
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള പോരാട്ടത്തിന് നിയന്ത്രിക്കാന്‍ സ്ലാവ്കോ വിന്‍സിച്ചിനെ നിയമിച്ചത് ഫുട്‌ബോള്‍ ലോകത്ത് വലിയ ആവേശമായിരുന്നു. സഹപ്രവര്‍ത്തകരുടെ അഭിനന്ദനങ്ങള്‍ക്കിടയില്‍ ലോകകപ്പ് ഫൈനലിന്റെ റഫറി ജഴ്‌സി അഭിമാനത്തോടെ ഏറ്റുവാങ്ങുമ്പോഴും, തന്റെ കരിയര്‍ തകര്‍ച്ചയുടെ വക്കിലെത്തിയ ഒരു കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നുണ്ടാകാം. 2020-ല്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയില്‍ നടന്ന ഒരു പോലീസ് റെയ്ഡില്‍ ഉള്‍പ്പെട്ടത് വിന്‍സിച്ചിന്റെ കരിയറിന് വലിയ തിരിച്ചടിയായിരുന്നു.
ബോസ്‌നിയന്‍ നഗരമായ ബിജെലിനയില്‍ ഒരു ബിസിനസ് മീറ്റിംഗിനായി എത്തിയതായിരുന്നു വിന്‍സിച്ച്. അവിടെ ഒരു ബിസിനസ് ലഞ്ചിനായി അദ്ദേഹം ക്ഷണിക്കപ്പെട്ടെങ്കിലും, അത് ചെന്നുചാടിയത് വന്‍ വിവാദത്തിലേക്കായിരുന്നു. പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സെക്‌സ് റാക്കറ്റിന്റെ തലവനെന്ന് ആരോപിക്കപ്പെടുന്ന ടിജാന മാക്‌സിമോവിച്ചിനൊപ്പം വിന്‍സിച്ച് അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പത് സ്ത്രീകളും 26 പുരുഷന്മാരും അടക്കം പിടിയിലായ സംഘത്തില്‍ നിന്ന് കൊക്കെയ്ന്‍ പാക്കറ്റുകള്‍, തോക്കുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, 10,000 യൂറോയിലേറെ പണം എന്നിവ കണ്ടെത്തിയിരുന്നു.
പിന്നീട് മാക്‌സിമോവിച്ച് കുറ്റസമ്മതം നടത്തുകയും ഒരു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവങ്ങളില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വിന്‍സിച്ച് ആവര്‍ത്തിച്ചു വ്യക്തമാക്കി. 'ഒരു ബിസിനസ് ആവശ്യത്തിനായാണ് ഞാന്‍ അവിടെ പോയത്. ഉച്ചഭക്ഷണത്തിനായുള്ള ക്ഷണം സ്വീകരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി മാറി. അപ്രതീക്ഷിതമായാണ് പോലീസ് എത്തിയത്.' സ്ലൊവേനിയന്‍ മാധ്യമമായ 'വെസറി'നോട് അദ്ദേഹം പറഞ്ഞു.
താന്‍ അവിടെ വെറും സാക്ഷി മാത്രമായിരുന്നുവെന്നും, അന്വേഷണത്തില്‍ തെറ്റുകാരനല്ലെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് തന്നെ വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ലൊവേനിയന്‍ ഫുട്‌ബോള്‍ റഫറി അസോസിയേഷനും വിന്‍സിച്ചിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 'തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് എത്തിയതാണ് വിന്‍സിച്ചിന് വിനയായത്.' അസോസിയേഷന്‍ പ്രസിഡന്റ് വ്‌ലാഡോ സജ്ന്‍ അന്ന് വ്യക്തമാക്കിയിരുന്നു. വിവാദങ്ങളെ അതിജീവിച്ച് കരുത്തോടെ തിരികെയെത്തിയ വിന്‍സിച്ച്, ഇത്തവണ ലോകകപ്പില്‍ നാലാം തവണയാണ് മത്സരം നിയന്ത്രിക്കാനിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!