മെസിയുടേയും ക്രിസ്റ്റിയാനോനുടേയും പേരില്‍ വാക്കുതകര്‍ക്കം; മോര്‍ഗനും ലിനേക്കറും നേര്‍ക്കുനേര്‍

By Web TeamFirst Published Dec 5, 2022, 2:21 PM IST
Highlights

റോണാള്‍ഡോ ഭ്രമത്തില്‍ നിന്ന് പുറത്തുവന്ന് നിലപാട് വ്യക്തമാക്കുന്നത് നല്ല കാര്യമെന്ന് ലിനേക്കര്‍. പിന്നാലെ ലിനേക്കറുടെ ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ധരിച്ച് മോര്‍ഗന്റെ വിമര്‍ശനം.

ദോഹ: ട്വിറ്ററില്‍ ഇതിഹാസ താരങ്ങളായ ലിയോണല്‍ മെസിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കുമായി വാക്‌പോര്. മാധ്യമ പ്രവര്‍ത്തകനായ പിയേഴ്‌സ് മോര്‍ഗനും മുന്‍ ഫുട്‌ബോളര്‍ ഗാരി ലിനേക്കറും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ അര്‍ജന്റീനയുടെ ജയത്തിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍. മത്സരത്തില്‍ അര്‍ജന്റൈന്‍ നായകന്‍ മെസിയുടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ഒരു ഗോള്‍ നേടുന്നതിനൊപ്പം ഗ്രൗണ്ട് അടക്കി ഭരിക്കാനും മെസിക്ക് സാധിച്ചു. 

പിന്നാലെ റൊണാള്‍ഡോയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍ മെസിയെ പുകഴ്ത്തി രംഗത്തെത്തി. റോണോ ക്യാംപിന്റെ പോലും കയ്യടി കിട്ടിയെന്ന അഭിമാനത്തോടെ മെസ്സി ആരാധകരുമെത്തി. പിന്നാലെ, യൂ ടേണടിച്ച് മോര്‍ഗന്‍. ബിബിസിയുടെ മെസി സ്തുതി അതിരുകടക്കുന്നെന്നും അസഹനീയമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മറുപടിയുമായെത്തിയത് ബിബിസി പാനലിലുണ്ടായിരുന്ന മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഗാരി ലിനേക്കര്‍. 

റോണാള്‍ഡോ ഭ്രമത്തില്‍ നിന്ന് പുറത്തുവന്ന് നിലപാട് വ്യക്തമാക്കുന്നത് നല്ല കാര്യമെന്ന് ലിനേക്കര്‍. പിന്നാലെ ലിനേക്കറുടെ ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ധരിച്ച് മോര്‍ഗന്റെ വിമര്‍ശനം. അതിനും അതേ ഭാഷയില്‍ ലിനേക്കറുടെ മറുപടി. അങ്ങനെ മെസ്സിയെ ചൊല്ലി അടിയും തിരിച്ചടിയുമായി രണ്ട് ഇംഗ്ലീഷുകാര്‍ നേര്‍ക്കുനേര്‍. കൗതുകത്തോടെ കണ്ട് സോഷ്യല്‍ മീഡിയയും ഫുട്‌ബോള്‍ ലോകവും. അതേസമയം, ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് മെസി. ക്രിസ്റ്റിയാനോയ്ക്ക് ആവട്ടെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ് എന്നിവരാണ് ടീമിനായി വല കുലുക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോട് തോറ്റുതുടങ്ങിയ അര്‍ജന്റീന പിന്നീട് മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളെ തോല്‍പ്പിച്ചിരുന്നു. പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ നാളെ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പില്‍ ഉറുഗ്വെ, ഘാന എന്നിവരെ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗലെത്തുന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ സൗത്ത് കൊറിയയോട് തോല്‍ക്കുകയുണ്ടായി.

ഗോളടി നിര്‍ത്താതെ ഒളിവര്‍ ജിറൂദ്; തിയറി ഒന്റിയേയും മറികടന്നു, ഫ്രഞ്ച് കുപ്പായത്തില്‍ റെക്കോര്‍ഡ്

click me!