ചെല്‍സിയിലെ നിരാശ ലുകാകുവിന് മറക്കണം; ബെല്‍ജയിന്‍ താരം ഇന്റര്‍ മിലാനില്‍ തിരിച്ചെത്തി

By Web TeamFirst Published Jun 23, 2022, 11:38 AM IST
Highlights

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തായ ചെല്‍സിക്കായി 15 ഗോളുകള്‍ മാത്രമാണ് ലുക്കാക്കുവിന് നേടാനായത്. കോച്ച് തോമസ് ടുഷേലുമായുള്ള ബന്ധം വഷളായതും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞും ലുക്കാക്കു വിവാദത്തിലായി.

ലണ്ടന്‍: ചെല്‍സി താരം റൊമേലു ലുക്കാക്കു ഇന്റര്‍മിലാനിലേക്ക്. ലോണ്‍ അടിസ്ഥാനത്തില്‍ അടുത്ത സീസണില്‍ ഇറ്റലിയില്‍ കളിക്കും. ഇന്റര്‍മിലാന് സെരി എ കിരീടം സമ്മാനിച്ചാണ് റൊമേലു ലുക്കാക്കു ചെല്‍സിയിലെത്തിയത്. കൈമാറ്റത്തുകയില്‍ ക്ലബ്ബ് റെക്കോര്‍ഡ് മറികടന്നെങ്കിലും ഇംഗ്ലണ്ടിലേക്കുള്ള മടക്കത്തില്‍ പക്ഷേ കളിക്കളത്തിലും പുറത്തും നിരാശ. ദേശീയ ടീമിലെ ഗോളടിവീരന്‍ ചെല്‍സിയില്‍ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തായ ചെല്‍സിക്കായി 15 ഗോളുകള്‍ മാത്രമാണ് ലുക്കാക്കുവിന് നേടാനായത്. കോച്ച് തോമസ് ടുഷേലുമായുള്ള ബന്ധം വഷളായതും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞും ലുക്കാക്കു വിവാദത്തിലായി. സെരിഎ കിരീടം ഒരു പോയിന്റ് നഷ്ടപ്പെട്ടതോടെയാണ് ടീം ഉടച്ചുവാര്‍ക്കാന്‍ ഇന്ററും മുന്നിട്ടിറങ്ങിയത്. 8.4 ദശലക്ഷം ഡോളറാണ് ലുക്കാക്കുവിനായി ഇന്റര്‍ നല്‍കിയത്.

ശമ്പളം വെട്ടിക്കുറച്ചാണ് ഇഷ്ടടീമിലേക്ക് ബെല്‍ജിയന്‍ താരത്തിന്റെ മടക്കം. 29കാരനായ റൊമേലു ലുക്കാക്കു 2019-21 സീസണുകളില്‍ ഇന്ററിനായി 72 മത്സരങ്ങളില്‍ 47 ഗോളുകള്‍ നേടിയിരുന്നു.

ലിവര്‍പൂള്‍ താരം സാദിയോ മാനെ കഴിഞ്ഞ ദിവസം ബയേണ്‍ മ്യൂനിച്ചിലെത്തിയിരുന്നു.  മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 43 ദശലക്ഷം ഡോളറിനാണ് മാനെ പ്രീമിയര്‍ ലീഗില്‍ നിന്ന് ബുണ്ടസ്‌ലീഗയിലെത്തുന്നത്. ടീമിനായി ചെയ്ത സേവനങ്ങള്‍ക്ക് സാദിയോ മാനെയ്ക്ക് ലിവര്‍പൂള്‍ (ഘശ്‌ലൃുീീഹ) നന്ദിയറിയിച്ചു.

ആന്‍ഫീല്‍ഡില്‍ നേടാവുന്നതെല്ലാം നേടിയ സാദിയോ മാനെ ഇനി അലയന്‍സ് അരീനയുടെ നെടുന്തൂണ്‍. 2025 വരെയാണ് 30കാരനായ സാദിയോ മാനെയുടെ കരാര്‍. 2016ല്‍ ലിവര്‍പൂളിന്റെ ചെങ്കുപ്പായത്തിലെത്തിയ സാദിയോ മാനെ മുഹമ്മദ് സലായ്ക്കും റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം ഗോളടിച്ച് കൂട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലിവര്‍പൂളിന്റെ സുവര്‍ണ കാലഘട്ടം.

ചാംപ്യന്‍സ് ലീഗും യുവേഫ സൂപ്പര്‍കപ്പും, ഫിഫ ക്ലബ്ബ് ലോകകപ്പും 2019ല്‍ സ്വന്തമാക്കി. 2020ല്‍ ടീമിനെ ആദ്യ പ്രീമിയര്‍ലീഗ് കിരീടത്തിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ ഇഎഫ്എല്‍ കപ്പും എഫ്എ കപ്പും ലിവര്‍പൂളിനൊപ്പം നേടിയ സാദിയോ മാനെ ടീമിനെ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും നിര്‍ണായകമായി. പ്രീമിയര്‍ലീഗിലും ലിവര്‍പൂളായിരുന്നു റണ്ണേഴ്‌സ് അപ്പ്. 269 കളിയില്‍ 120 ഗോളുകളാണ് ലിവര്‍പൂളിനായി സാദിയോ മാനെ നേടിയത്.

click me!