ഐ ലീഗില്‍ ഗോകുലത്തിന് ത്രസിപ്പിക്കുന്ന ജയം; മറികടന്നത് മുന്‍ ചാംപ്യന്മാരെ

By Web TeamFirst Published Jan 14, 2021, 5:04 PM IST
Highlights

ആദ്യം 0-2നും പിന്നീട് 1-3നും പിറകില്‍ നിന്ന ശേഷമാണ് ഗോകുലം ജയം നേടിയത്. ആദ്യ മത്സരത്തില്‍ ഗോകുലം, ചെന്നൈ എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു.

കൊല്‍ക്കത്ത: ഐ ലീഗില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മിനര്‍വ പഞ്ചാബിനെതിരായ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ആദ്യം 0-2നും പിന്നീട് 1-3നും പിറകില്‍ നിന്ന ശേഷമാണ് ഗോകുലം ജയം നേടിയത്. ആദ്യ മത്സരത്തില്‍ ഗോകുലം, ചെന്നൈ എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു.

ഡെന്നി അന്റ്‌വിയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് ജയമൊരുക്കിയത്. ഫിലിപ് അഡ്ജാ ഒരു ഗോള്‍ നേടി. മറ്റൊന്ന് മിനര്‍വ പ്രതിരോധതാരം അന്‍വര്‍ അലിയുടെ ദാനമായിരുന്നു. മിനര്‍വയ്ക്ക് വേണ്ടി ചെഞ്ചോ ഗ്യലത്‌ഷെന്‍ ഇരട്ടഗോള്‍ നേടി. റൂബെര്‍ട്ട് നോണ്‍ഗ്രൂം മറ്റൊരു ഗോള്‍ നേടി. 18 മിനിറ്റില്‍ ചെഞ്ചോയിലൂടെ മിനിര്‍വ ലീഡ് നേടി. ബന്‍വാലയയുടെ അസിസ്റ്റിലായിരുന്നു ഗോള്‍. 

ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മിനര്‍വ ലീഡെടുത്തു. ഇത്തവണയും ചെഞ്ചോയാണ് ഗോള്‍ നേടിയത്. സഞ്ജു പ്രഥാനിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഗോകുലം തിരിച്ചടിച്ചു. അന്റ്‌വിയുടെ അസിസ്റ്റില്‍ അഡ്ജാ ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ മിനര്‍വ വീണ്ടും ഒരു ഗോള്‍കൂടെ നേടി. ഇത്തവണ ചെഞ്ചോയുടെ അസിസ്റ്റില്‍ റൂബെര്‍ട്ട് ഗോള്‍ നേടുകയായിരുന്നു.

രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചായിരുന്നു ഗോകുലം.  69ാം മിനിറ്റില്‍ രണ്ടാം ഗോള്‍ തിരിച്ചടിച്ചു. അന്റ്‌വിയുടെ ഗോളിന് ദീപക് ദേവ്രാണിയാണ് അസിസ്റ്റ് നല്‍കിയത്. നാല് മിനിറ്റുകള്‍ക്ക് ശേഷം സമനില ഗോള്‍. രണ്ടാം ഗോളിന്റെ ആവര്‍ത്തനമായിരുന്നു മൂന്നാം ഗോള്‍. 79ാം മിനിറ്റില്‍ അന്‍വറിന്റെ സെല്‍ഫ് ഗോള്‍ ഗോകുലത്തിന്റെ വിജയമുറപ്പിച്ചു.

click me!