ആക്രമണം ജയം കൊണ്ടുവരും, പ്രതിരോധം കിരീടവും! അലക്‌സ്‌ ഫെര്‍ഗൂസനെ തിരുത്തി മെസിയും എംബാപെയും, 2026 ലോകകപ്പിലെ ടോപ്‌ 5 അറ്റാക്കിംഗ്‌ നിരയെ പരിചയപ്പെടാം...

Published : Jun 05, 2026, 06:14 PM IST
messi- kylian

Synopsis

2022 ഫിഫ ലോകകപ്പ്‌ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഗോളാരവം തീര്‍ത്തപ്പോള്‍ സാക്ഷാല്‍ ഫെര്‍ഗൂസന്‍ പോലും അതിശയിച്ചിട്ടുണ്ടാകും. ആറ്‌ ഗോളുകളാണ്‌ രണ്ട്‌ ടീമുകളും കൂടി നിശ്ചിത സമയത്തും അധികസമയത്തുമായി നേടിയത്‌.ഇത്തവണയും ആക്രമണോത്സുക ഫുട്‌ബോള്‍ തന്നെയാകും ലോകകപ്പിന്റെ മുഖമുദ്ര. 

ലോകകപ്പ്‌ ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്റ്‌..! യു എസ്‌ എ, മെക്‌സിക്കോ, കാനഡ എന്നീ മൂന്ന്‌ രാജ്യങ്ങളിലായി അരങ്ങേറുന്ന ലോകകപ്പില്‍ ശ്രദ്ധേയരാവുക ആക്രമണ നിരയിലുള്ളവരായിരിക്കും. അതേസമയം, പ്രതിരോധമൊരുക്കുന്നവരെ തള്ളിക്കളയാനും സാധിക്കില്ല. ആധുനിക ഫുട്‌ബോളില്‍ കൂടുതല്‍ നേരം പ്രതിരോധിച്ച്‌ കളിക്കുന്ന ടീമുകള്‍ക്ക്‌, ലോകകപ്പ്‌ പോലൊരു ദൈര്‍ഘ്യമേറിയ ഇവന്റില്‍ എപ്പോള്‍ വേണമെങ്കിലും അടിതെറ്റാം.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍ ഒരിക്കല്‍ പറഞ്ഞു: ആക്രമണം നിങ്ങള്‍ക്ക്‌ ജയം കൊണ്ടുവരും, പ്രതിരോധം നിങ്ങള്‍ക്ക്‌ കിരീടവും! 2022 ഫിഫ ലോകകപ്പ്‌ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഗോളാരവം തീര്‍ത്തപ്പോള്‍ സാക്ഷാല്‍ ഫെര്‍ഗൂസന്‍ പോലും അതിശയിച്ചിട്ടുണ്ടാകും. ആറ്‌ ഗോളുകളാണ്‌ രണ്ട്‌ ടീമുകളും കൂടി നിശ്ചിത സമയത്തും അധികസമയത്തുമായി നേടിയത്‌. പ്രതിരോധമൊക്കെ പേരിന്‌ മാത്രം, സര്‍വത്ര അറ്റാക്കിംഗ്‌ ആയിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണയും ആക്രമണോത്സുക ഫുട്‌ബോള്‍ തന്നെയാകും ലോകകപ്പിന്റെ മുഖമുദ്ര. നാല്‌ വര്‍ഷം മുമ്പ്‌ ഫൈനലിന്‌ ആവേശം പകര്‍ന്ന മെസിയും കിലിയന്‍ എംബാപെയും ഇത്തവണയും കളത്തിലിറങ്ങുന്നുണ്ട്‌. ഈ ലോകകപ്പിലെ ഏറ്റവും മികച്ച അറ്റാക്കിംഗ്‌ നിരയുള്ള അഞ്ച്‌ ടീമുകളെ പരിചയപ്പെടാം.

#5 - ഇംഗ്ലണ്ട്‌

ജര്‍മന്‍ കോച്ച്‌ തോമസ്‌ ടുഷേലിന്‌ കീഴില്‍ ആള്‍ ഔട്ട്‌ അറ്റാക്കിംഗ്‌ പദ്ധതിയിടുന്ന ഇംഗ്ലണ്ട്‌ എതിരാളികളുടെ പേടിസ്വപ്‌നമാണ്‌. വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി സീസണില്‍ 58 ഗോളുകള്‍ നേടിയ ബയേണ്‍ മ്യൂണിക്‌ സ്‌ട്രൈക്കര്‍ ഹാരി കെയിനാണ്‌ ശ്രദ്ധേയ താരം. ലോകകപ്പ്‌ ടോപ്‌ സ്‌കോറര്‍ ആകാനുള്ള സാധ്യതയുണ്ട്‌. വിംഗില്‍ പറന്ന്‌ കളിക്കാന്‍ ആന്റണി ഗോര്‍ഡനും ബുകായ സകയുമുണ്ട്‌. ഗോളടിയുടെ കണക്കെടുത്താല്‍ രണ്ട്‌ വിംഗര്‍മാര്‍ക്കും അത്ര മികച്ചതല്ല. എന്നാല്‍, ഇവരുടെ വേഗവും പ്രതിഭയും ഇംഗ്ലണ്ടിന്‌ ലോകകപ്പ്‌ നേടിക്കൊടുക്കാന്‍ പോന്നതാണ്‌. 1966 ലെ കിരീടവിജയം ആവര്‍ത്തിക്കാനാണ്‌ ടുഷേലിന്റെ അറ്റാക്കിംഗ്‌ നിര കോപ്പ്‌കൂട്ടുന്നത്‌.

