ഒമാന്‍-ഇന്ത്യ ലോകകപ്പ് യോഗ്യത; ടിക്കറ്റ് സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടത്

By Web TeamFirst Published Nov 18, 2019, 10:33 AM IST
Highlights

സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് വാശിയേറിയ പോരിന് അരങ്ങൊരുക്കുന്നത്. എന്നാല്‍, മത്സരം  കാണുവാനുള്ള ടിക്കറ്റുകൾ  സ്പോര്‍ട്സ് കോംപ്ലക്സിൽ  നിന്ന് ലഭിക്കില്ലെന്ന്  ഒമാൻ ഫുട്ബോൾ അസോസിയേഷൻ  ഭാരവാഹികൾ അറിയിച്ചു

മസ്ക്കറ്റ്: ഖത്തറില്‍ 2022ല്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെ ഏഷ്യന്‍ മേഖല യോഗ്യത മത്സരത്തില്‍ ഇന്ത്യ നാളെ ഒമാനെ നേരിടും. സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് വാശിയേറിയ പോരിന് അരങ്ങൊരുക്കുന്നത്. എന്നാല്‍, മത്സരം  കാണുവാനുള്ള ടിക്കറ്റുകൾ  സ്പോര്‍ട്സ് കോംപ്ലക്സിൽ  നിന്ന് ലഭിക്കില്ലെന്ന്  ഒമാൻ ഫുട്ബോൾ അസോസിയേഷൻ  ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ  ഫുട്ബോൾ പ്രേമികൾ  മസ്‌ക്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നിന്ന്  മുൻകൂട്ടി ടിക്കറ്റുകൾ കരസ്ഥമാക്കണമെന്നും  നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബൗഷർ  സ്റ്റേഡിയത്തിലും പരിസരത്തും പ്രധാന റോഡുകളിലും ഗതാഗത കുരുക്കും  മറ്റും നിയന്ത്രണവിധേയമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കുള്ള  ടിക്കറ്റുകൾ ദർസെയ്റ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന് പുറമെ  അൽ മഹാ  പെട്രോൾ പമ്പുകളിൽ നിന്നും ലഭ്യമാകും. റൂവി ഹമറിയയിലെ  അൽ മഹ പെട്രോൾ  പമ്പ്, വാദി കബീർ  ഫ്രൈഡേ  മാർക്കറ്റിനു സമീപമുള്ള  അൽ മഹാ  പെട്രോൾ സ്റ്റേഷൻ,  അൽ ഗുബ്ര (പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ കെട്ടിടത്തിന് സമീപം  ഉള്ള അൽ മഹാ പെട്രോൾ സ്റ്റേഷൻ ,  അൽ ഹെയ്ൽ സൗത്ത് മെയിൻ റോഡിലുള്ള  അൽ മഹാ സ്റ്റേഷൻ  എന്നി പെട്രോൾ പമ്പുകളില്‍ നിന്നും  മത്സരം കാണുവാനുള്ള ടിക്കറ്റ് ലഭിക്കും.

ഇന്ത്യൻ ആരാധകർക്കായി  മൂവായിരം  ജനറൽ ടിക്കറ്റുകളും 300 വിഐപി ടിക്കറ്റുകളും  ആണ് അനുവദിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിനുള്ളിലേക്കുള്ള  പ്രവേശനം  ടിക്കറ്റ് മൂലം നിയന്ത്രിക്കുന്നതിനോടൊപ്പം സുരക്ഷാ കാരണങ്ങളാൽ  ഭക്ഷ്യവസ്തുക്കളോ, വാട്ടർ ബോട്ടിലുകളോ  സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കുകയില്ല . വെള്ളവും ഭക്ഷ്യവസ്തുക്കളും സ്റ്റേഡിയത്തിനുള്ളില്‍ വാങ്ങാമെന്നും അധികൃതർ  പറഞ്ഞു.

ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് ഗേറ്റ് തുറക്കും. മത്സരം ഏഴു മണിക്ക് ആരംഭിക്കും. ജനറൽ  ടിക്കറ്റിന് അഞ്ചു  ഒമാനി റിയാലും വിഐപി ടിക്കറ്റിനു പത്ത് ഒമാനി റിയലുമാണ് നിരക്ക്. ഒമാൻ ദേശിയ ടീമിന്റെ  എല്ലാ മത്സരങ്ങൾക്കും  സ്വദേശി പൗരന്മാർക്ക് പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റ്  കരസ്ഥമാക്കിയ  ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ  പ്രവേശനത്തിനായി സ്റ്റേഡിയത്തിലെ 4, 5  എന്നി ഗേറ്റുകൾ ഉപയോഗിക്കണമെന്നും  ഒമാൻ ഫുട്ബോൾ അസോസിയേഷൻ  ഭാരവാഹികൾ  അറിയിച്ചു .

click me!