Asianet News MalayalamAsianet News Malayalam

ഗോളടി നിര്‍ത്താതെ ഒളിവര്‍ ജിറൂദ്; തിയറി ഒന്റിയേയും മറികടന്നു, ഫ്രഞ്ച് കുപ്പായത്തില്‍ റെക്കോര്‍ഡ്

ഗോള്‍ നേട്ടത്തോടെ ഒരു റെക്കോര്‍ഡും 36കാരന്റെ പേരിലായി. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് ജിറൂദ് സ്വന്തമാക്കിയത്. 52 ഗോള്‍ നേടിയ ജിറൂദ് തിയറി ഒന്റിയുടെ 51 ഗോളിന്റെ റെക്കോര്‍ഡാണ് മറികടന്നത്.

Most goal for France Olivier Giroud surpasses Thierry Henry
Author
First Published Dec 5, 2022, 11:38 AM IST

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗംഭീര ഫോമിലാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒളിവര്‍ ജിറൂദ്. ഈ ലോകകപ്പില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ അദ്ദേഹം സ്വന്തം പേരിലാക്കി. കരിം ബെന്‍സേമയക്ക് പരിക്കേറ്റപ്പോഴാണ് അദ്ദേഹത്തില്‍ പ്ലയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചത്. കിലിയന്‍ എംബാപ്പെ, ഗ്രീസ്മാന്‍ സഖ്യത്തോടൊപ്പം ഒത്തിണക്കത്തോടെ കളിക്കാനും താരത്തിന് സാധിക്കുന്നുണ്ട്. ഇന്നലെ പോളണ്ടിനെതിരെയും ജിറൂദ് ഒരു ഗോള്‍ നേടിയിരുന്നു. 

ഗോള്‍ നേട്ടത്തോടെ ഒരു റെക്കോര്‍ഡും 36കാരന്റെ പേരിലായി. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് ജിറൂദ് സ്വന്തമാക്കിയത്. 52 ഗോള്‍ നേടിയ ജിറൂദ് തിയറി ഒന്റിയുടെ 51 ഗോളിന്റെ റെക്കോര്‍ഡാണ് മറികടന്നത്. നൂറ്റിപ്പതിനേഴാം മത്സരത്തിലാണ് ജിറൂദിന്റെ നേട്ടം. 42 ഗോള്‍ നേടിയ അന്റോയ്ന്‍ ഗ്രീസ്മാനാണ് ഫ്രഞ്ച് ഗോള്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്ത്. മിഷേല്‍ പ്ലാറ്റീനി നാല്‍പ്പത്തിയൊന്നും കരീം ബെന്‍സേമ മുപ്പത്തിയേഴും ഗോള്‍ നേടിയിട്ടുണ്ട്.

പോളണ്ടിനെതിരെ രണ്ട് ഗോള്‍ നേടിയതോടെ കിലിയന്‍ എംബാപ്പെയെ തേടിയും ഒരു റെക്കോര്‍ഡെത്തി. തന്റെ രണ്ടാം ലോകകപ്പില്‍ തന്നെ ഇതിഹാസ താരങ്ങളെ പിന്നിലാക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. 24 വയസിനിടെ ഏറ്റവുമധികം ലോകകപ്പ് ഗോള്‍ നേടിയ താരമെന്ന പെലെയുടെ റെക്കോര്‍ഡ് എംബാപ്പെ സ്വന്തം പേരിലാക്കി. ഒന്നിലധികം ലോകകപ്പുകളില്‍ നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരവുമായി എംബാപ്പെ. 

ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, സിനദിന്‍ സിദാന്‍, തിയറി ഒന്റി തുടങ്ങിയവരെല്ലാം എംബാപ്പെയ്ക്ക് പിന്നിലാണ്. നാല് ലോകകപ്പുകളിലായി 16 ഗോള്‍ നേടിയ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയാണ് ഗോള്‍വേട്ടയില്‍ ഒന്നാമത്. 24 മത്സരങ്ങളാണ് ക്ലോസെ ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. എംബാപ്പെ ഈ മിന്നും ഫോം തുടര്‍ന്നാല്‍ ക്ലോസെയുടെ റെക്കോര്‍ഡ് ക്ലോസ് ചെയ്യാന്‍ അധികസമയം വേണ്ടിവരില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഖത്തറിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനാണ് എംബാപ്പെ. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്. ഇതോടെ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഒമ്പത് ആയി. കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിലെ ഒമ്പതാം ഗോള്‍ കണ്ടെത്തിയത്. നോക്കൗട്ട് റൗണ്ടില്‍ അദ്ദേഹത്തിന്റെ ആദ്യഗോള്‍ കൂടിയായിരുന്നിത്. മെസി ഒമ്പത് ഗോളടിക്കാന്‍ അഞ്ച് ലോകകപ്പുകളില്‍ 23 മത്സരങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ലോകകപ്പിലെ ഒമ്പതാം ഗോള്‍ നേടാന്‍ എംബാപ്പെയ്ക്ക് വേണ്ടിവന്നത് 11 മത്സരങ്ങള്‍ മാത്രം.

റഹീം സ്റ്റെര്‍ലിങിന്റെ വീട് ആക്രമിക്കപ്പെട്ടു; താരം നാട്ടിലേക്ക് മടങ്ങി, തിരിച്ചുവരവില്‍ വ്യക്തതയില്ല

Follow Us:
Download App:
  • android
  • ios