വീണ്ടും കൊച്ചിയില്‍ ഐഎസ്എല്‍ ആവേശം; ഒൻപതാം സീസണ് ഇന്ന് കിക്കോഫ്

By Jomit JoseFirst Published Oct 7, 2022, 9:11 AM IST
Highlights

കൊവിഡ് കാലത്തിന് ശേഷം ഐഎസ്എൽ ആവേശം വീണ്ടും നിറഞ്ഞുകവിയുന്ന ഗാലറികൾക്ക് മുന്നിലേക്ക് കൊടിയേറുകയാണ്

കൊച്ചി: ഇനി കൊച്ചിക്കായലില്‍ ഫുട്ബോള്‍ ആവേശം അലതല്ലുന്ന നാളുകള്‍, കലൂര്‍ സ്റ്റേഡിയം മഞ്ഞക്കടലാവുന്ന ദിനങ്ങള്‍. കൊവിഡ് ഇടവേള കഴിഞ്ഞ് ആവേശം പാരമ്യത്തിലെത്തുന്ന ഐഎസ്എൽ ഒൻപതാം സീസണ് ഇന്ന് കിക്കോഫാകും. കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് നേരിടുക. ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്ക് കളി തുടങ്ങും. 

ആശാനില്‍ പ്രതീക്ഷ

കൊച്ചി പഴയ കൊച്ചിയല്ല, കേരള ബ്ലാസ്റ്റേഴ്‌സും. കൊവിഡ് കാലത്തിന് ശേഷം ഐഎസ്എൽ ആവേശം വീണ്ടും നിറഞ്ഞുകവിയുന്ന ഗാലറികൾക്ക് മുന്നിലേക്ക് കൊടിയേറുകയാണ്. കെട്ടുംമട്ടും മാറി കേരളത്തിന്‍റെ സ്വന്തം കൊമ്പൻമാർ കളത്തിലെത്തുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യകിരീടം സ്വപ്നം കണ്ടിറങ്ങുമ്പോൾ പ്രതീക്ഷയത്രയും ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങളിലാണ്. സഹൽ അബ്ദുൽ സമദും മാർക്കോ ലെസ്കോവിച്ചും അഡ്രിയൻ ലൂണയുമടക്കം കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ പതിനാറുപേർ ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്. 

ടീംവിട്ട വാസ്ക്വേസ് ഡിയാസ് സഖ്യത്തിന് പകരം അപ്പോസ്തലോസ് ജിയാനോ-ദിമിത്രിയോസ് ഡയമാന്റക്കോസ് ഗ്രീക്ക് ജോഡിയിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോൾപ്രതീക്ഷ. മധ്യനിരയിലേക്ക് ഇവാൻ കലിയൂഷ്ണി കൂടിയെത്തുമ്പോൾ ഫോർമേഷനിലും തന്ത്രങ്ങളിലും മാറ്റമുണ്ടാവുമെന്ന് വുകോമനോവിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. സഹലിനും ഗോളി പ്രഭ്സുഖൻ ഗില്ലിനും പരിക്കുണ്ടെങ്കിലും എല്ലാവരും മത്സരത്തിന് സജ്ജമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് വ്യക്തമാക്കി.

ഈസ്റ്റ് ബംഗാളിലും മലയാളി സാന്നിധ്യം

ഇന്ത്യൻ ഫുട്ബോൾ നന്നായി അറിയാവുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈന്‍റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്. മലയാളിതാരം വി പി സുഹൈർ, ക്ലെയ്റ്റൻ സിൽവ തുടങ്ങിയവരെ സ്വന്തമാക്കിയ ആത്മവിശ്വാസവുമുണ്ട് കൊൽക്കത്തൻ വമ്പൻമാർക്ക്. എന്തായാലും കൊവിഡ് ഇടവേളയ്ക്ക് ശേഷം ഹോം-എവേ രീതിയില്‍ മടങ്ങിയെത്തുന്ന ഐഎസ്എല്‍ ഒന്‍പതാം സീസണ്‍ ആരാധകര്‍ക്ക് ആവേശമാകുമെന്നുറപ്പ്. കലൂര്‍ മഞ്ഞക്കടലാക്കാന്‍ ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. 

'ഗോളടിപ്പിക്കാതിരിക്കുക, ഗോളടിക്കുക'; മനസുതുറന്ന് ബ്ലാസ്റ്റേഴ്‌സിന്‍റെ കട്ട ഡിഫന്‍ഡര്‍ ബിജോയ് വര്‍ഗീസ്

click me!