ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ട് ടീമിന്‍റെ ബേസ് ക്യാമ്പിന് സമീപം വെടിവെപ്പ്; രണ്ട് മരണം, 9 പേർക്ക് പരിക്ക്

Published : Jun 08, 2026, 09:09 AM IST
England Natonal Football Team

Synopsis

ശനിയാഴ്ച പുലർച്ചെ നഗരത്തിലെ 79-ാം സ്ട്രീറ്റിനും ട്രൂസ്റ്റ് അവന്യൂവിനും സമീപമാണ് ആദ്യ വെടിവെപ്പുണ്ടായത്. വിനോദകേന്ദ്രത്തിന് സമീപമുണ്ടായ അക്രമത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു.

കാൻസസ് സിറ്റി: ഫിഫ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കായികലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ടൂർണമെന്‍റിനെത്തുന്ന ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്‍റെ ബേസ് ക്യാമ്പിന് തൊട്ടടുത്ത് നടന്ന രണ്ട് വ്യത്യസ്ത വെടിവെപ്പുകളിലായി രണ്ട് പേർ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. യു.എസിലെ കാൻസസ് സിറ്റിയിലാണ് സംഭവം. ടൂർണമെന്‍റ് ആരംഭിക്കുന്നതിന് തൊട്ടുമുൻപുണ്ടായ സംഭവം അമേരിക്കയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.

ശനിയാഴ്ച പുലർച്ചെ നഗരത്തിലെ 79-ാം സ്ട്രീറ്റിനും ട്രൂസ്റ്റ് അവന്യൂവിനും സമീപമാണ് ആദ്യ വെടിവെപ്പുണ്ടായത്. വിനോദകേന്ദ്രത്തിന് സമീപമുണ്ടായ അക്രമത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഈ സംഭവത്തിൽ പ്രതികളെയാരെയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനു പിന്നാലെ ശനിയാഴ്ച രാത്രി വൈകി വെസ്റ്റ്പോർട്ട് റോഡിലുണ്ടായ രണ്ടാമത്തെ വെടിവെപ്പിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ നഗരത്തിലുണ്ടായ അക്രമസംഭവങ്ങൾ കനത്ത ജാഗ്രതാനിർദ്ദേശത്തിന് കാരണമായിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങൾക്കായി എത്തുന്ന ഇംഗ്ലണ്ട് ടീം പരിശീലനം നടത്താൻ നിശ്ചയിച്ചിരിക്കുന്ന 'സ്വോപ്പ് സോക്കർ വില്ലേജിന്' വെറും നാല് മൈൽ മാത്രം അകലെയാണ് ആദ്യത്തെ വെടിവെപ്പ് നടന്നത്. ഇംഗ്ലണ്ട് ടീം നിലവിൽ കാൻസസ് സിറ്റിയിൽ എത്തിയിട്ടില്ല. ടൂർണമെന്‍റിന് മുന്നോടിയായി ഫ്ലോറിഡയിലെ ഒർലാൻഡോയിൽ കോസ്റ്റാറിക്കയ്ക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ടീം ഇപ്പോൾ.

അക്രമങ്ങൾ ഫുട്ബോൾ താരങ്ങളെയോ ടീമിനെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നാണ് പ്രാദേശിക പൊലീസ് നൽകുന്ന വിശദീകരണം. എങ്കിലും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഒരു പ്രധാന നഗരത്തിൽ ടൂർണമെന്‍റിന് തൊട്ടുമുമ്പ് ഇത്തരമൊരു സംഭവം നടന്നത് ഫിഫയെയും ആശങ്കയിലാക്കുന്നുണ്ട്. ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ആറ് സുപ്രധാന മത്സരങ്ങളാണ് കാൻസസ് സിറ്റിയിൽ നടക്കാനിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയുടെ മത്സരവും ഈ നഗരത്തിലാണ്.

 

അമേരിക്കയിൽ തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ അനിയന്ത്രിതമായി തുടരുകയാണെന്നാണ് സംഭവം അടിവരയിടുന്നത്. 'ഗൺ വയലൻസ് ആർക്കൈവ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം (2025) മാത്രം നാനൂറിലധികം കൂട്ടവെടിവെപ്പുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരും പ്രമുഖ താരങ്ങളും എത്തുന്ന ടൂർണമെന്‍റായതിനാൽ കാൻസസ് സിറ്റിയിൽ സുരക്ഷാ ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ശക്തമാക്കാൻ ഫിഫ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം; ഇറാന്റെ ഒഫീഷ്യലുകള്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക, ഫിഫയെ സമീപിക്കാന്‍ ഇറാന്‍
യമാലിന്റെ ചിറകിലേറി ഫ്യൂന്റെയുടെ സ്പെയിൻ; കിരീടം ചൂടുമോ യൂറോപ്യൻ ചാമ്പ്യന്മാർ?