ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലത്തിന്റെ വമ്പന്‍ തിരിച്ചുവരവ്

By Web TeamFirst Published Jan 15, 2020, 7:07 PM IST
Highlights

65-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കിസേക്കയുടെ പാസില്‍ നിന്ന് മാര്‍ക്കസ് ജോസഫ് ഗോകുലത്തിന്ലെ ലീഡുയര്‍ത്തി.ഇത്തവണയും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ഗോകുലത്തിന്റെ ഗോള്‍.

കൊല്‍ക്കത്ത: എവേ മത്സരത്തില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഗോകുലം കേരള എഫ് സി. ഇരുപതാം മിനിറ്റില്‍ ഹെന്‍റി കിസേക്കയിലൂടെ ഗോകുലമാണ് ആദ്യം മുന്നിലെത്തിയത്. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ പിഴവില്‍  സെബാസ്റ്റ്യന്‍ താംഗ്മുവാന്‍സാംഗിന്റെ പാസില്‍ നിന്നായിരുന്നു കിസേക്കയുടെ ഗോള്‍. എന്നാല്‍ ഗോകുലത്തിന്റെ ലീഡിന് അധികം ആയുസുണ്ടായില്ല. 27-ാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്ന് കാസിം ഐഡാര ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍ട്ടി ക്രെസ്പിയുടെ സെല്‍ഫ് ഗോള്‍ ഗോകുലത്തിന് വീണ്ടും ലീഡ് സമ്മാനിച്ചു.

65-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കിസേക്കയുടെ പാസില്‍ നിന്ന് മാര്‍ക്കസ് ജോസഫ് ഗോകുലത്തിന്ലെ ലീഡുയര്‍ത്തി.ഇത്തവണയും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ഗോകുലത്തിന്റെ ഗോള്‍. ഗോള്‍ മടക്കാനുള്ള ഈസ്റ്റ് ബംഗാള്‍ ശ്രമങ്ങള്‍  ഫലപ്രദമായി പ്രതിരോധിച്ചതോടെ ഗോകുലും എതിരാളികളുടെ മൈതാനത്ത് അവിസ്മരണീയ ജയം കുറിച്ചു.

കഴിഞ്ഞ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ ചെന്നൈ എഫ്‌സിയോട് തോറ്റതിന്റെ നിരാശ മാറ്റുന്നതായി ഗോകുലത്തിന്റെ മിന്നും ജയം. ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ജയത്തോടെ ആറ് കളികളില്‍ 10 പോയന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആറ് കളികളില്‍ എട്ട് പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ അഞ്ചാം സ്ഥാനത്തായി. ഏഴ് കളികളില്‍ 14 പോയന്റുളള മോഹന്‍ ബഗാനാണ് ഒന്നാം സ്ഥാനത്ത്.

click me!