വമ്പന്‍മാരെ തഴഞ്ഞ് ജ്വോക്കിം ലോ; മുള്ളറും ഹമ്മല്‍സും ബോട്ടംഗും ജര്‍മന്‍ ടീമില്‍ നിന്ന് പുറത്ത്

By Web TeamFirst Published Mar 6, 2019, 3:55 PM IST
Highlights

ജര്‍മനിയുടെ ഭാവി മത്സരങ്ങള്‍ക്കുളള ടീമില്‍ ഇവരുണ്ടാകില്ലെന്ന് മൂന്നുപേരെയും അറിയച്ചതായി ലോ പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ ടീമിനെ സംബന്ധിച്ച് 2019 പുതിയ തുടക്കമാവുമെന്നും ലോ വ്യക്തമാക്കി.

ബെര്‍ലിന്‍: ലോകകപ്പ് ഫുട്ബോളിലെ നാണക്കേടില്‍ നിന്ന് കരകയറാന്‍ കടുത്ത നടപടികളുമായി ജര്‍മന്‍ ഫുട്ബോള്‍ കോച്ച് ജോക്കിം ലോ. സെര്‍ബിയക്കെതിരായ സൗഹൃദ മത്സരത്തിനും നെതര്‍ലന്‍ഡ്സിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിനുമുള്ള ജര്‍മന്‍ ടീമില്‍ നിന്ന് സീനിയര്‍ താരങ്ങളായ തോമസ് മുള്ളര്‍, മാറ്റ് ഹമ്മല്‍സ്, ജെറോം ബോട്ടെംഗ് എന്നിവരെ ലോ ഒഴിവാക്കി. ജര്‍മനിയുടെ ഭാവി മത്സരങ്ങള്‍ക്കുളള ടീമില്‍ ഇവരുണ്ടാകില്ലെന്ന് മൂന്നുപേരെയും അറിയച്ചതായി ലോ പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ ടീമിനെ സംബന്ധിച്ച് 2019 പുതിയ തുടക്കമാവുമെന്നും ലോ വ്യക്തമാക്കി.

ഭാവിയിലെ ജര്‍മന്‍ ടീമിനെക്കുിറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരങ്ങളെയും ഇവരുടെ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനെയും ധരിപ്പിക്കാനായി ലോ കഴിഞ്ഞ ദിവസം മ്യൂണിക്കിലെത്തിയിരുന്നു. ഇതിനുശേഷമാണ് മുള്ളര്‍ തീരുമാനം പ്രഖ്യാപിച്ചത്. 2014ലെ ജര്‍മനിയുടെ ലോകകപ്പ് നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് മുള്ളറും ബൊട്ടെംഗും ഹമ്മല്‍സും.

ഇരുപതാം വയസില്‍ 2010ലെ ലോകകപ്പില്‍ ജര്‍മനിക്കായി അരങ്ങേറിയ 29 കാരനായ മുള്ളര്‍ 100 മത്സരങ്ങളില്‍ നിന്ന് 38 ഗോളുകള്‍ നേടിയിട്ടുണ്ട്.ജര്‍മനിക്കായി 70 മത്സരങ്ങളില്‍ സെന്റര്‍ ബാക്കായിരുന്നു ഹമ്മല്‍സ്. ജര്‍മനിക്കായി 76 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബൊട്ടെംഗിനൊപ്പം സെന്റര്‍ ബാക്കില്‍ മികച്ച കൂട്ടുക്കെട്ടുണ്ടാക്കാനും ഹമ്മല്‍സിനായി. 2014ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായ സാമി ഖെദീരയെ കഴിഞ്ഞ വര്‍ഷം തന്നെ ലോ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

click me!