#4 - സ്‌പെയിന്‍

യൂറോ കപ്പ്‌ ജേതാക്കളായ സ്‌പെയിന്‍ യൂറോപ ലീഗ്‌ നാഷന്‍സ്‌ ലീഗ്‌ റണ്ണേഴ്‌സപ്പാണ്‌. വലിയ മത്സരങ്ങള്‍ക്ക്‌ തയ്യാറെടുക്കുന്ന സ്‌പെയിന്‍ ലോകകപ്പ്‌ ഫേവറിറ്റുകളാണ്‌. ലോകകപ്പ്‌ അരങ്ങേറ്റംക ുറിക്കുന്ന ബാഴ്‌സലോണയുടെ മാന്ത്രികസ്‌പര്‍ശമുള്ള പ്ലെയര്‍ ലാമിന്‍ യമാലാണ്‌ സ്‌പെയിനിന്റെ സ്റ്റാര്‍. മുന്നേറ്റനിരയില്‍ നികോ വില്യംസും ഫെറാന്‍ ടോറസും ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടും. ഡാനി ഒല്‍മോ, മിഖേല്‍ ഒയര്‍സബാല്‍, ബോയ ഇഗ്ലെസിയസ്‌ എന്നിവരും സ്‌പെയിനിന്റെ മുന്‍നിരയെ ശക്തമാക്കുന്നു.

#3 - അര്‍ജന്റീന

ലോകചാമ്പ്യന്‍മാര്‍ക്ക്‌ ഇത്തവണയും പ്രതീക്ഷയേകുന്നത്‌ മെസിയുടെ സാന്നിധ്യമാണ്‌. നാല്‌ വര്‍ഷം മുമ്പത്തെ ഫോമും ഫിറ്റ്‌നെസും മെസിയില്‍ ഇപ്പോഴില്ല. എങ്കിലും തിയഗോ അല്‍മാഡയും ജൂലിയന്‍ അല്‍വാരസും ചേരുന്ന മുന്നേറ്റനിരക്ക്‌ ലയണല്‍ സ്‌കലോണിയുടെ ഗെയിം പ്ലാന്‍ നടപ്പിലാക്കാന്‍ കരുത്തുണ്ട്‌. ഓരോ അറ്റാക്കിംഗിലും മെസിയുടെ എക്‌സിക്യൂഷന്‍ ഉണ്ടാകുമെന്നത്‌ അര്‍ജന്റീനയെ മറ്റ്‌ ടീമുകളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നു.

#2 - ബ്രസീല്‍

നെയ്‌മര്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും കോച്ച്‌ കാര്‍ലോ ആഞ്ചലോട്ടിയുടെ തുറുപ്പുചീട്ട്‌ റയല്‍ മാഡ്രിഡ്‌ താരം വിനീഷ്യസ്‌ജൂനിയറാണ്‌. റൈറ്റ്‌ വിംഗില്‍ റാഫീഞ്ഞയും ലൂയിസ്‌ ഹെന്‍റിക്വെയും മത്സരിച്ച്‌ കളിക്കാനുണ്ട്‌. സെന്റര്‍ഫോര്‍വേഡ്‌ പൊസിഷനില്‍ ഇഗോര്‍ തിയഗോയും മാത്യാസ്‌ ക്യുനയും. യൂറോപ്യന്‍ ക്ലബ്ബ്‌ ഫുട്‌ബോളില്‍ എ സി മിലാന്‍, റയല്‍മാഡ്രിഡ്‌, ചെല്‍സി, പി എസ്‌ ജി, ബയേണ്‍മ്യൂണിക്‌ ക്ലബ്ബുകള്‍ക്കൊപ്പം ലീഗ്‌ കിരീടവിജയങ്ങള്‍ സ്വന്തമാക്കിയ ആഞ്ചലോട്ടി ലോകഫുട്‌ബോളിലെ എണ്ണം പറഞ്ഞ പരിശീലകനാണ്‌.

#1 - ഫ്രാന്‍സ്‌

ദിദിയര്‍ ദെഷാംസ്‌ പരിശീലിപ്പിക്കുന്ന ഫ്രാന്‍സിന്റെ കരുത്ത്‌ മുന്നേറ്റനിരയാണ്‌. കിലിയന്‍ എംബാപെ, ഉസ്‌മാനെ ഡെംബെലെ, മിഷേല്‍ ഒലിസെ എന്നിവര്‍ മികച്ച ഫോമിലാണ്‌. മൂന്ന്‌ പേരും അതിവേഗക്കാര്‍. പന്ത്‌ സ്വീകരിച്ച്‌ കഴിഞ്ഞാല്‍ പ്രതിഭാസ്‌പര്‍ശം കൊണ്ട്‌ പ്രതിയോഗികളെ അനായാസം കീഴടക്കുന്നവര്‍. മൂന്ന്‌ പേരും പൊസിഷന്‍ മാറിമാറി കളിക്കാനും ഡിഫന്‍ഡര്‍മാരെ കബളിപ്പിക്കാനും മിടുക്കുള്ളവര്‍. മാന്‍ ടു മാന്‍ ഗെയിമില്‍ അണ്‍സ്റ്റോപ്പബിള്‍!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

4 വർഷത്തെ കാത്തിരിപ്പും ആവേശവും! 6,238 കോടിയുടെ സമ്മാനം; ജയിച്ചില്ലെങ്കിലും 87 കോടി ഉറപ്പ്; ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നതെന്ത്?
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്; സ്‌പെയ്‌നിന് സമനില