നാണക്കേട്! വനിതാ ഫുട്‌ബോള്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദ മാച്ചിന് സമ്മാനത്തുക വെറും 5000 രൂപ! എഐഎഫ്എഫിന് പരിഹാസം

By Web TeamFirst Published May 18, 2022, 4:19 PM IST
Highlights

മത്സരഫലത്തേക്കാളേറെ ചര്‍ച്ചയായത് പ്ലയര്‍ ഓഫ് ദ മാച്ചിന് ലഭിച്ച സമ്മാനത്തുകയാണ്. 5000 രൂപയാണ് താരത്തിന് സമ്മാനത്തുകയായി ലഭിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക പേജില്‍ താരം ചെക്ക് മേടിക്കുന്ന ചിത്രം പങ്കുവച്ചിട്ടുമുണ്ട്.

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള എഫ്‌സി (Gokulam Kerala FC) എതിരില്ലാത്ത നാല് ഗോളിന് സിര്‍വോഡം ഫുട്ബോള്‍ ക്ലബിനെ തോല്‍പ്പിച്ചിരുന്നു. സൗമ്യ ഗുഗുലോത്തിന്റെ (Soumya Guguloth) ഇരട്ട ഗോളാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്. 15, 54 മിനിറ്റുകളിലായിരുന്നു സൗമ്യയുടെ ഗോളുകള്‍. എല്‍ഷദായ് അചെങ്പോ (6), ഡാങ്മയ് ഗ്രേസ് (31) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ഇരട്ട ഗോളോടെ സൗമ്യ പ്ലയര്‍ ഓഫ് ദ മാച്ചായി. 

മത്സരഫലത്തേക്കാളേറെ ചര്‍ച്ചയായത് പ്ലയര്‍ ഓഫ് ദ മാച്ചിന് ലഭിച്ച സമ്മാനത്തുകയാണ്. 5000 രൂപയാണ് താരത്തിന് സമ്മാനത്തുകയായി ലഭിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക പേജില്‍ താരം ചെക്ക് മേടിക്കുന്ന ചിത്രം പങ്കുവച്ചിട്ടുമുണ്ട്. എന്നാല്‍ കമന്റ് പബോക്‌സില്‍ പലരും എഐഎഫ്എഫിനെതിരെ തിരിയുകയാണ്. പ്ലയര്‍ ഓഫ് ദ മാച്ചായ താരത്തിന് വെറും 5000 രൂപ നല്‍കിയതാണ് ഫുട്‌ബോള്‍ ആരാധകരെ ചൊടിപ്പിച്ചത്. അതും ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഒരു താരത്തിന്. 

നാണക്കേടെന്നും പരിതാപകരമെന്നുമാണ് ആരാധകര്‍ കമന്റ് ബോക്‌സില്‍ പറഞ്ഞിരിക്കുന്നത്. ഒരു ഫുട്‌ബോള്‍ താരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മറ്റൊരു പക്ഷം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റ് കാണാം...

ആറാം മിനുട്ടില്‍ ഘാന താരം എല്‍ഷദായ് അചെങ്പോയുടെ ഗോളില്‍ ഗോകുലം മുന്നിലെത്തി. മത്സരം പുരോഗമിക്കുന്നതിനിടെ 15ാം മിനുട്ടില്‍ സൗമ്യയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. 31ാം മിനുട്ടില്‍ ഡാങ്മയ് ഗ്രേസിന്റെ ഗോള്‍കൂടി പിറന്നതോടെ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന്റെ ലീഡ് നേടി. 54ാം മിനുട്ടില്‍ സൗമ്യയായിരുന്നു ഗോകുലത്തിന്റ വിജയമുറപ്പിച്ച ഗോള്‍ നേടി.  

ലീഗിലെ ഒന്‍പത് മത്സരത്തില്‍ ഗോകുലം കേരള ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. കളിച്ച എല്ലാ മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ഗോകുലം കേരളയുടെ ജൈത്രയാത്ര. ജയത്തോടെ ഒന്‍പത് മത്സരത്തില്‍ 27 പോയിന്റുമായി ഗോകുലം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 

ലീഗില്‍ ഇനി രണ്ട് മത്സരം മാത്രമേ മലബാറിയന്‍സിന് ബാക്കിയുള്ളു. ഇതില്‍ ജയിക്കുകയാണെങ്കില്‍ വനിതാ ലീഗ് കിരീടം രണ്ടാം തവണയും കേരളത്തിലെത്തിക്കാന്‍ കഴിയും. ഞായറാഴ്ച രാവിലെ 8.30ന് സ്പോട്സ് ഒഡിഷ ഫുട്ബോള്‍ ക്ലബിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

click me!