Santosh Trophy : ഇത് കേരള മോഡല്‍; സൂപ്പർസെമിക്ക് ശേഷം ഒന്നിച്ച് മാധ്യമങ്ങളെ കണ്ട് കേരള-കർണാടക പരിശീലകർ

By Web TeamFirst Published Apr 29, 2022, 10:11 AM IST
Highlights

ഒന്നിച്ച് കളിച്ചുവളർന്ന കൂട്ടുകാരന്‍റെ ടീമിനെ ഫൈനലിലാണ് ആഗ്രഹിച്ചിരുന്നതെന്ന് കേരള പരിശീലകന്‍ ബിനോ ജോർജ്

മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ (Santosh Trophy 2022)  കേരളവും കർണാടകയും (Kerala vs Karnataka Semi) തമ്മിലുള്ള സെമി ഉറ്റചങ്ങാതിമാരായ മലയാളി പരിശീലകർ തമ്മിലുള്ള പോരാട്ടമായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ (Manjeri Payyanad Stadium) സെമിക്ക് ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കാണാനെത്തിയത് വേറിട്ട കാഴ്ചയായി. കേരള പരിശീലകന്‍ ബിനോ ജോര്‍ജും (Bino George), കര്‍ണാടക ടീമിന്റെ കോച്ച് ബിബി തോമസും (Biby Thomas) തൃശൂരില്‍ ഒരേ പരിശീലകന് കീഴില്‍ കളിപഠിച്ച കൂട്ടുകാരാണ്. കോളേജ് ടീമിലും ഇരുവരും ഒന്നിച്ച് കളിച്ചു. 

സ്വന്തം ടീം പരാജയപ്പെട്ടതിൽ വിഷമമുണ്ടെങ്കിലും കേരളത്തിന് കിരീടത്തിലെത്താനാകട്ടെയെന്ന് കർണാടക പരിശീലകൻ ബിബി തോമസ് പറഞ്ഞു. ഒന്നിച്ച് കളിച്ചുവളർന്ന കൂട്ടുകാരന്‍റെ ടീമിനെ ഫൈനലിലാണ് ആഗ്രഹിച്ചിരുന്നതെന്ന് കേരള പരിശീലകന്‍ ബിനോ ജോർജ് തുറന്നുപറഞ്ഞു.

സന്തോഷ് ട്രോഫിയിൽ ഏഴാം കിരീടത്തിന്‍റെ സന്തോഷത്തിലേക്ക് ഒരു ജയം മാത്രമകലെയാണ് കേരളം. ഗോൾമഴ കണ്ട ആദ്യ സെമിയിൽ കർണാടകത്തെ മൂന്നിനെതിരെ 7 ഗോളിന് കേരളം തകർത്തു. പകരക്കാരനായി ഇറങ്ങിയ ജസിൻ അഞ്ച് ഗോൾ നേടി. പിന്നിൽ നിന്ന് പൊരുതിക്കയറിയ ശേഷമായിരുന്നു കേരളത്തിന്‍റെ ആധികാരിക ജയം. 

സുധീറിന്‍റെ ഗോളിലൂടെ കർണാടകയാണ് ആദ്യം മുന്നിലെത്തിയത്. അപകടം മണത്ത കോച്ച് ബിനോ ജോർജ് ആദ്യപകുതിയിൽ തന്നെ സൂപ്പർസബ് ജസിനെ കളത്തിലിറക്കിയതോടെ കളി മാറി. പത്ത് മിനുറ്റിനുള്ളിൽ ജസിന് ഹാട്രിക് പൂർത്തിയാക്കാനായി. രണ്ടാം പകുതിയിലും നിറഞ്ഞു കളിച്ച ജസിൻ രണ്ട് വട്ടം കൂടി വലകുലുക്കി. ഒരു സന്തോഷ് ട്രോഫി മത്സരത്തിൽ 5 ഗോൾ നേടിയ എൻ.ജെ.ജോസിന്‍റെ റെക്കോർഡിന് ഒപ്പമെത്തി ജസിൻ. ഷിഗിലും അർജുനും കേരളത്തിന്‍റെ സ്കോർ കാർഡിൽ ഇടംപിടിച്ചു. രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി നേടിയെങ്കിലും കേരളത്തിന്‍റെ പതിനഞ്ചാം ഫൈനൽ പ്രവേശം തടയാൻ കർണാടകയ്ക്കായില്ല.

Santosh Trophy : നേര്‍ക്കുനേര്‍ വരുന്നത് ഉറ്റ ചങ്ങാതിമാര്‍; ബിനോ ജോര്‍ജിന്റേയും ബിബി തോമസിന്റേയും കഥയിങ്ങനെ

click me!