ലാ ലിഗ മത്സരക്രമം പുറത്ത്, സീസണ്‍ 13ന് ആരംഭിക്കും; എല്‍ ക്ലാസികോയുടെ സമയമറിയാം

By Web TeamFirst Published Sep 1, 2020, 11:02 AM IST
Highlights

ലിയോണല്‍ മെസി ഇല്ലാത്ത ലാ ലിഗ ആയിരിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. താരം ഇതുവരെ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിട്ടില്ല.

മാഡ്രിഡ്: പുതിയ സീസണിലെ ലാ ലിഗ സീസണ്‍ ഈമാസം 13 ആരംഭിക്കും. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ തന്നെയാണ് മത്സരങ്ങള്‍ നടക്കുകയന്ന് ലാ ലിഗ അധികൃതര്‍ അറിയിച്ചു. ലിയോണല്‍ മെസി ഇല്ലാത്ത ലാ ലിഗ ആയിരിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. താരം ഇതുവരെ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ വരും സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറുമെന്ന വാര്‍ത്തകളും ശക്തമാണ്.

ഇതിനിടെയാണ് മത്സരക്രമങ്ങള്‍ പുറത്തുവിട്ടത്. സെപ്റ്റംബര്‍ 13ന് നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ആദ്യ മത്സരത്തില്‍ ഗെറ്റഫെയെ ആകും നേരിടുക. ബാഴ്‌സലോണ തങ്ങളുടെ ആദ്യ മത്സരത്തില്‍ പ്രൊമോഷന്‍ തേടി എത്തുന്ന എല്‍ഷെ എഫ്‌സിയെ നേരിടും. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ മത്സരം യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യക്ക് എതിരെയാണ്.

ഒക്‌റ്റോബര്‍ 25നാണ് ആദ്യ എല്‍ ക്ലാസിക്കോ മത്സരം. ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ ക്യാംപ് നൂവില്‍ റയല്‍ മാഡ്രിഡ് സന്ദര്‍ശകരായെത്തും. റയലിന്റെ ഹോമില്‍ വെച്ച് നടക്കുന്ന രണ്ടാം എല്‍ ക്ലാസികോ ഏപ്രില്‍ 11ന് നടക്കും. ഡിസംബര്‍ 13ന് നടക്കുന്ന ആദ്യ മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. മാര്‍ച്ച് ഏഴിന് രണ്ടാം പാദമത്സരവും നടക്കും. 

എല്‍ ക്ലാസികോ

ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് (ഒക്‌റ്റോബര്‍ 25)
റയല്‍ മാഡ്രിഡ്- ബാഴ്‌സലോണ (ഏപ്രില്‍ 11)

മാഡ്രിഡ് ഡര്‍ബി


റയല്‍ മാഡ്രിഡ്- അത്‌ലറ്റികോ മാഡ്രിഡ് (ഡിസംബര്‍ 13)
അത്‌ലറ്റികോ മാഡ്രിഡ്- റയല്‍ മാഡ്രിഡ് (മാര്‍ച്ച് 7)

click me!