
ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയം വരിച്ചത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെയും ഉസ്മാന്‍ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റാന്‍ എംബാപ്പെക്ക് സാധിച്ചില്ലെങ്കിലും, രണ്ടാം പകുതിയില്‍ താരം തന്റെ മികവ് പുറത്തെടുത്തു.
60-ാം മിനിറ്റില്‍ മനോഹരമായൊരു ഷോട്ടിലൂടെ എംബാപ്പെ ഫ്രാന്‍സിനായി അക്കൗണ്ട് തുറന്നു. ആ ആവേശം കെട്ടടങ്ങും മുന്‍പേ, 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയും ബോക്‌സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. ഫ്രഞ്ച് മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതില്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫ്രാന്‍സിന്റെ നിരവധി അപകടകരമായ നീക്കങ്ങളെ അസാമാന്യമായ സേവുകളിലൂടെ അദ്ദേഹം വിഫലമാക്കി. എങ്കിലും, ഫ്രഞ്ച് താരങ്ങളുടെ കൃത്യതയാര്‍ന്ന ഷോട്ടുകള്‍ക്ക് മുന്നില്‍ മൊറോക്കന്‍ പ്രതിരോധം അടിയറവ് പറയുകയായിരുന്നു.
ഈ വിജയത്തോടെ ചരിത്രനേട്ടമാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ഫ്രഞ്ച് ടീമായി ഡിദിയര്‍ ദെഷാംപിന്റെ പട മാറി. വിജയാഹ്ലാദത്തിനിടയിലും ഫ്രഞ്ച് ക്യാമ്പിന് ചെറിയൊരു ആശങ്കയുണ്ട്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് പരുക്കേറ്റത് ആരാധകര്‍ക്കും ടീമിനും ആശങ്കയായിട്ടുണ്ട്. താരത്തിന്റെ പരുക്കിന്റെ തീവ്രതയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!