
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാവുകയാണ് തന്റെ ലക്ഷ്യമെന്ന് ഹാരി കെയ്ന്‍. നിലവില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ടോട്ടനം നായകന്‍. നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ ഇരട്ടഗോളോടെയാണ് ഹാരി കെയ്ന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഗോള്‍വേട്ടക്കരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. 187 ഗോളുമായി ആന്‍ഡി കോളിനൊപ്പമാണ് കെയ്ന്‍ മൂന്നാം സ്ഥാനത്തുള്ളത്. വെയ്ന്‍ റൂണിയെ മറികടക്കലാണ് അടുത്ത ലക്ഷ്യം.
208 ഗോളുമായാണ് റൂണി രണ്ടാം സ്ഥാനത്തുള്ളത്. ഹാരി കെയ്‌ന്റെ ഉന്നം അലന്‍ ഷിയററുടെ ഒന്നാം സ്ഥാനം. ന്യൂകാസില്‍ യുണൈറ്റഡ് ഇതിഹാസമായ ഷിയറര്‍ 260 ഗോളുമായാണ് ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഷിയററുടെ റെക്കോര്‍ഡിലേക്ക് ദൂരമേറെയുണ്ടെങ്കിലും തനിക്ക് ഈ കടമ്പ മറികടക്കാന്‍ കഴിയുമെന്ന് ഇരുപത്തിയൊന്‍പതുകാരനായ ഹാരി കെയ്ന്‍ വിശ്വസിക്കുന്നു. പ്രീമിയര്‍ ലീഗില്‍ ഒറ്റക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതാരവും കെയ്‌നാണ്.
തിരിച്ചെത്തിയല്ലോ, ഒടുവില്‍ കോലിയെക്കുറിച്ച് നല്ലവാക്കുകളുമായി കപില്‍ ദേവ്
184 ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോയുടെ റെക്കോര്‍ഡാണ് കെയ്ന്‍ മറികടന്നത്. ഈ സീസണില്‍ കെയ്ന്‍ നാല് കളിയില്‍ നാല് ഗോള്‍ സ്വന്തം പേരിനൊപ്പം കുറിച്ചുകഴിഞ്ഞു.
ചെല്‍സി ഇന്നിറങ്ങും
അതേസമയം, പ്രീമിയര്‍ ലീഗില്‍ ജയം തുടരാന്‍ ചെല്‍സി അഞ്ചാം റൗണ്ട് മത്സരത്തിന് ഇന്നിറങ്ങും. രാത്രി പന്ത്രണ്ടേകാലിന് തുടങ്ങുന്ന കളിയില്‍ സതാംപ്റ്റണാണ് എതിരാളികള്‍. അവസാന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച ചെല്‍സി നിലവില്‍ ലീഗില്‍ ആറാം സ്ഥാനത്താണ്. സതാംപ്റ്റണ്‍ അവസാന മത്സരത്തില്‍ യുണൈറ്റഡിനോട് തോറ്റിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരം നാളെയാണ്. രാത്രി 12 മണിക്ക് നോട്ടിംഗ്ഹാം ഫോറെസ്റ്റിനെ നേരിടും. വെള്ളിയാഴ്ച്ച ലെസ്റ്റര്‍ സിറ്റി- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്ലാമര്‍ പോരുമുണ്ട്. നാളെ ലിവര്‍പൂള്‍, ന്യൂകാസിലിനെ നേരിടും.