ആശുപത്രി കിടക്കയില്‍ നിന്ന് ചിരിച്ചുകൊണ്ട് കസീയസിന്‍റെ ചിത്രം; ശ്വാസം വീണ് ആരാധകര്‍

By Web TeamFirst Published May 2, 2019, 11:35 AM IST
Highlights

ഐകര്‍ കസീയസ് സുഖംപ്രാപിച്ചുവരുന്നു. കസീയസിന് ഹൃദയാഘാതം എന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് ഫുട്ബോള്‍ ലോകം കേട്ടത്.

പോര്‍ട്ടോ: ബുധനാഴ്‌ച രാവിലെ പരിശീലനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട റയല്‍ മാഡ്രിഡ്- സ്‌പാനിഷ് ഇതിഹാസ ഗോളി ഐകര്‍ കസീയസ് സുഖംപ്രാപിച്ചുവരുന്നു. കസീയസിന് ഹൃദയാഘാതം എന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് ഫുട്ബോള്‍ ലോകം കേട്ടത്. സ്‌പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അപകടനില തരണം ചെയ്ത കസീയസ് ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്. എന്നാല്‍ താരത്തിന് പോര്‍ട്ടോയുടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. 

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് 24 മണിക്കൂറിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ആരാധക പിന്തുണയ്ക്ക് നന്ദിയറിയിച്ച് കസീയസ് രംഗത്തെത്തി. സന്ദേശങ്ങള്‍ക്കും സുഖാന്വേഷണങ്ങള്‍ക്കും ഏവര്‍ക്കും നന്ദിയറിയിക്കുന്നതായും കസീയസ് ഇന്‍സ്റ്റാഗ്രാമില്‍ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സഹിതം പോസ്റ്റ് ചെയ്തു. ഫുട്ബോള്‍ ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് കസീയസ് നല്‍കുന്ന വാര്‍ത്ത. 

റയലില്‍ നീണ്ട 16 വര്‍ഷത്തെ കരിയറില്‍ 725 മത്സരങ്ങള്‍ കളിച്ച കസീയസ് ക്ലബിന്‍റെ എക്കാലത്തെയും മികച്ച ഗോളിമാരില്‍ ഒരാളാണ്. റയലിനായി അഞ്ച് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് കോപ ഡെല്‍ റേ കിരീടങ്ങളും നേടിയിട്ടുള്ള കസീയസ് 2008ലും 2012ലും യൂറോ കപ്പ് നേടിയ സ്‌പാനിഷ് ടീമിലും സാന്നിധ്യമായിരുന്നു. 2010ല്‍ സ്പെയിനിനെ ആദ്യമായി ലോകചാമ്പ്യന്‍മാരാക്കിയ കസീയസ് സ്പെയിനിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(167) കളിച്ച താരവുമാണ്. 

കസീയസിന് പൂര്‍ണ പിന്തുണയറിച്ച് മുന്‍ ക്ലബ് റയല്‍ മാഡ്രിഡ് പത്രകുറിപ്പ് ഇറക്കിയിരുന്നു. ബാഴ്‌സലോണ, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ അടക്കമുള്ള മുന്‍നിര ക്ലബുകളും ലിയോണല്‍ മെസി അടക്കമുള്ള സൂപ്പര്‍ താരങ്ങളും കസീയസ് വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. റയല്‍ മാഡ്രിഡ് വിട്ടശേഷം പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ് സി പോര്‍ട്ടോക്കുവേണ്ടിയാണ് കസിയസ് കളിക്കുന്നത്. 

click me!