരുന്നു മെസിയും കൂട്ടരും കിരീടം ഉയര്‍ത്തിയത്. 1978, 1986 വര്‍ഷങ്ങളിലാണ് അര്‍ജന്‍റീന ഫിഫ ലോകകപ്പ് നേടിയിട്ടുള്ളത്. 

ഖത്തറില്‍ നവംബര്‍ 22ന് സൗദി അറേബ്യക്ക് എതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. ഇതിന് ശേഷം ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, പോളണ്ട് ടീമുകള്‍ക്കെതിരെയും അര്‍ജന്‍റീനയ്ക്ക് മത്സരമുണ്ട്. ഖത്തറില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കും മുമ്പ് യുഎഇയുമായി അര്‍ജന്‍റീനയ്ക്ക് വാംഅപ് മത്സരമുണ്ട്.  

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഫുട്ബോൾ ലോകകപ്പ്; ഹയാ കാർഡ് നിർബന്ധമാക്കി ഖത്തര്‍, അറിയേണ്ടതെല്ലാം

click me!