Latest Videos

എഎഫ്സി കപ്പില്‍ ഗോകുലം കേരളയുടെ പ്രഹരം; വീണത് എടികെ മോഹന്‍ ബഗാന്, പക്ഷേ വേദനിച്ചത് ഫുട്ബോള്‍ ഫെഡറേഷന്

By Web TeamFirst Published May 19, 2022, 5:27 PM IST
Highlights

ജയം കൊണ്ടും തീര്‍ന്നില്ല. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഗോകുലത്തിന്റെ പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അന്നീസ് രംഗം വിട്ടത്.

ഐഎസ്എല്ലിന്റെ (ISL) പണക്കൊഴുപ്പ് ഇന്ത്യന്‍ ഫുട്‌ബോളിനെ പിടികൂടിയ ശേഷം ഐ ലീഗിന് (I League) രണ്ടാം സ്ഥാനമാണ്. മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമെല്ലാം (East Bengal) ഐഎസ്എല്ലിലേക്ക് കൂട്ടി ഐ ലീഗിന്റെ പകിട്ടും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കുറച്ചു. ദേശീയ ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നതിലും ഐ ലീഗ് ടീമുകള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് എഎഫ്‌സി കപ്പ് ഫുട്‌ബോളില്‍ ഐഎസ്എല്‍ വമ്പന്മാരായ എടികെ മോഹന്‍ബഗാനെ തകര്‍ത്ത് തരിപ്പണമാക്കി ഗോകുലം കേരള എഫ്‌സിയുടെ (Gokulam Kerala FC) മിന്നും വിജയം. ഐ ലീഗിനേക്കാള്‍ മുകളിലാണ് ഐഎസ്എല്‍ എന്ന വാദം നിലനില്‍ക്കുന്ന സമയത്ത്, ഇരു ലീഗിനേയും എഐഎഫ്എഫ് എങ്ങനെ കാണുന്നതെന്ന് രുജീഷ് വി രവീന്ദ്രന്‍ വിലയിരുത്തുന്നു. 

രണ്ടിനെതിരെ നാല് ഗോളിനാണ് മലബാറിയന്‍സ് ബംഗാള്‍ ടീമിനെ കെട്ടുകെട്ടിച്ചത്. ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ സാന്നിധ്യത്തിലായിരുന്നു ഗോകുലത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ജയം കൊണ്ടും തീര്‍ന്നില്ല. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഗോകുലത്തിന്റെ പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അന്നീസ് രംഗം വിട്ടത്. പ്രചരിപ്പിക്കപ്പെടുന്നത് പോലെ ഐ ലീഗ്- ഐഎസ്എല്‍ ക്ലബ്ബുകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമില്ലെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മനസ്സിലാക്കണമെന്ന് അന്നീസ് വിമര്‍മശിച്ചു. 

ഐ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന റിയല്‍ കാശ്മീരാണ് എടികെ മോഹന്‍ ബഗാനെക്കാള്‍ ഞങ്ങള്‍ക്ക് ഭീഷണിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐലീഗ് താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്നും ഇറ്റലിക്കാരനായ അന്നീസ് ആവശ്യപ്പെടുന്നു. 2023ലെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രാഥമിക സംഘത്തിലേക്ക് 41 താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ ഒരു ഐലീഗ് താരം പോലും പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. 

ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ സാന്നിധ്യത്തിലാണ് ഐഎസ്എല്‍ ടീമിനെതിരെയുള്ള വമ്പന്‍ ജയമെന്നതും ഗോകുലം കേരളയ്ക്ക് ഇരട്ടി മധുരമായി. ഫുട്‌ബോളില്‍ ഐഎസ്എല്‍ മാത്രം മതിയെന്ന തരത്തില്‍ ഐ ലീഗിനെയും മറ്റ് ടൂര്‍ണമെന്റുകളെയും നശിപ്പിക്കുന്ന നയമാണ് വര്‍ഷങ്ങളായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്തുടരുന്നത്. ഒരു കാലത്ത് ആവേശമായിരുന്ന സന്തോഷ് ട്രോഫി യുവതാരങ്ങളുടെ മത്സരം മാത്രമാക്കി പ്രാധാന്യം നഷ്ടപ്പെടുത്തി. സന്തോഷ് ട്രോഫി മത്സരങ്ങളുടെ തത്സമയ സംപ്രേഷണം പോലും ഇത്തവണ അനുവദിച്ചില്ല. 

സന്തോഷ് ട്രോഫി ഫൈനല്‍ സംപ്രേഷണത്തിന് വേണ്ടി എത്രതുക മുടക്കാനും തയ്യാറായി ഏഷ്യാനെറ്റ് ന്യൂസ് എഐഎഫ്എഫിനെ സമീപിച്ചെങ്കിലും അനുമതി കിട്ടിയിരുന്നില്ല. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലെ രാഷ്ട്രീയ അതിപ്രസരമാണ് ഈ കെടുകാര്യസ്ഥതയ്ക്ക് കാരണം. കഴിഞ്ഞ 34 വര്‍ഷത്തിനിടെ രണ്ട് പേര്‍ മാത്രമാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തെത്തിയത്. 1988 മുതല്‍ 2008 വരെ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയും അവസാനം തെരഞ്ഞെടുപ്പ് നടന്ന 2008 മുതല്‍ ഇന്നുവരെ പ്രഫുല്‍ പട്ടേലും.

എല്ലാ അനുകൂല സാഹചര്യവുമുണ്ടായിട്ടും രാജ്യത്ത് ഫുട്‌ബോളിനെ തളര്‍ത്തി 106-ാം സ്ഥാനത്തെത്തിച്ചതാണ് ഈ ഭരണാധികാരികളുടെ നേട്ടം. ഇത് തിരിച്ചറിഞ്ഞാണ് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ കഴിഞ്ഞ ദിവസം നിയോഗിച്ചതും. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് അനില്‍ ആര്‍ ദാവെയുടെ നേതൃത്വത്തിലാണ് പുതിയ സമിതി. ഉടന്‍ ഭരണം ഏറ്റെടുത്ത് പുതിയ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങാനാണ് സുപ്രീംകോടതി നിര്‍ദേശം. എഎഫ്‌സി ടൂര്‍ണമെന്റില്‍ ഗോകുലം കേരള ജയിച്ചാലും ഇല്ലെങ്കിലും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഇതില്‍ കൂടുതല്‍ നല്ല മറുപടി നല്‍കാനില്ല.

click me!