
ഫറ്റോര്‍ഡ: കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ടീമിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാനിയായിരുന്ന ഒരാള്‍, ഗോവയിലെ കലാശപ്പോരില്‍ തിരാളികള്‍ക്കൊപ്പമാണ്. ഹൈദരാബാദ് (Hyderabad FC) ടീം സഹ ഉടമ വരുണ്‍ ത്രിപുരാനേനി. സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയത് വരുണ്‍ ആയിരുന്നു. 2014ലെ പ്രഥമ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജര്‍ ആയിരുന്നു ആന്ധ്രക്കാരനായ വരുണ്‍ ത്രിപുരാനേനി.
ചെന്നൈയിന്‍ എഫ്‌സിയിലേക്ക് പോയശേഷമുള്ള തിരിച്ചുവരവില്‍ 2017ല്‍ ബ്ലാസ്റ്റേഴ്‌സ് സിഇഒയുമായി. രണ്ട് വര്‍ഷത്തിനുശേഷം ഹൈദരാബാദ് എഫ്‌സിയുടെ ഉടമകളിലൊരാളായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്‍നിരയിലേക്ക്. മൂന്നാം സീസണില്‍ തന്നെ ഹൈദരാബാദ് കിരീടത്തിനരികെ എത്തിയതിന്റെ ആവേശത്തിലാണ് വരുണ്‍. ബ്ലാസ്റ്റേഴ്‌സ് സിഇഒ ആയിരുന്നപ്പോള്‍ ടീമിലെത്തിച്ച സഹല്‍ അബ്ദുള്‍ സമദിന്റെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്നും വരുണ്‍ പറഞ്ഞു.
അതേസമയം മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആശങ്കയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. സഹലും അഡ്രിയാന്‍ ലൂണയും പരിക്കിന്റെ പിടിയിലാണ്. ഇരുവരും കളിക്കുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സഹല്‍ ഫിറ്റാണെന്നും ഇന്നലെ പരിശീലനം ആരംഭിച്ചെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പം തുടരുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.
ഇരുവര്‍ക്കും ആദ്യഇലവനില്‍ സ്ഥാനം പിടിക്കുമോ എന്ന് കണ്ടറിയണം. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. അതേസമയം, ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം.
എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. ഫൈനലിന്റെ ടിക്കറ്റിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു മഞ്ഞപ്പട ആരാധകര്‍ തമ്മില്‍. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്‍പനയ്ക്ക് വച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!