
മാഡ്രിഡ്: അര്‍ജന്‍റീന സൂപ്പർ താരം ലിയോണൽ മെസിക്ക് ഇന്ന് 35ആം പിറന്നാൾ. ലോകകപ്പ് വർഷത്തിൽ അർജന്‍റീന ആരാധകരും പിറന്നാൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. പ്രായമേറുംതോറും വീര്യംകൂടുകയാണ് ലിയോണൽ മെസ്സിക്ക്. അർജന്‍റീന കുപ്പായത്തിൽ കൈവിട്ട കിരീടങ്ങൾക്ക് ഓരോന്നായി പകരം നൽകുന്ന കാലം.
കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ കലാശപ്പോരിൽ മാറക്കാനയുടെ മണ്ണിൽ വീഴ്ത്തിയാണ് മെസി ആദ്യം കണ്ണീർ തുടച്ചത്. ലോകകപ്പിലും മൂന്ന് കോപ്പ അമേരിക്കയിലുമായി 4 ഫൈനലുകളിൽ കിരീടം കൈവിട്ട ശേഷമുള്ള തിരിച്ചുവരവ്. ലാറ്റിനമേരിക്കൻ ടീമുകളേക്കാൾ കരുത്ത് യൂറോപ്പിനെന്ന ചർച്ചകൾക്കിടെ യൂറോ ചാംപ്യന്മാരായ ഇറ്റലിയെ ഈ വർഷം ഫൈനലിസിമയിലും മെസ്സിപ്പട വീഴ്ത്തി.
ഇനി ലക്ഷ്യം ഖത്തറിലേക്ക്. മറ്റൊരു ലോകകപ്പിലേക്ക് കൂടി അർജന്‍റീന ടീം കണ്ണുവയ്ക്കുമ്പോൾ പ്രതീക്ഷകളുടെ ഭാരം ഇത്തവണയും മെസിയുടെ ചുമലില്‍ തന്നെയാണ്. മുപ്പത്തിയഞ്ചാം വയസ്സിലും നിർത്താത്ത ഗോൾവേട്ട. ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജിയിലെത്തിയ മെസിക്ക് പക്ഷെ ആദ്യ സീസൺ സമ്മാനിച്ചത് നിരാശയായിരുന്നു. ചാംപ്യന്‍സ് ലീഗ് കിരീടമെന്ന പി എസ് ജിയുടെ സ്വപ്നം സഫലമായില്ല.
പക്ഷെ എംബപ്പെയും നെയ്മറും മെസിയും ചേരുന്ന സംഘം ചാംപ്യൻസ് ലീഗ് കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. അവധിയാഘോഷത്തിനായി ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം സ്പെയിനിലാണ് മെസ്സി ഇപ്പോൾ. ലോകമെങ്ങുമുള്ള മെസ്സി ആരാധകർ സാമൂഹികമാധ്യമങ്ങളിൽ ആശംസകളായും വീഡിയോകൾ പുറത്തിറക്കിയും പിറന്നാൾ ആഘോഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!