
ദോഹ: 2026ലെ ഫുട്ബോൾ ലോകകപ്പിന്‍റെ ഫോര്‍മാറ്റ് മാര്‍ച്ച് 23ന് പ്രഖ്യാപിക്കും. 48 ടീമുകള്‍ മത്സരിക്കുന്ന ആദ്യ ലോകകപ്പ് അമേരിക്ക, കാനഡ , മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്. മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരം നാല് ടീമുകൾ വീതമുളള 12 ഗ്രൂപ്പുകൾ എന്ന നിര്‍ദേശത്തിന് സ്വീകാര്യത കൂടുന്നതായാണ് സൂചന.
48 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ലോകകപ്പ് വരുന്നതോടെ ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുങ്ങും. ഇത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ അധികം വൈകാതെ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ് ഖത്തറിലേത് എന്ന് ഫിഫ അധ്യക്ഷന്‍ ജിയോനി ഇന്‍ഫാന്‍റിനോ പറഞ്ഞു.
ഇക്കുറി ചെറിയ ടീമെന്നോ വലിയ ടീമെന്നോ ഉളള വേര്‍തിരിവില്ല. ചരിത്രത്തിലാദ്യമായി എല്ലാ കോൺഫെഡറേഷനുകളില്‍ നിന്നും ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയതും ഫുട്ബോളിന്‍റെ ആഗോളസ്വീകാര്യതയ്ക്ക് തെളിവാണെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു. മനോഹരമായ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഇതിനകം രണ്ട് ബില്യണിലധികം ടിവി പ്രേക്ഷകരെ ലോകകപ്പിന് ആകർഷിക്കാനായി. അതിശയകരമായ അന്തരീക്ഷം, മികച്ച ഗോളുകള്‍, അവിശ്വസനീയമായ ആവേശം, ചെറിയ ടീമുകൾ വലിയ ടീമുകളെ തോൽപ്പിക്കുന്നു തുടങ്ങിയ കാരണങ്ങളെല്ലാം കൊണ്ട് ഖത്തര്‍ ലോകകപ്പ് മികവ് തെളിയിച്ചു കഴിഞ്ഞു.
ചെറിയ ടീമുകളും വലിയ ടീമുകളുമില്ല. ലെവൽ വളരെ വളരെ തുല്യമാണ്. ചരിത്രത്തിലാദ്യമായി, എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് പോകുന്നു. ഫുട്ബോൾ ശരിക്കും ആഗോളമായി മാറുകയാണെന്ന് ഇത് കാണിക്കുന്നുവെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു. ഇതിനിടെ മഴവില്‍ നിറത്തിലെ പതാകയുമായി ലോകകപ്പിനിടെ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ച യുവാവിനെ ഖത്തര്‍ പൊലീസില്‍ നിന്ന് മോചിപ്പിച്ചത് ഇന്‍ഫാന്‍റിനോ ആണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വേ മത്സരത്തിനിടയിലാണ് ക്വീര്‍ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലെ പതാകയുമായി ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി യുവാവ് പ്രതിഷേധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!