ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശ്വസ്തനായ മോര്‍ഗന്‍ നേരത്തെ ചെയ്തൊരു ട്വീറ്റ് വിവാദമായിരുന്നു

ലണ്ടന്‍: അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണൽ മെസിക്കെതിരെ ഒളിയമ്പുമായി വീണ്ടും ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. അര്‍ജന്‍റീനന്‍ ടീമിനെ വരവേൽക്കാന്‍ 40 ലക്ഷം ആളുകള്‍ ബ്യൂണസ് അയേഴ്‌സ് തെരുവില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഒന്നര കോടി ജനസംഖ്യയുള്ള ബ്യൂണസ് അയേഴ്‌സില്‍ ബാക്കി ആളുകള്‍ എന്തുകൊണ്ടാണ് മെസിയെ സ്വീകരിക്കാന്‍ പുറത്തിറങ്ങാതിരുന്നത്? മറഡോണയാണ് എക്കാലത്തെയും മികച്ച താരമെന്ന് കരുതിയാണോ ഒരു കോടിയിലേറെ ആളുകള്‍ വീടുകളില്‍ തന്നെ തുടര്‍ന്നതെന്നും മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശ്വസ്തനായ മോര്‍ഗന്‍ നേരത്തെ ചെയ്തൊരു ട്വീറ്റ് വിവാദമായിരുന്നു. മെസി കരയുമെന്നാണ് ലോകകപ്പ് ഫൈനലിന് മുന്‍പ് മോര്‍ഗന്‍ ട്വീറ്റ് ചെയ്‌തത്. അര്‍ജന്‍റീനയുടെ ജയത്തിന് പിന്നാലെ ടെന്നിസ് താരം ആന്‍ഡി മറേ, മോര്‍ഗനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതും വൈറലായിരുന്നു

Scroll to load tweet…

ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അർജന്റീന പിന്നീട് വൻ കുതിപ്പാണ് നടത്തിയത്. മെക്സിക്കോയെയും പോളണ്ടിനെയും തകർത്ത് ​ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ടീം പ്രീ ക്വാർട്ടറിൽ എത്തി. ഓസ്ട്രേലിയൻ വെല്ലുവിളി പ്രീ ക്വാർട്ടറിലും നെതർലാൻഡ്‌സ് ഭീഷണി ക്വാർട്ടറിലും കടന്നാണ് ടീം സെമിയിലേക്ക് കുതിച്ചത്. അവസാന നാലിൽ ക്രൊയേഷ്യയെ തകർത്ത മെസിയും കൂട്ടരും കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ തകർക്കുകയായിരുന്നു. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

ലോക കിരീടവുമായി ബ്യൂണസ് അയേഴ്‌സില്‍ പറന്നിറങ്ങിയ അര്‍ജന്‍റീന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്.

ബ്യൂണസ് അയേഴ്സില്‍ തടിച്ചുകൂടി 40 ലക്ഷം പേര്‍! ടീം ബസ് വഴിതിരിച്ചുവിട്ടു, ഒടുവില്‍ രക്ഷക്കെത്തി ഹെലികോപ്റ്റര്‍