
സൂറിച്ച്: ജിയാനി ഇന്‍ഫാന്‍റീനോയെ വീണ്ടും ഫിഫ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. റുവാണ്ട തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73ാമത് ഫിഫ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇന്‍ഫാന്‍റീനോയെ വീണ്ടും ഫിഫ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. നാലുവര്‍ഷത്തേക്കാണ് ഇന്‍ഫാന്‍റീനോ വീണ്ടും ഫിഫ പ്രസിഡന്‍റാവുന്നത്. എതിരാളികള്‍ ഇല്ലാതിരുന്നതിനാല്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ഫുട്ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആക്കണമെന്ന ഇന്‍ഫാന്‍റീനോ നേരത്തെ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് തല്‍ക്കാലം മാറ്റിവെച്ചു.
2016ലാണ് സെപ് ബ്ലാറ്ററുടെ പകരക്കാരനായി ഇന്‍ഫാന്‍റീനോ ആദ്യമായി ഫിഫ പ്രസിഡന്‍റായത്. 2019ല്‍ വീണ്ടും പ്രസഡിന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 2026ല്‍ അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് വരെ ഇന്‍ഫാന്‍റിനോ പ്രസിഡന്‍റ് സ്ഥാനത്ത് തുടരും.
പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ഇത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഇന്‍ഫാന്‍റീനോ പറഞ്ഞു. എന്നെ സ്നേഹിക്കുന്നവര്‍ നിരവധിയുണ്ടെന്നറിയാം, ഇനി എന്നെ വെറുക്കുന്നുവരോടും സ്നേഹം മാത്രമെന്നും ഇന്‍ഫാന്‍റീനോ പറഞ്ഞു. 2019-2022 കാലയളവില്‍ ഫിഫയുടെ വരുമാനം റെക്കോര്‍ഡിട്ടെന്നും വരും വര്‍ഷങ്ങളിലും വന്‍ വരുമാനവര്‍ധനവാണ് ലക്ഷ്യമിടുന്നതെന്നും ഇന്‍ഫാന്‍റീനോ പറഞ്ഞു.
അടുത്ത ലോകകപ്പ് മുതല്‍ 32 ടീമുകള്‍ക്ക് പകരം 48 ടീമുകള്‍ മത്സരിക്കുന്നതും 32 ടീമുകളുട ക്ലബ്ബ് ലോകകപ്പും വരുമാനം കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത നാലു വര്‍ഷത്തിനുളള 11 ബില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് ഫിഫ ലക്ഷ്യമിടുന്നത്. ക്ലബ്ബ് ലോകകപ്പിലെ വരുമാനം കൂട്ടാതെയാണിതെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു.
കളിക്കാരുടെ ട്രാന്‍സ്ഫര്‍ സമ്പ്രദായം പുനപരിശോധിക്കുമെന്നും ട്രാന്‍സ്ഫര്‍ ഫീയുടെയും കളിക്കാരുടെ ശമ്പളത്തിന്‍റെയും കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും ഇന്‍ഫാന്‍റീനോ പറഞ്ഞു. കളിക്കാരുടെ ശരമ്പളത്തിനും ട്രാന്‍സ്ഫര്‍ ഫീക്കും പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നും അത് എങ്ങനെ നടപ്പിലാക്കുമെന്ന് ആലോചിക്കുമെന്നും ഇൻഫാന്‍റീനോ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!