95-ാം മിനിറ്റിലെ നാടകീയ ഗോള്‍; പനാമയുടെ നെഞ്ച് തകര്‍ത്ത് ഘാന, ആവേശ വിജയം

Published : Jun 18, 2026, 07:07 AM IST
Ghana Football Team

Synopsis

2026 ഫിഫ ലോകകപ്പ് മത്സരത്തിൽ ഘാന പനാമയെ പരാജയപ്പെടുത്തി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ ഘട്ടത്തിൽ, 95-ാം മിനിറ്റിൽ കലെബ് യിറെങ്കി നേടിയ ഗോളിലാണ് ഘാനയുടെ നാടകീയ വിജയം. പുതിയ പരിശീലകൻ കാർലോസ് ക്വിറോസിന് കീഴിൽ ഘാനയ്ക്ക് ഇത് മികച്ച തുടക്കമായി.

ടൊറന്റോ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ പനാമയെ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന പനാമയെ പരാജയപ്പെടുത്തിയത്. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് 95-ാം മിനിറ്റില്‍ കലെബ് യിറെങ്കിയിലൂടെ ഘാന വിജയഗോള്‍ അടിച്ചെടുത്തത്. പുതിയ പരിശീലകന്‍ കാര്‍ലോസ് ക്വിറോസിന് കീഴില്‍ ലോകകപ്പ് ലോകവേദിയില്‍ ഘാനയ്ക്ക് മികച്ചൊരു തുടക്കമായി.

പൊരുതി നിന്ന് പനാമ; രക്ഷകനായി അതി സിഗി

മത്സരത്തിന്റെ ആദ്യ പകുതിയില്‍ പനാമയാണ് കൂടുതല്‍ ആധിപത്യം പുലര്‍ത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ പനാമയുടെ മുന്നേറ്റ താരം സിസിലിയോ വാട്ടര്‍മാന്‍ തൊടുത്ത തകര്‍പ്പന്‍ ഹാഫ് വോളി ഘാന ഗോള്‍കീപ്പര്‍ ലോറന്‍സ് അതി സിഗി അസാമാന്യ മെയ്വഴക്കത്തോടെ തട്ടിയകറ്റി. അതിനുശേഷവും പനാമ നിരന്തരം ഘാന പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. 38-ാം മിനിറ്റില്‍ അതി സിഗിയുടെ ഒരു പഞ്ച് ക്ലിയറന്‍സിന് ശേഷം ലഭിച്ച പന്ത് പനാമയുടെ സിസാര്‍ റാമോസ് അടിച്ചെങ്കിലും ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

മറുഭാഗത്ത് അന്റോയിന്‍ സെമെന്‍യോയെയും ജോര്‍ദാന്‍ അയൂവിനെയും മുന്‍നിര്‍ത്തി ഘാന പ്രത്യാക്രമണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും പനാമയുടെ കടുപ്പമേറിയ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്ക് ആദ്യ പകുതിയില്‍ കഴിഞ്ഞില്ല. ആദ്യ പകുതി 0-0 എന്ന നിലയില്‍ അവസാനിച്ചു.

ഇഞ്ചുറി ടൈമിലെ നാടകീയത

രണ്ടാം പകുതിയില്‍ ഇരു ടീമുകളും മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ഘാന ഗോള്‍കീപ്പര്‍ അതി സിഗിയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബെഞ്ചമിന്‍ അസാരെ രണ്ടാം പകുതിയില്‍ ഗ്ലൗസണിഞ്ഞു. കളി അവസാനത്തോടടുത്തതോടെ ഇരു ടീമുകളും ഗോളിനായി കടുത്ത ആക്രമണം അഴിച്ചുവിട്ടു.

ഒടുവില്‍ 94 മിനിറ്റുകള്‍ നീണ്ട നിരാശയ്ക്ക് വിരാമമിട്ട് 95-ാം മിനിറ്റില്‍ ഘാന ആരാധകര്‍ കാത്തിരുന്ന ആ നിമിഷമെത്തി. പകരക്കാരനായി ഇറങ്ങിയ ബ്രാന്‍ഡന്‍ തോമസ്-അസാന്തെ ഇടതുവശത്തുനിന്നും പന്തുമായി അതിവേഗം മുന്നേറി ബോക്‌സിലേക്ക് നല്‍കിയ കൃത്യതയാര്‍ന്ന ക്രോസ്, ബോക്‌സിനുള്ളില്‍ നിലയുറപ്പിച്ചിരുന്ന കലെബ് യിറെങ്ക്യി ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് ലക്ഷ്യമിട്ടിറങ്ങിയ പനാമയ്ക്ക് ഈ ഗോള്‍ വലിയ ആഘാതമായി മാറി. ഈ വിജയത്തോടെ ഗ്രൂപ്പ് എല്‍-ല്‍ ഇംഗ്ലണ്ടിനൊപ്പം ഘാനയും 3 പോയിന്റുമായി മുന്നിലെത്തി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇരട്ട ഗോളുമായി ഹാരി കെയ്ന്‍; ക്രൊയേഷ്യക്കെതിരെ പക തീര്‍ത്ത് ഇംഗ്ലണ്ട്, ജയം രണ്ടിനെതിരെ നാല് ഗോളിന്
പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി കോംഗോ; നിരാശപ്പെടുത്തി ക്രിസ്റ്റ്യാനോ, തുടക്കം സമനിലയോടെ