4 വർഷത്തെ കാത്തിരിപ്പും ആവേശവും! 6,238 കോടിയുടെ സമ്മാനം; ജയിച്ചില്ലെങ്കിലും 87 കോടി ഉറപ്പ്; ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നതെന്ത്?

Published : Jun 05, 2026, 03:21 PM IST
Fifa World Cup

Synopsis

2026 ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായാണ്  നടക്കുക. വിജയികൾക്ക് 50 മില്യൺ ഡോളർ ഉൾപ്പെടെ ആകെ 655 മില്യൺ ഡോളറാണ് സമ്മാനത്തുകയായി ഫിഫ നീക്കിവെച്ചിരിക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ, ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നവർക്ക് പോലും കോടികൾ ഉറപ്പാണ്.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ ഫിഫ ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത്. ഫിഫ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ആകെ സമ്മാനത്തുകയായി മാത്രം 655 മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 6,238.42 കോടി രൂപ) ആണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മറ്റ് ചിലവുകള്‍ക്കായി നല്‍കുന്ന തുക കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മൊത്തം സാമ്പത്തിക പാക്കേജ് 727 മില്യണ്‍ (ഏകദേശം 7,400.09 കോടി രൂപ) ഡോളറിലെത്തും.

2026 ലോകകപ്പില്‍ മുത്തമിടുന്ന ചാമ്പ്യന്മാര്‍ക്ക് മാത്രം ഫിഫയില്‍ നിന്ന് 50 മില്യണ്‍ ഡോളര്‍ (ഏകദേശം 417.50 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ഇതോടൊപ്പം ടൂര്‍ണമെന്റ് തയ്യാറെടുപ്പുകള്‍ക്കായി നല്‍കുന്ന 1.5 മില്യണ്‍ ഡോളര്‍ കൂടി ചേരുമ്പോള്‍ ജേതാക്കള്‍ക്ക് ആകെ ലഭിക്കുക 51.5 മില്യണ്‍ ഡോളറായിരിക്കും. കഴിഞ്ഞ 2022 ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ലഭിച്ചതിനേക്കാള്‍ (42 മില്യണ്‍ ഡോളര്‍) വളരെ കൂടുതലാണിത്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ആകെ ലഭിക്കുക 34.5 മില്യണ്‍ (ഏകദേശം 288.075 കോടി രൂപ) ആയിരിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 30.5 മില്യണും (254.675 കോടി രൂപ), നാലാമത് എത്തുന്നവര്‍ക്ക് 28.5 മില്യണും (ഏകദേശം 237.975 കോടി) ലഭിക്കും.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറുന്ന ടീമുകള്‍ക്ക് 20.5 മില്യണ്‍, പ്രീ-ക്വാര്‍ട്ടറില്‍ വരുന്ന ടീമുകള്‍ക്ക് 12.5 മില്യണ്‍ എന്നിങ്ങനെയാണ് സമ്മാനത്തുകകളായി ലഭിക്കുക. ടൂര്‍ണമെന്റില്‍ നിന്ന് തോറ്റ് പുറത്തായാലും കോടികള്‍ ഉറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന ടീമുകള്‍ക്ക് പോലും ഇത്തവണ വന്‍ തുക തിരികെക്കൊണ്ട് പോകാം. ടൂര്‍ണമെന്റില്‍ 33 മുതല്‍ 48 വരെയുള്ള സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് 9 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായും 1.5 മില്യണ്‍ ഡോളര്‍ തയ്യാറെടുപ്പിനുള്ള തുകയായും ലഭിക്കും.

അതായത് മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു ടീമിന് കുറഞ്ഞത് 10.5 മില്യണ്‍ ഡോളര്‍ ഉറപ്പായും സ്വന്തമാക്കാം. ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഇന്ത്യന്‍ രൂപയില്‍ ഇത് 87.675 കോടി രൂപയാണ്. ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് വലിയ സഹായമാകും. ചുരുക്കത്തില്‍, കളിക്കളത്തിലെ ആവേശത്തിനൊപ്പം സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തിലും 2026 ലോകകപ്പ് ചരിത്രം കുറിക്കുമെന്നുറപ്പാണ്.

ചരിത്രത്തിലാദ്യമായി 32 ടീമുകള്‍ക്ക് പകരം 48 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. മത്സരങ്ങളുടെ എണ്ണം 64 ല്‍ നിന്നും 104 ആയി ഉയര്‍ന്നു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതിനാല്‍ സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യ വരുമാനങ്ങളില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് എന്നിവയാണ് സമ്മാനത്തുക ഇത്രയും ഉയരാന്‍ കാരണം.

കളിക്കാര്‍ക്കാണോ ഈ പണം ലഭിക്കുക? അല്ല. ഫിഫ ഈ തുക നേരിട്ട് കളിക്കാരുടെ അക്കൗണ്ടുകളിലേക്ക് നല്‍കില്ല. പകരം ഓരോ രാജ്യത്തെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കാണ് പണം കൈമാറുക. ഈ തുകയില്‍ നിന്ന് കളിക്കാര്‍ക്കുള്ള ബോണസ്, കോച്ചിംഗ് സ്റ്റാഫിന്റെ ശമ്പളം, യാത്രാ ചിലവുകള്‍, ആഭ്യന്തര ഫുട്‌ബോള്‍ വികസനം എന്നിവയ്ക്കായി അസോസിയേഷനുകള്‍ക്ക് പണം വിനിയോഗിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്; സ്‌പെയ്‌നിന് സമനില
ലോകകപ്പ് ജേതാക്കളെയും മികച്ച താരത്തെയും പ്രവചിച്ച് ബ്രസീൽ ഇതിഹാസം കാക്ക, സെമിയില്‍ ആ സര്‍പ്രൈസ് ടീം