ആന്‍ഫീല്‍ഡില്‍ ചുവപ്പന്‍ വിജയഗാഥ; നാണംകെട്ട് ബാഴ്സ പുറത്ത്

By Web TeamFirst Published May 8, 2019, 7:26 AM IST
Highlights

ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കറ്റാലന്‍ ക്ലബ്ബിനെ അടിയറവ് പറയിപ്പിച്ച ലിവര്‍പൂള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശ പോരാട്ടത്തിനായി യോഗ്യത നേടുന്നത്. അസാധ്യമെന്ന് കരുതിയത് ഒരിക്കൽക്കൂടി ലിവർപൂൾ സാധ്യമാക്കി കാണിച്ചു തരികയായിരുന്നു ആന്‍ഫീല്‍ഡില്‍

ലണ്ടന്‍: ഐതിഹാസിക ജയത്തോടെ ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്‍റെ ഫൈനലിൽ. രണ്ടാംപാദ സെമിയിൽ സ്പെയിനില്‍ നിന്ന് വമ്പുമായെത്തിയ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ലിവർപൂളിന്‍റെ സ്വപ്നതുല്യ വിജയം.

ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കറ്റാലന്‍ ക്ലബ്ബിനെ അടിയറവ് പറയിപ്പിച്ച ലിവര്‍പൂള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശ പോരാട്ടത്തിനായി യോഗ്യത നേടുന്നത്. അസാധ്യമെന്ന് കരുതിയത് ഒരിക്കൽക്കൂടി ലിവർപൂൾ സാധ്യമാക്കി കാണിച്ചു തരികയായിരുന്നു ആന്‍ഫീല്‍ഡില്‍.

മത്സരം തുടങ്ങിയത് മുതല്‍ ഒരുനിമിഷം പോലും നിലയ്ക്കാത്ത ആരവമുയര്‍ത്തി ടീമിനെ പിന്തുണച്ച ആരാധകര്‍ക്ക് അവര്‍ ആഗ്രഹിച്ച സമ്മാനം ക്ലോപ്പും സംഘം ചേര്‍ന്ന് നല്‍കി. ആൻഫീൽഡിൽ ലിയോണൽ മെസി നിറം മങ്ങി തലകുനിച്ചപ്പോള്‍ ബാഴ്സലോണ കളത്തില്‍ നിശബ്ദമാവുകയായിരുന്നു.

നൗകാംപിൽ വഴങ്ങിയ മൂന്ന് ഗോളിന്‍റെ കടവുമായാണ് ലിവര്‍ സ്വന്തം മെെതാനത്ത് ഇറങ്ങിയത്. ഒപ്പം പരിക്കേറ്റ് സൂപ്പര്‍താരങ്ങളായ മുഹമ്മദ് സലായും റോബർട്ടോ ഫിർമിനോയും പുറത്തിരുന്നതോടെ ടീമിന്‍റെ ഘടനയും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ആത്മവിശ്വാസത്തിന്‍റെ കാര്യത്തില്‍ എവറസ്റ്റിനേക്കാൾ ഉയരത്തിലായിരുന്നു ബാഴ്സലോണ.

പക്ഷേ, അതെല്ലാം ഏഴാം മിനിറ്റില്‍ ചുവപ്പന്‍ പട്ടാളം അവസാനിപ്പിച്ച് കൊടുത്തു. ബാഴ്സ പ്രതിരോധത്തിന്‍റെ അബദ്ധത്തില്‍ നിന്ന് പന്ത് തട്ടിയെടുത്ത സാദിയോ മാനേ നായകന്‍ ഹെന്‍ഡേഴ്സണ് ബോക്സിനുള്ളിലേക്ക് പന്ത് നീട്ടി നല്‍കി. എന്നാല്‍, ലിവര്‍ നായകന്‍റെ ഷോട്ട് ടെര്‍ സ്റ്റീഗന്‍ തടുത്തിട്ടെങ്കിലും ഓടിയെത്തിയ ഓര്‍ഗി റീബൗണ്ട് ചെയ്ത് വന്ന പന്ത് വലയിലെത്തിച്ചു.

പിന്നീട് ആദ്യപകുതി മിന്നുന്ന രീതിയില്‍ ആതിഥേയര്‍ കളിച്ചെങ്കിലും ഗോള്‍ സ്വന്തമാക്കാനായില്ല. രണ്ടാം പകുതിയില്‍ സൂപ്പര്‍ സബ്ബ് ആയി എത്തിയ വെയ്നാൾഡമാണ് കളത്തില്‍ നിന്ന് ബാഴ്സയെ പുറത്താക്കിയത്. വെയ്നാൾഡത്തന്‍റെ ആദ്യ ഗോളിന് അവസരമൊരുക്കി കൊടുത്തത് ബാഴ്സയുടെ വിശ്വസ്തന്‍ ജോര്‍ജി ആല്‍ബ പിഴവാണ്.

ഷക്കീരിയുടെ ക്രോസില്‍ ഉയര്‍ന്ന് ചാടി വെയ്നാൾഡം മൂന്നാം ഗോളും നേടിയതിന് ശേഷമാണ് ബാഴ്സ അല്‍പ്പമെങ്കിലും ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അപ്പോഴേക്കും സമയം ഏറെ വെെകിയിരുന്നു. കറ്റാലന്‍ ടീമിനെതിരെ പൂര്‍ണമായ ആധിപത്യം ഉറപ്പിച്ചിരുന്ന ഇംഗ്ലീഷ് സംഘം അപ്രതീക്ഷ കോർണർ കിക്കിലൂടെ നിര്‍ണായകമായ നാലാം ഗോളും പേരിലെഴുതി.

ഒര്‍ഗി തന്നെയാണ് വീണ്ടും വലചലിപ്പിച്ചത്. ഇതോടെ തോല്‍വിയറിയാതെ യൂറോപ്യന്‍ തട്ടകത്തില്‍ കുതിച്ചെത്തിയ ബാഴ്സയുടെ കഥയും കഴിഞ്ഞു. 2005 ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഐതിഹാസിക തിരിച്ചുവരവും കിരീടനേട്ടവും ഓർമ്മിപ്പിച്ച് ലിവർപൂളിന് തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ഗാലറിയില്‍ മുന്‍ നായകന്‍ സ്റ്റീവന്‍ ജെറാദും ആരവമുയര്‍ത്താന്‍ എത്തിയിരുന്നു. 

click me!