ഫ്രാൻസിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിന് മുൻപ് മൊറോക്കോയ്ക്ക് തിരിച്ചടി. ടീമിലെ പ്രധാന താരമായ ഇസ്മായിൽ സായിബാരി പരിക്കുമൂലം പുറത്തായി. കാനഡയ്‌ക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
ന്യൂയോർക്ക്: ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന് മുൻപ് മൊറോക്കോയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഇസ്മായിൽ സായിബാരി ടീമിൽ നിന്നും പുറത്ത്. കാനഡയ്ക്കതിരായ മത്സരത്തിലായിരുന്നു മൊറോക്കോയുടെ സൂപ്പർ താരം ഇസ്മായിൽ സായ്ബാരിക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറി മൂലം മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ താരത്തെ പിൻവലിച്ചിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ സായ്ബാരിക്ക് ഇറങ്ങാൻ കഴിയുമെന്നായിരുന്നു മൊറോക്കൻ ക്യാംപിലെ പ്രതീക്ഷ. എന്നാൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ജയിച്ചയാൾ ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങളിൽ സായിബാരിക്ക് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയും മൊറോക്കൻ കോച്ച് മുഹമ്മദ് ഒഹാബി വ്യക്തമാക്കി.
നിലവിൽ മൂന്ന് ഗോളുകൾ നേടി മൊറോക്കൻ മുന്നേറ്റത്തിന്റെ പ്രധാനിയായിരുന്നു സായ്ബാരി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്രസീലിയൻ പ്രതിരോധ മതിൽ തകർത്തുകൊണ്ട് സായ്ബാരി നേടിയ ഗോൾ മാത്രം മതി താരത്തിന്റെ പ്രതിഭയെ അളക്കാൻ. കാനഡയ്‌ക്കെതിരെ ഔനാഹിയുടെ ഇരട്ട ഗോളിലായിരുന്നു മൊറോക്കോയുടെ വിജയം അനായാസമാക്കിയത്. അയ്യൂബ് ബുവാദി, ബിലാൽ എൽ കനൗസ്, ബ്രാഹിം ഡിയാസ്, ഇസ ദിയോപ്, ക്യാപ്റ്റൻ അഷ്‌റഫ് ഹക്കിമി തുടങ്ങീ മികച്ച താരങ്ങളുടെ പ്രകടനത്തിലാണ് മൊറോക്കോയുടെ പ്രതീക്ഷ.
അതേസമയം തുടർച്ചയായി രണ്ടാം തവണയാണ് ലോകകപ്പിന്റെ ക്വാർട്ടറിൽ മൊറോക്കോ എത്തുന്നത്. കഴിഞ്ഞ തവണ സെമി ഫൈനലിൽ ഫ്രാൻസിനോടേറ്റ തോൽവിക്ക് പകരം ചോദിക്കാൻ കൂടിയാണ് ഇത്തവണ മൊറോക്കോ എത്തുന്നത്. അതേസമയം ടൂർണമെന്റിൽ അപരാജിത കുതിപ്പ് തുടരുന്ന ഫ്രാൻസും മികച്ച ഫോമിലാണ്. എംബാപെ, ഡംബെലെ, ഒലീസെ അടക്കം സൂപ്പർതാരങ്ങളുടെ മിന്നും ഫോമിലാണ് ഫ്രാൻസിന്റെ കുതിപ്പ് തുടരുന്നത്. ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ ഏഴ് ഗോളുകളുമായി കിലിയൻ എംബാപെ മുന്നിൽ തന്നെയുണ്ട്. അഞ്ച് അസിസ്റ്റുകളുമായി മൈക്കിൾ ഒലീസെയും നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ഡംബെലെയും പട്ടികയിലുണ്ട്.



