
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍(Manchester United) താന്‍ സംതൃപ്‌തനെന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(Cristiano Ronaldo). മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ക്ലബിനെ സഹായിക്കാന്‍ താനെപ്പോഴും സന്നദ്ധനാണ് എന്നും റോണോ യുണൈറ്റഡിലെ അഭിമുഖത്തില്‍ പറഞ്ഞു. ഓള്‍ഡ് ട്രഫോഡില്‍(Old Trafford) തുടരും എന്ന സൂചനയാണ് സിആര്‍7 നല്‍കുന്നത്.
'എന്‍റെ കരിയറിനെ ഉയര്‍ത്തിയ ക്ലബില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോഴും ഞാനിവിടെ ഏറെ സന്തോഷവാനാണ്. ക്ലബിനായി മത്സരങ്ങളും കിരീടങ്ങളും നേടുകയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതാപത്തിലേക്ക് തിരിച്ചെത്തും. ചിലപ്പോള്‍ സമയമെടുത്തേക്കാം. എന്നാല്‍ എനിക്കിപ്പോഴും ടീമില്‍ വിശ്വാസമുണ്ട്' എന്നും റോണോ കൂട്ടിച്ചേര്‍ത്തു.
ഓള്‍ഡ് ട്രഫോഡില്‍ ഇതിഹാസ താരം മടങ്ങിയെത്തിയിട്ടും സീസണില്‍ കിരീടങ്ങളൊന്നും നേടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനും കഴിഞ്ഞില്ല. റൊണാള്‍ഡോ യുണൈറ്റഡ് വിടും എന്ന അഭ്യൂഹങ്ങള്‍ പലകുറി ഉയര്‍ന്നെങ്കിലും താരം ഇക്കാര്യം തള്ളിക്കളയുന്ന സൂചനയാണ് നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. തിരിച്ചുവരവില്‍ 24 ഗോളാണ് യുണൈറ്റഡിനായി റൊണാള്‍ഡോ നേടിയത്.
എറിക് ടെന്‍ഹാഗിന് പൂര്‍ണ പിന്തുണ
യുണൈറ്റഡിന്‍റെ പുതിയ പരിശീലകനായി നിയമിതനായ എറിക് ടെന്‍ഹാഗിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എല്ലാ പിന്തുണയും നല്‍കി. 'അയാക്‌സിനായി മികച്ച ജോലി ചെയ്‌തയാളാണ്, പരിചയസമ്പന്നനാണ് എന്ന് നമുക്കറിയാം. എന്നാല്‍ ടീമിലാവശ്യമായ മാറ്റം വരുത്താന്‍ എറിക്കിന് സമയം നല്‍കണം. അദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. എറിക്കിന്‍റെ വരവില്‍ ആകാംക്ഷയിലാണ്. അടുത്ത വര്‍ഷം കിരീടങ്ങള്‍ നേടാനാകും എന്നാണ് പ്രതീക്ഷ' എന്നും റൊണാള്‍ഡോ വ്യക്തമാക്കി.
'ഒന്നും അവസാനിച്ചിട്ടില്ല'; ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററില്‍ തുടരുമോ? വലിയ സൂചന നല്‍കി സൂപ്പര്‍താരം