
സൂറിച്ച്: ഖത്തര്‍ ലോകകപ്പിന് ശേഷമുള്ള ഫിഫയുടെ റാങ്കിംഗ് പട്ടിക നാളെ ഔദ്യോഗികമായി പുറത്തിറങ്ങും. ബ്രസീലാണ് റാങ്കിംഗിൽ മുന്നിൽ. ആരാധകർ തമ്മിൽ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോഴെ തർക്കം തുടങ്ങിക്കഴിഞ്ഞു.
അർജന്‍റീന ലോക ചാമ്പ്യന്മാരായിട്ടും ബ്രസീലാണ് ഫിഫ റാങ്കിംഗിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. നാളെ പുറത്തിറങ്ങുന്ന പട്ടികയിലും ഒന്നാം സ്ഥാനം കാനറികൾ വിട്ടുകൊടുക്കില്ല. ചാമ്പ്യന്മാരാകുമ്പോൾ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം കൈയ്യകലെയുണ്ടായിരുന്നെങ്കിലും ഷൂട്ടൗട്ട് വരെയെത്തിയ മത്സരങ്ങളും സൗദിക്കെതിരായ തോൽവിയുമാണ് അർജന്‍റീനയ്ക്ക് വിലങ്ങുതടിയായത്. ലോകകപ്പ് നോക്കൗട്ടിലെ ജയത്തിനാണ് ഫിഫ റാങ്കിംഗിൽ ഏറ്റവുമധികം പോയിന്‍റ്, 60. പക്ഷേ ഷൂട്ടൗട്ടിലാണ് ജയമെങ്കിൽ ഇത് ലഭിക്കില്ല.
നെതർലൻഡ്‌സിനെതിരെ ക്വാർട്ടറിലും ഫ്രാൻസിനെതിരെ ഫൈനലിലും മത്സരം ഷൂട്ടൗട്ടിലെത്തിയതോടെ നിർണായക പോയിന്‍റുകൾ അർജന്‍റീനയ്ക്ക് നഷ്ടമായി. റാങ്കിംഗിൽ ഏറെ പിന്നിലുള്ള സൗദിയോട് തോറ്റതോടെ ജയിച്ചാൽ കിട്ടേണ്ടിയിരുന്ന 11 പോയിന്‍റിന് പകരം 39 പോയിന്‍റുകൾ നഷ്ടമായി. ഫ്രാൻസോ അർജന്‍റീനയോ 120 മിനുറ്റിനുള്ളിൽ ഫൈനലിൽ ജയിച്ചിരുന്നുവെങ്കിൽ ലോക ചാമ്പ്യൻ പട്ടത്തോടൊപ്പം ഒന്നാം സ്ഥാനവും കിട്ടിയേനെ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മിന്നും പ്രകടനത്തോടെ പോയിന്‍റ് പട്ടികയിൽ ബഹുദൂരം മുന്നിലുള്ള ബ്രസീൽ ഉടനെയൊന്നും താഴെയിറങ്ങില്ലെന്ന് ഉറപ്പ്.
റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തുന്ന അർജന്‍റീന രണ്ടാമതും ഫ്രാൻസ് മൂന്നാം സ്ഥാനത്തുമെത്തും. ബെൽജിയം, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ ടീമുകളാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകൾ. പതിനൊന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ മൊറോക്കോയും പത്തൊൻപതാം സ്ഥാനത്തുള്ള സെനഗലുമാണ് ആദ്യ ഇരുപതിലെ ആഫ്രിക്കൻ സാന്നിധ്യം. 20-ാം റാങ്കിലുള്ള ജപ്പാനാണ് ഏഷ്യൻ ടീമുകളിൽ മുന്നിൽ. ഫിഫയുടെ സൗഹൃദ മത്സരങ്ങളിലും ലോകകപ്പ് മത്സരങ്ങളിലും വ്യത്യസ്ത രീതിയിലാണ് പോയിന്‍റ് കണക്കാക്കുന്നത്. തോൽവിയറിയാത്ത 36 മത്സരത്തിന് ശേഷം മൂന്നാം റാങ്കിന്‍റെ തിളക്കവുമായാണ് അർജന്‍റീന ലോകകപ്പിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!